കണ്ണൂര്‍: ജോലി സമ്മര്‍ദ്ദം കാരണം കണ്ണൂര്‍ കൂത്തുപറമ്പില്‍ ബാങ്ക് മാനേജര്‍ ബാങ്കിനുള്ള തൂങ്ങി മരിച്ചു. തൃശ്ശൂര്‍ സ്വദേശി കെ കെ സ്വപ്നയാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ രാവിലെയാണ് സംഭവം. കൂത്തുപറമ്പ് തൊക്കിലങ്ങാടി കാനറ ബാങ്ക് ശാഖയില്‍ രാവിലെ എട്ട് മണിക്കെത്തിയ സ്വപ്ന എട്ടേകാലോടെ മാനേജര്‍ ക്യാബിനിനുള്ളില്‍ കയറി ആത്മഹത്യക്ക് ശ്രമിച്ചു.

ബഹളം കേട്ടെത്തിയ സഹപ്രവര്‍ത്തകര്‍ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് ബാങ്കില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ജോലിഭാരം കാരണമുള്ള മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന.

38കാരിയായ സ്വപ്ന തൃശ്ശൂര്‍ സ്വദേശിയാണ്. കൂത്തുപറമ്പില്‍ മകളുമൊത്ത് വാടക വീട്ടിലാണ് താമസം. ഭര്‍ത്താവ് നേരത്തെ മരിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ് മോര്‍ട്ടത്തിനായി മാറ്റി.