ന്യൂഡല്‍ഹി: താജ്മഹല്‍ സംരക്ഷണ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും ഉത്തര്‍പ്രദേശ് സര്‍ക്കാരിനും സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. താജ്മഹല്‍ സംരക്ഷിക്കുന്നതിനുള്ള പദ്ധതി നാലാഴ്ചക്കകം നല്‍കണമെന്ന് സുപ്രീംകോടതി യുപി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങടങ്ങിയ രണ്ടംഗ ബഞ്ചിന്റേതാണ് ഉത്തരവ്. താജ്മഹല്‍ സംരക്ഷിക്കണമെന്നും, മലിനീകരണം തടയണമെന്നും ആവശ്യപ്പെട്ടുള്ളതാണ് ഹര്‍ജി.

താജ്മഹലുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങള്‍ നേരിടുന്നതില്‍ കേന്ദ്രസര്‍ക്കാരും ഉത്തര്‍പ്രദേശ് സര്‍ക്കാരും ഒരു പോലെ പരാജയപ്പെട്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. വിഷയത്തില്‍ കടുത്ത അതൃപ്തിയും അറിയിച്ചു. താജ്മഹല്‍ സംരക്ഷിക്കുന്നതിന് വിശദമായ പദ്ധതി നാലാഴ്ചക്കകം സമര്‍പ്പിക്കാനും ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

ഇപ്പോഴുള്ള നടപടികള്‍ കൊണ്ട് താജ്മഹലിനെ സംരക്ഷിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി അടുത്ത തലമുറകള്‍ക്ക് വേണ്ടിയും താജ്മഹല്‍ നിലനിര്‍ത്താനാവശ്യമായ പദ്ധതിയാണ് നടപ്പാക്കേണ്ടതെന്നും വ്യക്തമാക്കി.