തിരുവനന്തപുരത്ത്: തിരുവനന്തപുരം പുല്ലുവിളയില്‍ തെരുവുനായയുടെ കടിയേറ്റ് ഒരാള്‍ മരിച്ചു. മത്സ്യത്തൊഴിലാളയായ ജോസ്‌ക്ലിന്‍(45) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് ജോസ്‌ക്ലിന് നായയുടെ കടയേറ്റത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നു രാവിലെയോടെ മരിച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ ഇതേ സ്ഥലത്ത് തെരുവുനായയുടെ കടിയേറ്റ് വയോധിക മരിച്ചിരുന്നു. ഏതാണ്ട് അമ്പതോളം നായകള്‍ ചേര്‍ന്ന് ജോസ്‌ക്ലിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. കടലിലേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ആസ്പത്രിയിലെത്തിക്കാന്‍ വൈകിയതും നില ഗുരുതരമാക്കി. സര്‍ക്കാറിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് പുല്ലുവിളയില്‍ കോണ്‍ഗ്രസ് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.