Connect with us

Health

കുട്ടികളെ ഉള്‍പ്പെടെ 4 പേരെ കടിച്ച തെരുവുനായ ചത്തു; നാട്ടുകാര്‍ ഭീതിയില്‍

2 കുട്ടികള്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു.

Published

on

തിരുവനന്തപുരം ബാലരാമപുരത്ത് 4 പേരെ കടിച്ച തെരുവു നായയെ ചത്തനിലയില്‍ കണ്ടെത്തി. ഇന്നലെ ബാലരാമപുരത്ത് കുഞ്ഞുങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായ പ്രദേശത്താണ് തെരുവ് നായയെ ചത്ത നിലയില്‍ കണ്ടെത്തിയത്. 2 കുട്ടികള്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. വെങ്ങാനൂര്‍ പഞ്ചായത്ത്, പുത്തന്‍കാനം എന്നീ പ്രദേശത്താണ് തെരുവുനായ ആക്രമണം ഉണ്ടായത്.

കുട്ടികള്‍ക്ക് മുഖത്താണ് കടിയേറ്റത്. ഇന്ന് രാവിലെയാണ് നായയെ ചത്ത നിലയില്‍ കണ്ടെത്തിയത്. പ്രദേശത്ത് നിന്നാണ് നായയെ ചത്ത നിലയില്‍ കണ്ടത്. കടിയേറ്റവര്‍ക്ക് ഇന്നലെ തന്നെ വാക്‌സിനുള്‍പ്പെടെ ചികിത്സ നല്‍കിയിരുന്നു. അതേസമയം, സംഭവത്തില്‍ വെങ്ങാനൂര്‍ പഞ്ചായത്ത് നടപടി തുടങ്ങിയതായി അറിയിച്ചു. പേവിഷം ഉണ്ടോ എന്ന് പരിശോധിക്കാന്‍ നായയെ കൊണ്ട് പോകുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന 3 വയസ്സുകാരിയെയാണ് തെരുവുനായ ആക്രമിച്ചത്. കുഞ്ഞിന്റെ മുഖത്ത് സാരമായ പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തെരുവുനായ്ക്കള്‍ കുഞ്ഞുങ്ങളെ ആക്രമിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഇന്നലെ നാലുവയസ്സുകാരിയെ ആക്രമിച്ച തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം അഞ്ചുതെങ്ങ് മാമ്പള്ളിയില്‍ വീട്ടമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസ്സുകാരിയെയാണ് തെരുവുനായ കടിച്ചുകീറിയത്. മുഖത്തും കഴുത്തിലും ഉള്‍പ്പടെ ഗുരുതരമായി പരിക്കേറ്റ റോസ്!ലിയ എന്ന കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കണ്ണിനുള്‍പ്പടെ കടിയേറ്റ കുട്ടിയ്ക്ക് അടിയന്തര ചികിത്സ നല്‍കിയിരുന്നു.

നായ്ക്ക് പിന്നീട് പേവിഷ ബാധ സ്ഥിരീകരിച്ചിരുന്നു. ചത്ത നായയുടെ ശരീര ഭാഗങ്ങളുടെ ശാസ്ത്രീയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. ഗുരുതര പരിക്കേറ്റ കുട്ടി ഇപ്പോഴും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സ തുടരുന്നതിനിടെയാണ് കടിച്ച നായക്ക് പേവിഷ ബാധയുണ്ടെന്ന സ്ഥിരീകരണം വരുന്നത്. സംഭവത്തിന് ശേഷം പ്രദേശത്ത് അലഞ്ഞ് തിരിഞ്ഞു നടന്ന നായ മണിക്കൂറുകള്‍ക്കകം ചത്ത് പോയിരുന്നു.

പരിശോധനക്ക് വിധേയമാക്കാതെ കുഴിച്ച് മൂടിയത് നാട്ടുകാരുടെ എതിര്‍പ്പിനും ഇടയാക്കി. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ അഞ്ചുതെങ്ങ് ഗവണ്‍മെന്റ് വെറ്ററിനറി സര്‍ജ്ജന്റെ നേതൃത്വത്തില്‍ നായയുടെ ശരീര സാമ്പിളുകള്‍ പുറത്തെടുത്ത് ശാസ്ത്രീയ പരിശോധന നടത്തിയപ്പോഴാണ് പേ വിഷ ബാധ ഉണ്ടെന്ന് ഉറപ്പിക്കുന്നത്. കുട്ടിയെ നായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ചവര്‍ ഉള്‍പ്പെടെ കുട്ടിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ പത്തോളം പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ട്. കണ്ണിന് പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരത്തെ കണ്ണാശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നല്‍കിയിരുന്നു. വാക്‌സീനും സീറവും ശേഷം പ്ലാസ്റ്റിക് സര്‍ജറിയും അടക്കം ചികിത്സാ നടപടികളുമായി ആശുപത്രി അധികൃതര്‍ മുന്നോട്ട് പോകുകയാണ്.

Health

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്.

