Connect with us

kerala

സുജിത് ദാസ് ഐപിഎസിനെ സസ്‌പെന്‍ഡ് ചെയ്യും; ഗുരുതര ചട്ടലംഘനം നടത്തിയെന്ന് റിപ്പോര്‍ട്ട്

വലിയ നാണക്കേടാണ് പോലീസ് സേനയ്ക്ക് ഉണ്ടാക്കിയത്.

Published

on

പത്തനംതിട്ട എസ്പി സുജിത് ദാസ് ഐപിഎസിനെതിരെ നടപടിക്ക് സാധ്യത. സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് ശുപാര്‍ശ ചെയ്തു. മലപ്പുറം മുന്‍ എസ്പിയായ സുജിത് ദാസ് ഗുരുതര ചട്ടലംഘനം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് റെയിഞ്ച് ഡിഐജി ഡിജിപിക്ക് കൈമാറി.

എസ്പി ക്യാമ്പ് ഓഫീസിലെ മരം മുറിച്ച് കടത്തിയെന്ന കേസിലെ പരാതി പിന്‍വലിച്ചാല്‍ ജീവിത കാലം മുഴുവന്‍ താന്‍ കടപ്പെട്ടിരിക്കുമെന്ന് എംഎല്‍എ പി.വി അന്‍വറിനെ ഫോണില്‍ വിളിച്ചുസംസാരിക്കുന്നതിന്റെ ഫോണ്‍ സംഭാഷണം പുറത്ത് വന്നിരുന്നു. ഇത് വലിയ നാണക്കേടാണ് പോലീസ് സേനയ്ക്ക് ഉണ്ടാക്കിയത്.

എസ്പിയുടെ ക്യാമ്പ് ഹൗസില്‍ നിന്ന് മരങ്ങള്‍ കടത്തിയെന്ന പരാതി പിന്‍വലിക്കാനാണ് സുജിത് ദാസ്, പി.വി അന്‍വര്‍ എംഎല്‍എയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഈ ആവശ്യത്തിന് വ്യക്തമായ മറുപടി നല്‍കുകയോ ഉറപ്പ് നല്‍കുകയോ ചെയ്യാതിരിക്കുന്ന എംഎല്‍എ എം.ആര്‍ അജിത് കുമാറിന്റെ ബന്ധങ്ങളെ കുറിച്ച് തിരിച്ച് ചോദിക്കുന്നുണ്ട്. പരാതി എംഎല്‍എ ഒന്ന് പിന്‍വലിച്ച് തരണമെന്നാണ് സുജിത് ദാസ് ആവശ്യപ്പെടുന്നത്. 25 വര്‍ഷത്തെ സര്‍വ്വീസ് ഉണ്ടെന്നും അത്രയും കാലം താന്‍ എംഎല്‍എയോട് കടപ്പെട്ടിരിക്കുമെന്നും സുജിത് ദാസ് സംഭാഷണത്തിനിടെ പറയുന്നു.

തന്നെ സഹോദരനെപ്പോലെ കാണണം എന്ന് കൂടി എസ്പി കൂട്ടിച്ചേര്‍ക്കുന്നു. ഇതിന് പിന്നാലെ എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ എസ്പി ഗുരുതര ആരോപണങ്ങളും ഉന്നയിച്ചു. സേനയില്‍ സര്‍വ്വശക്തനായിരുന്ന പി. വിജയനെ നശിപ്പിച്ചത് എം.ആര്‍ അജിത് കുമാര്‍ ആണ്. കേസിലുള്‍പ്പെട്ട മറുനാടന്‍ മലയാളി ചീഫ് ഷാജന്‍ സ്‌കറിയ ഒളിവിലിരിക്കെ അയാളെ രക്ഷപ്പെടുത്തിയത് അജിത് കുമാറാണെന്നും സംഭാഷണത്തില്‍ വ്യക്തമാണ്. സേനയില്‍ അജിത് കുമാര്‍ സര്‍വ്വശക്തനാണ്. കാര്യങ്ങള്‍ തീരുമാനിക്കുന്നത് എം.ആര്‍ അജിത് കുമാര്‍ ആണ്.

പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ വലംകൈയാണ് അജിത് കുമാര്‍. പൊളിറ്റിക്കല്‍ സെക്രട്ടറി പറയുന്നത് ചെയ്ത് കൊടുക്കുന്നതുകൊണ്ടാണ് അയാള്‍ക്കിത്ര ശക്തി. അജിത് കുമാറിന്റെ ഭാര്യാ സഹോദരന്മാരാണ് പണം കൈകാര്യം ചെയ്യുന്നത്. ബിസിനസ്സുകാര്‍ എല്ലാം അയാളുടെ സുഹൃത്തുക്കളാണ്. മാത്രമല്ല എന്തുകൊണ്ടാണ് മലപ്പുറം എസ്പി ശശിധരനെ സ്ഥലം മാറ്റാത്തതെന്നും സുജിത് ദാസ് ചോദിക്കുന്നു. എന്നാല്‍ താന്‍ പോലീസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടപെടാറില്ലെന്നാണ് എംഎല്‍എ മറുപടി നല്‍കിയത്.

kerala

എഡിജിപി എം ആർ അജിത്ത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

ഡിജിപി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട്  റിപ്പോർട്ടിലുളള തന്റെ കണ്ടെത്തലുകൾ ധരിപ്പിക്കും

Published

on

തിരുവനന്തപുരം: എഡിജിപി എം ആർ അജിത്ത് കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. റിപ്പോർട്ടിൽ എഡിജിപിക്കെതിരെ പരാമർശങ്ങളുണ്ടെന്നാണ് വിവരം. പിവി അൻവറിന്റെ ആരോപണങ്ങളെ കൂടാതെ എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയെ കുറിച്ചടക്കമാണ് പരാമർശമുളളത്. ഡിജിപി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട്  റിപ്പോർട്ടിലുളള തന്റെ കണ്ടെത്തലുകൾ ധരിപ്പിക്കും.

എഡിജിപിയെ ക്രമസമാധാന ചുമതലയിൽനിന്ന് മാറ്റുമെന്നാണ് സൂചന. ഇന്ന് മുഖ്യമന്ത്രി വിളിച്ച ശബരിമല അവലോകന യോ​ഗത്തിൽ അജിത്കുമാർ പങ്കെടുത്തിരുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള നിർദേശപ്രകാരമാണ് അജിത്കുമാർ പങ്കെടുക്കാതിരുന്നത്. അജിത്കുമാറിനെ മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സംസ്ഥാന എക്സിക്യൂട്ടീവിനെ അറിയിച്ചിരുന്നു.

എഡിജിപിക്കെതിരെ നടപടി വേണമെന്ന് നേരത്തെ സിപിഐയും ശക്തമായി ആവശ്യപ്പെട്ടിരുന്നു. നടപടി സ്വീകരിക്കണമെങ്കില്‍ അന്വേഷണ റിപ്പോര്‍ട്ട് വേണമെന്ന സാങ്കേതിക വാദമാണ് ഇതുവരെ മുഖ്യമന്ത്രി ഉയര്‍ത്തിയത്. പലതരം അന്വേഷണം നടക്കുന്നതിനിടെ ആര്‍എസ്എസ് കൂടിക്കാഴ്ചയിലും അന്‍വറിന്റെ പരാതികളിലുമാണ് ഇന്ന് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയത്. ഇതില്‍ അജിത് കുമാറിന് വിനയായത് ആര്‍എസ്എസ് കൂടിക്കാഴ്ചയെന്നാണ് പുറത്ത് വരുന്ന വിവരം. വന്‍ വിവാദങ്ങള്‍ക്കിടെ ഒടുവില്‍ എഡിജിപി തെറിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

Continue Reading

kerala

‘കരിപ്പൂരില്‍ പിടിക്കപ്പെടുന്ന സ്വര്‍ണക്കടത്തുകാരില്‍ 99 ശതമാനവും മുസ്‌ലിം പേരുകാര്‍’; വിവാദ പ്രസ്താവനയുമായി കെ.ടി ജലീല്‍

ഫേസ്ബുക്കിലാണ് ജലീൽ ആർഎസ്എസ് വാദം ഉയർത്തിയത്

Published

on

കോഴിക്കോട്: സംഘപരിവാർ വാദമുയർത്തി ​എൽഡിഎഫ് എംഎൽഎയായ കെ.ടി ജലീൽ. കരിപ്പൂരിൽ സ്വർണ്ണക്കടത്തിൽ പിടിക്കപ്പെടുന്നവരിൽ 99% വും മുസ്‍ലിം പേരുള്ളവരാണെന്നായിരുന്നു കെ.ടി ജലീലിന്റെ പരാമർശം. ഫേസ്ബുക്കിലാണ് ജലീൽ ആർഎസ്എസ് വാദം ഉയർത്തിയത്.

മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശം വിവാദമായതിന് പിന്നാലെ പുറത്തുവന്ന ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റും ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഒരു കമന്റിന് മറുപടിയായാണ് ജലീല്‍ ഇത്തരമൊരു വാദം ഉന്നയിച്ചത്.

‘കരിപ്പൂരില്‍ നിന്ന് സ്വര്‍ണ്ണം കടത്തി പിടിക്കപ്പെടുന്നവരില്‍ 99% വും മുസ്ലിം പേരുള്ളവരാണ്. അവരൊക്കെ ധരിച്ചു വെച്ചിരിക്കുന്നത് കള്ളക്കടത്ത് മതവിരുദ്ധമല്ല എന്നാണ്. ഹവാല ഇസ്ലാമിക വിരുദ്ധമല്ല എന്നാണ്. അത് തിരുത്തപ്പെടണം. വിശ്വാസികള്‍ക്ക് മതനിയമങ്ങള്‍ പാലിക്കാനാണ് കൂടുതല്‍ താല്‍പര്യം എന്നാണല്ലോ വെപ്പ്. എന്താ അതിനിത്ര മടി?’ എന്നായിരുന്നു ജലീലിന്റെ കമന്റ്.

Continue Reading

kerala

ഹജ്ജ് വിമാന നിരക്ക് ഏകീകരിക്കണം; ഹജ്ജ് കമ്മിറ്റി യോഗം കരിപ്പൂരില്‍ ചേര്‍ന്നു

Published

on

2025 ലെ ഹജ്ജ് യാത്രക്ക് സംസ്ഥാനത്തെ മൂന്ന് ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളിലും നേരത്തെ തന്നെ വിമാന നിരക്കുകള്‍ ഏകീകരിക്കണമെന്ന് ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് നിന്നും ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ ഇത്തവണയും അപേക്ഷിച്ചത് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ മറ്റ് രണ്ട് പുറപ്പെടല്‍ കേന്ദ്രങ്ങളിലുള്ളതിനേക്കാള്‍ വിമാന കൂലി ഇനത്തില്‍ അധികം തുക കോഴിക്കോട് നിന്നും ഈടാക്കിയത് പ്രശ്‌നം സൃഷ്ടിച്ചിരുന്നു. ടെന്‍ഡര്‍ മുഖേന ആദ്യം നിശ്ചയിച്ച തുകയില്‍ നിന്നും നിശ്ചിത ശതമാനം സംസ്ഥാന സര്‍ക്കാറിന്റെയും ഹജ്ജ് കമ്മിറ്റിയുടേയും നിരന്തര ഇടപെടലുകളിലൂടെ അധികൃതര്‍ ഭാഗികമായി കുറവ് വരുത്തിയിരുന്നു. എന്നിട്ടും കോഴിക്കോട് വലിയ വ്യത്യാസം ഉണ്ടായിരുന്നു.

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് യാത്രക്ക് ഉദ്ദേശിക്കുന്നവര്‍ക്ക് ഹജ്ജ് അപേക്ഷാ സമര്‍പ്പണം മുതല്‍ തെരഞ്ഞെടുക്കപ്പെടുന്നവരെ പണം അടക്കല്‍, പാസ്‌പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകളുടെ സമര്‍പ്പണം, വിവിധ ഘട്ടങ്ങളിലായുള്ള ട്രൈനിങ്ങ് ക്ലാസ്സുകള്‍, കുത്തിവെയ്പ്പ്, യാത്രാ തിയ്യതി അറിയിക്കല്‍, ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യല്‍, സഊദിയിലേക്കുള്ള യാത്ര, മടങ്ങിവരവ് തുടങ്ങി എല്ലാ ഘട്ടങ്ങിളും ഹാജിമാര്‍ക്കാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കുന്നതിന് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ തന്നെ വിപുലമായ ഔദ്യോഗിക ട്രൈനിങ്ങ് സംവിധാനം നിലവിലുണ്ട്.

