മലപ്പുറം: കേരളത്തില്‍ പശുവിനെ കൊല്ലാന്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി് കെ. സുരേന്ദ്രന്‍. മനോരമ ന്യൂസിന്റെ മലപ്പുറം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രത്യേക പരിപാടിയായ ‘കൊടിപ്പട’യിലാണ് കെ. സുരേന്ദ്രന്റെ പ്രകോപനപരമായ പരാമര്‍ശം.

കേരളത്തില്‍ പശുവിനെ കൊല്ലാന്‍ അനുവദിക്കില്ല. പശുവിനെ കൊല്ലാന്‍ ധൈര്യമുള്ളവരെ വെല്ലുവിളിക്കുന്നു. മലപ്പൂറത്തല്ല, കേരളത്തില്‍ എവിടെയായാലും പശുവിനെ കൊല്ലാന്‍ അനുവദിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. മലപ്പുറം സ്ഥാനാര്‍ത്ഥിയുടെ ബീഫ് പരാമര്‍ശത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ മലക്കംമറിയുന്ന സാഹചര്യത്തിലാണ് കെ.സുരേന്ദ്രന്റെ പരാമര്‍ശം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

നേരത്തെ മലപ്പുറത്ത് ഗുണനിലവാരമുള്ള ബീഫ് ലഭ്യമാക്കുമെന്ന് സ്ഥാനാര്‍ത്ഥി പറഞ്ഞിരുന്നു. ഇതിനെതിരെ ബി.ജെ.പി നേതാക്കള്‍ തന്നെ രംഗത്തെത്തിയിരുന്നു. ദേശീയ തലത്തിലും കേരളത്തിലും ബീഫ് വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് ഒന്നാണെന്നാണ് ബി.ജെ.പി നേതാക്കളുടെ വാദം. വിവാദപരാമര്‍ശത്തില്‍ സ്ഥാനാര്‍ത്ഥിയോട് ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടണ്ട്. ദേശീയതലത്തില്‍ ബൂത്തുകള്‍ തോറും ബീഫ് നല്‍കാന്‍ അമിത്ഷായും ആര്‍.എസ്.എസും തയ്യാറുണ്ടോയെന്ന് കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും ചോദിച്ചിരുന്നു.