india

ചീഫ് ജസ്റ്റിസ് യു.യു ലളിത് പടിയിറങ്ങി;ഡി.വൈ ചന്ദ്രചൂഡ് നാളെ ചുമതലയേല്‍ക്കും

By Test User

November 08, 2022

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യു. യു ലളിത് വിരമിച്ചു. രാജ്യത്തിന്റെ മുഖ്യന്യായാധിപന്റെ കസേരയില്‍ 74 ദിവസം പൂര്‍ത്തിയാക്കിയാണ് അദ്ദേഹം ഇന്നലെ പടിയിറങ്ങിയത്. ഔദ്യോഗികമായി വിരമിക്കല്‍ ഇന്നായിരുന്നെങ്കിലും ഗുരുനാനാക്ക് ജയന്തി കാരണം യാത്രയയപ്പ് ചടങ്ങ് ഇന്നലെ നടത്തുകയായിരുന്നു. ഉച്ചയ്ക്കുശേഷം ഒന്നാം നമ്പര്‍ കോടതിയില്‍ നടന്ന ചടങ്ങില്‍ നിയുക്ത ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അടക്കമുള്ളവര്‍ പങ്കെടുത്തു.

പരിപാടി തത്സമയ സംപ്രേഷണം ചെയ്തിരുന്നു. വിരമിക്കുന്നത് തികഞ്ഞ സംതൃപ്തിയോടെ ആണെന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത് പറഞ്ഞു. സുപ്രീംകോടതിയിലെ എല്ലാ ജഡ്ജിമാര്‍ക്കും ഭരണഘടനാ ബെഞ്ചിന്റെ ഭാഗമാകാന്‍ തുല്യ അവസരം ലഭിക്കണമെന്നും അതിനാല്‍ ആണ് താന്‍ ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോള്‍ പരമാവധി ഭരണഘടന ബെഞ്ച് രൂപീകരിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആഗസ്റ്റ് 27നാണ് യു.യു ലളിത് രാജ്യത്തിന്റെ 49-ാമത് ചീഫ് ജസ്റ്റിസായി അധികാരമേറ്റത്. ചെറിയ കാലയളവിനിടയിലും സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ശ്രദ്ധേയമായ പല ഇടപെടലുകളും അദ്ദേഹം നടത്തി. മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരായ യു.എ. പി.എ കേസ്, പി.എഫ് പെന്‍ഷന്‍ കേസ് അടക്കം പല സുപ്രധാന വിധികളുടെയും ഭാഗമാകുകയും ചെയ്തു. കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതിന് സുപ്രീം കോടതിയുടെ പ്രവര്‍ത്തന രീതിയില്‍ ജസ്റ്റിസ് ലളിത് കാര്യമായ മാറ്റം വരുത്തി. ഓരോ ബെഞ്ചും പ്രതിദിനം എഴുപതോളം കേസുകളാണ് പരിഗണിച്ചത്. മുന്നാക്ക സംവരണം അടക്കമുള്ള കേസുകളില്‍ തീര്‍പ്പുപറഞ്ഞാണ് യു.യു ലളിത് ഔദ്യോഗിക നിയമജീവിതത്തിന് വിരാമമിട്ടത്. പുതിയ ചീഫ് ജസ്റ്റിസായി ഡി.വൈ ചന്ദ്രചൂഡ് നാളെ ചുമതലയേല്‍ക്കും.