ഖര്‍ത്തൂം: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ മധ്യസ്ഥ ശ്രമങ്ങളുമായി എത്യോപ്യ. പ്രസിഡന്റിനെ പുറത്താക്കി ഭരണം കൈയ്യാളുന്ന സൈനിക ഭരണ സമിതിയും പ്രതിഷേധക്കാരും തമ്മിലുള്ള സംഘര്‍ഷത്തില്‍ 40 ഓളം പേരാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത്. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഇരു വിഭാഗങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ എത്യോപ്യന്‍ പ്രധാനമന്ത്രി എബി അഹമ്മദ് ഇന്നലെ ഖര്‍ത്തൂമിലെത്തി. ഭരണം കൈയ്യാളുന്ന മിലിട്ടറി കൗണ്‍സിലുമായും ട്രാന്‍സിഷനല്‍ ആര്‍മി കൗണ്‍സില്‍ അംഗങ്ങളുമായും എബി അഹമ്മദ് ചര്‍ച്ച നടത്തും.
ഏകാധിപത്യ ഭരണത്തെ അട്ടിമറിച്ച് സൈന്യം താല്‍ക്കാലികമായി അധികാരത്തിലെത്തിയെങ്കിലും സുഡാനില്‍ ജനാധിപത്യ ഭരണം ഇനിയും പുലരനായിട്ടില്ല. പതിറ്റാണ്ടുകളായി ഭരണം കൈയ്യാളിയ പ്രസിഡന്റ് ഉമര്‍ അല്‍ ബഷീറിനെ പുറത്താക്കി ഇക്കഴിഞ്ഞ ഏപ്രിലില്‍ സൈന്യം അധികാരം പിടിച്ചെടുത്തെങ്കിലും ആഭ്യന്തര കലാപം തുടരുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്ന സുഡാനില്‍ ഇന്ധനവിലക്കയറ്റത്തിനും കറന്‍സി ക്ഷാമത്തിനും പിന്നാലെ മുഖ്യ ഭക്ഷ്യവിഭവമായ ഖുബൂസിനു വില കൂട്ടുകയും ചെയ്തതോടെ ജനരോഷം അണപൊട്ടുകയായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ആരംഭിച്ച പ്രക്ഷോഭം ഏപ്രില്‍ ആദ്യവാരം കൂടുതല്‍ ശക്തമാവുകയും സൈനിക ആസ്ഥാനത്തിനു മുന്നിലേക്ക് പ്രക്ഷോഭവേദി മാറ്റുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സൈനിക അട്ടിമറിയിലൂടെ ബഷീറിനെ പുറത്താക്കിയത്.


മൂന്നു ദശകം നീണ്ട ഏകാധിപത്യത്തിനു വിരാമമിട്ട് സൈന്യം ഇടക്കാല കൗണ്‍സില്‍ രൂപീകരിക്കാനുള്ള നടപടികളും തുടങ്ങി. ജനങ്ങള്‍ക്കു ജനാധിപത്യപരമായി അധികാരം കൈമാറാന്‍ ശ്രമിക്കുന്ന സുഡാന്‍ സൈനിക കൗണ്‍സിലിന് ചില രാജ്യങ്ങള്‍ പിന്തുണയും പ്രഖ്യാപിച്ചു. ജനങ്ങളുടെ കൂടി പങ്കാളിത്തമുള്ള സംയുക്ത കൗണ്‍സില്‍ രൂപീകരിക്കാന്‍ ധാരണയായെങ്കിലും സൈനിക ഭരണ സമിതി (ട്രാന്‍സിഷനല്‍ കൗണ്‍സില്‍–ടിഎംസി) അധികാരത്തില്‍ തുടര്‍ന്നതോടെ വീണ്ടും പ്രതിഷേധം ശക്തമായി. സര്‍ക്കാര്‍ വിരുദ്ധ സമരക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാ സേന നടത്തിയ വെടിവയ്പ്പില്‍ കഴിഞ്ഞ ദിവസം 13 പേര്‍ കൊല്ലപ്പെട്ടതോടെ ആഭ്യന്തരകലാപം പിന്നെയും രൂക്ഷമാവുകയായിരുന്നു. കലാപത്തിനെതിരെ യുഎന്‍ അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തി. ജനാധിപത്യ സര്‍ക്കാരിനു വേണ്ടി നിലകൊള്ളുന്നവര്‍ക്കെതിരെ സൈനിക നടപടി ശക്തമാക്കിയതോടെ സുഡാനെ ആഫ്രിക്കന്‍ യൂണിയനില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സൈനിക ഭരണകൂടത്തിനു മേല്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് സസ്‌പെന്‍ഷന്‍. ജനാധിപത്യ ഭരണം വരുന്നതു വരെ ഇതു തുടരുമെന്ന് ആഫ്രിക്കന്‍ യൂണിയന്‍ അറിയിച്ചു.
സമാധാനപരമായ രാഷ്ട്രീയ സുസ്ഥിരത ഉറപ്പാക്കാന്‍ ആഫ്രിക്കന്‍ യൂണിയന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയനും പിന്തുണ പ്രഖ്യാപിച്ചു. വിദേശ രാജ്യങ്ങളോട് സുഡാനില്‍ ഇടപെടരുതെന്നും യൂണിയന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സൈനിക ഭരണത്തിനെതിരെ പോരാടുന്ന സുഡാന്‍ പീപ്പിള്‍സ് ലിബറേഷന്‍ മൂവ്‌മെന്റ്–നോര്‍ത്തിന്റെ ഡപ്യൂട്ടി തലവന്‍ യാസിര്‍ അര്‍മാനെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഖാര്‍ത്തൂമിലെ വീട്ടില്‍ നിന്ന് ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. രാജ്യത്ത് മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് യുഎന്‍ സെക്രട്ടറി ജനറലിന്റെ ഡെപ്യൂട്ടി വക്താവ് ഫഹാന്‍ ഹഖ് ആവശ്യപ്പെട്ടു. സംയമനം പാലിക്കണമെന്ന് സുരക്ഷാ സൈന്യത്തോട് ആവശ്യപ്പെടുകയാണ്. ഒപ്പം സര്‍ക്കാര്‍ മനുഷ്യത്വപരമായ സമീപനം പാലിക്കണം. ജനങ്ങളുടെ സ്വാതന്ത്രവും സംരക്ഷണവും ഉറപ്പാക്കേണ്ടത് സര്‍ക്കാരാണ്. ജനങ്ങള്‍ക്ക് പ്രതികരിക്കാനും ഒത്തു ചേരാനുമുള്ള അവകാശമുണ്ടെന്നും വക്താവ് ചൂണ്ടിക്കാട്ടി.