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ട്രൈനിങ്ങ് സംവിധാനത്തെ കേന്ദ്ര ഹജ്ജ് കമ്മിറ്റിയടക്കം പ്രശംസിച്ചിട്ടുള്ളതും ഇത് മാതൃകയാക്കി മറ്റു സംസ്ഥാനങ്ങളിലും നടപ്പിലാക്കുന്നതിന് നിര്‍ദ്ദേശിച്ചിട്ടുമുള്ളതാണ്. സംസ്ഥാനത്തെ തീര്‍ത്ഥാടകരുടെ ഔദ്യോഗിക ആവശ്യ നിര്‍വ്വഹണങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ തന്നെ കുറ്റമറ്റ സംവിധാനം ഉണ്ടെന്നിരിക്കെ ഇതിനു സമാന്തരമായി പുതിയ സംവിധാനം രൂപപ്പെടുത്തുന്നത് ദുരൂഹമാണെന്ന് യോഗം നിരീക്ഷിച്ചു. വിശുദ്ധ തീര്‍ത്ഥാടനത്തിനായി പുറപ്പെടുന്നവര്‍ക്ക് നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ ഇത് പ്രയാസവും ആശയകുഴപ്പവും സൃഷ്ടിക്കും.

ഹാജിമാര്‍ക്കുള്ള സേവനത്തിലും സഹായത്തിലും ആവശ്യാനുസരണം പങ്കുചേരുന്നതിന് ഔദ്യോഗിക സംവിധാനങ്ങളിലൂടെ തന്നെ അവസരം ഉണ്ടെന്നിരിക്കെ ഇത്തരം സമാന്തര നീക്കത്തില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്മാറണമെന്ന് യാഗം ആവശ്യപ്പെട്ടു. ഹജ്ജിന് അവസരം ലഭിക്കുന്നവര്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നിന്നുള്ള ഔദ്യോഗിക അറിയിപ്പുകളും നിര്‍ദ്ദേശങ്ങളും കൃത്യമായി ശദ്ധിക്കണമെന്നും മറ്റു കേന്ദ്രങ്ങളെ അവലംബിക്കരുതെന്നും ഹാജിമാര്‍ ജാഗ്രത പാലിക്കണമെന്നും യോഗം അറിയിച്ചു.
സമാന്തര സംവിധാനത്തെ കുറിച്ച് അന്വേഷണം നടത്തുന്നതിന് ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസറും ജില്ലാ കലക്ടറുമായ വി.ആര്‍ വിനോദ് ഐ.എ.എസിനെ യോഗം ചുമലപ്പെടുത്തി.

2021 ഒക്‌ടോബര്‍ 11 ന് നിലവില്‍ വന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ അവസാന യോഗമാണ് ഇന്ന് കരിപ്പൂര്‍ ചേര്‍ന്നത്. സംസ്ഥാനത്ത് നിന്നും ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ ആശ്രയിക്കുന്ന കരിപ്പൂരില്‍ വനിതാ തീര്‍ത്ഥാടകര്‍ക്കായി വിശാലമായ പ്രത്യേക കെട്ടിടം സജ്ജമായത് ഈ കമ്മിറ്റിയുടെ കാലയളവിലാണ്.
സംസ്ഥാന ചരിത്രത്തിലാധ്യമായി കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകരെ സുഗമമായി യാത്രയാക്കാനവസരം ലഭിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തോടെയാണ് നിലവിലെ കമ്മിറ്റി കാലാവധി പൂര്‍ത്തിയാക്കുന്നത്. ഈ മാസം 12 നാണ് കമ്മിറ്റിയുടെ കാലാവധി അവസാനിക്കുക.

ഹജ്ജ് കമ്മിറ്റിയുടെ തീരുമാനങ്ങളും പദ്ധതികളും തികഞ്ഞ ഉത്സാഹത്തോടെ ഏറ്റെടുത്ത് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൊണ്ട് സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് നേതൃത്വം നല്‍കിയ ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് ഐ.എ.എസി നെയും കമ്മിറ്റി അംഗങ്ങളേയും ട്രൈനര്‍മാരേയും യോഗം പ്രത്യേകം അഭിനന്ദിച്ചു. വിശുദ്ധ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട സേവനങ്ങളില്‍ പങ്കുചേരാന്‍ അവസരം ലഭിച്ചതില്‍ കലക്ടര്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് മുന്‍ ചെയര്‍മാനും മത, സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന ടി. കെ പരീകുട്ടി ഹാജിയുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.

Continue Reading

Trending