Published

on

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്. സംസ്ഥാനത്ത് രോഗം ബാധിച്ച് ഒരുമാസത്തിനിടെ അഞ്ചു പേരാണ് മരിച്ചത്. ഈ മാസം നാലിനാണ് ശോഭനക്ക് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി മരിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് മൂന്ന് മാസം പ്രായമായ കുഞ്ഞ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണപ്പെട്ടിരുന്നു. മൂന്ന് മാസം പ്രായമായ ആണ്‍കുഞ്ഞും വേങ്ങര സ്വദേശി റംലയുമാണ് മരിച്ചത്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗം ബാധിച്ച് 10 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച മൂന്നു പേരെയും നെഗ്ലേറിയ എന്ന വിഭാഗത്തില്‍പ്പെട്ട അമീബയാണ് ബാധിച്ചതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

Health

ശ്വാസംമുട്ടലിന് നല്‍കിയ ഗുളികയില്‍ മൊട്ടുസൂചി, അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്

വിതുര താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലിന് ചികിത്സ തേടിയ മീനാങ്കല്‍ സ്വദേശി വസന്തയാണ് പരാതി നല്‍കിയത്.

Published

on

തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയില്‍ വിതരണം ചെയ്ത ഗുളികയില്‍ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതിയില്‍ വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പ്. വിതുര താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലിന് ചികിത്സ തേടിയ മീനാങ്കല്‍ സ്വദേശി വസന്തയാണ് പരാതി നല്‍കിയത്.

ശ്വാസംമുട്ടലിന് നല്‍കിയ രണ്ട് ക്യാപ്സ്യൂളില്‍ നിന്നാണ് മൊട്ടുസൂചികള്‍ കണ്ടെത്തിയതെന്ന് പൊലീസിനും ആരോഗ്യവകുപ്പിനും നല്‍കിയ പരാതിയില്‍ പറയുന്നു. ബുധനാഴ്ചയാണ് വസന്ത ആശുപത്രിയില്‍ നിന്ന് ഗുളികകള്‍ വാങ്ങിയത്. രണ്ടെണ്ണം കഴിച്ചു. അതിനു ശേഷം സംശയം തോന്നി പൊളിച്ചു നോക്കുമ്പോഴാണ് രണ്ട് ക്യാപ്സ്യൂളുകളില്‍ നിന്ന് മൊട്ടു സൂചി കണ്ടെത്തിയത്.

പരാതിയെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. നിലവില്‍ വസന്തയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. ക്യാപ്സ്യൂളിന്റെ ഗുണമേന്മ സംബന്ധിച്ച് പ്രത്യക്ഷത്തില്‍ പ്രശ്നമില്ലെന്നും മൊട്ടുസൂചി പോലെയുള്ള ചെറിയ വസ്തു ക്യാപ്സ്യൂളിനുള്ളില്‍ എങ്ങനെ വന്നുവെന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കമ്പനിയില്‍ അന്വേഷണം നടത്താനും സാംപിളുകള്‍ ശേഖരിച്ച് അന്വേഷണം നടത്താനും പ്രത്യേക സംഘത്തെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിയോഗിച്ചു.

Continue Reading

Health

സംസ്ഥാനത്ത് 19നും 25നും ഇടയിലുള്ളവരില്‍ എച്ച്‌ഐവി ബാധ കൂടുന്നു

ആകെ എച്ച്‌ഐവി പോസിറ്റിവില്‍ 15 ശതമാനം പേരും ഈ പ്രായത്തില്‍ ഉള്ളവരാണെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അറിയിച്ചു.

Published

on

സംസ്ഥാനത്ത് 19നും 25നും ഇടയിലുള്ളവരില്‍ എച്ച്‌ഐവി ബാധ കൂടുന്നതായി എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി. ലഹരി കുത്തിവയ്പ് ഉള്‍പ്പെടെ ഇതിനു കാരണമാകാമെന്നാണ് വിലയിരുത്തല്‍.

ആകെ എച്ച്‌ഐവി പോസിറ്റിവില്‍ 15 ശതമാനം പേരും ഈ പ്രായത്തില്‍ ഉള്ളവരാണെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അറിയിച്ചു. എന്നാല്‍, പരിശോധനകളുടെ എണ്ണം കൂടുന്നതനുസരിച്ച് വൈറസ് ബാധ വര്‍ധിക്കുന്നില്ല എന്നത് ആശ്വാസമാണെന്നും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി വ്യക്തമാക്കി.

ഇന്ത്യയില്‍ ഏറ്റവും കുറവ് എച്ച്‌ഐവി പോസിറ്റിവ് നിരക്ക് ഉള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സ്വവര്‍ഗാനുരാഗം വഴിയും പുരുഷന്മാര്‍ക്കിടയില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണം കൂടുന്നുണ്ടെന്നും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അറിയിച്ചു.

2019ല്‍ 1211 പേര്‍ക്കാണ് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചത്. 2024ല്‍ ഇത് 1065 ആയി കുറഞ്ഞു. ഒക്ടോബര്‍ വരെയുള്ള കണക്കാണിത്. 2023ല്‍ ഇത് 1270 ആയിരുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഏറ്റവുമധികം എച്ച്‌ഐവി ബാധ. 2024ലെ 1065 എച്ച്‌ഐവി ബാധിതരില്‍ 805 പേരും പുരുഷന്മാരാണ് എന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണക്ക് വ്യക്തമാക്കുന്നു.

Continue Reading

Trending