kerala

കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

By webdesk14

July 01, 2025

കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ആറ് സ്റ്റീൽ ബോംബുകളാണ് കണ്ടെത്തിയത്. കൂത്തുപറമ്പ് മാങ്ങാട്ടിടം ഓയിൽ മില്ലിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നുമാണ് ബോംബ് കണ്ടെത്തിയത്.

രഹസ്യ വിവരത്തെത്തുടർന്ന് കൂത്തുപറമ്പ് പൊലീസ് നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തുകയും ബോംബ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.

അതേസമയം കൂത്തുപറമ്പിൽ രണ്ട് സ്റ്റീൽ ബോംബുകൾ നേരത്തെ കണ്ടെത്തിയിരുന്നു. കിണറ്റിന്റവിട ആമ്പിലാട് റോഡിൽ ആളൊഴിഞ്ഞ പറമ്പിൽനിന്നാണ് ബോംബുകൾ കണ്ടെത്തിയത്. ഉഗ്രശേഷിയുള്ള ബോംബുകളാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

തലശ്ശേരി എരഞ്ഞോളിയിൽ ബോംബ് പൊട്ടി വേലായുധൻ (80) എന്ന വയോധികൻ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വർഷമായിരുന്നു സംഭവം നടന്നത്. വീടിനോട് ചേർന്നുള്ള പറമ്പിൽ തേങ്ങ പെറുക്കാൻ എത്തിയപ്പോഴായിരുന്നു സ്‌ഫോടനം. പറമ്പിൽനിന്ന് കിട്ടിയ വസ്തു ബോംബ് ആണെന്ന് അറിയാതെ തുറന്നപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു.