ലക്‌നോ: ഗുജറാത്തിലെ കഴുതകള്‍ക്ക് വേണ്ടി പ്രചാരണം നടത്തരുതെന്ന് അമിതാഭ് ബച്ചനോട് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. ബച്ചന്റെ പേരെടുത്തു പറയാതെയായിരുന്നു യു.പിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ അഖിലേഷിന്റെ നിര്‍ദേശം.
ഗുജറാത്തിലെ കഴുതകള്‍ക്കായി ഒരു പരസ്യചിത്രമുണ്ട്. എന്നാല്‍ ഗുജറാത്തിലെ കഴുതകള്‍ക്ക് വേണ്ടി പ്രചാരണം നടത്തരുതെന്നാണ് ഈ കാലഘട്ടത്തിലെ ഏറ്റവും മഹാനായ നടനോട് തന്റെ അഭ്യര്‍ത്ഥന- അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലുള്ളവർ കഴുതകൾക്കായാണ് പ്രചാരണം നടത്തുന്നത്. എന്നിട്ടാണ് ഞാൻ ശ്മശാനത്തിനുവേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് വിമർശിക്കുന്നതെന്നും അഖിലേഷ് പറഞ്ഞിരുന്നു. അമിതാഭ് ബച്ചനെയും കഴുതകളെയും കാണിക്കുന്ന ഗുജറാത്ത് ടൂറിസത്തിന്റെ പരസ്യത്തെ സൂചിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
അമിതാഭ് ബച്ചന്റെ ഭാര്യയും നടിയുമായ ജയ ബച്ചന്‍ അഖിലേഷിന്റെ സമാജ്‌വാദി പാര്‍ട്ടിയുടെ രാജ്യസഭാംഗമാണ്.