മഹാരാജാസ് കോളജില്‍ കൊലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ വട്ടവടയിലെ വീട് സന്ദര്‍ശിച്ച ചലച്ചിത്ര നടനും ബി.ജെ.പി എം.പി സുരേഷ് ഗോപിയുടെ പെരുമാറ്റം വിവാദമാകുന്നു. അഭിമന്യുവിന്റെ വീട് സന്ദര്‍ശിക്കാന്‍ വട്ടവടയിലെത്തിയപ്പോള്‍ ചിരിച്ചു സെല്‍ഫിയെടുത്ത സുരേഷ് ഗോപിയുടെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വിവാദമാകുന്നത്.

അഭിമന്യുവിന്റെ വിട്ടിലേക്ക് ചിരിച്ച് സന്തോഷത്തോടെ നടന്നുവരുന്നതിന്റെയും ജനക്കൂട്ടത്തിനൊപ്പം സെല്‍ഫിയെടുക്കുന്നതിന്റെയും ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കൊല്ലപ്പെട്ട അഭിമന്യുവിന്റെ കുടുംബത്തെ അപമാനിക്കുകയാണ് എം.പി ചെയ്തതെന്നും വട്ടവടയില്‍ വിനോദ സഞ്ചാരത്തിനെത്തിയതല്ല എന്ന് ഓര്‍ക്കണമായിരുന്നുവെന്നും തുടങ്ങിയ വിമര്‍ശനങ്ങളാണ് സുരേഷ് ഗോപിക്കു നേരെ ഉയരുന്നത്. എം.പിയുടെ പെരുമാറ്റം നാടിന് അപമാനമായി തുടങ്ങി രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുന്നത്.

നേരത്തെ സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം അഭിമന്യുവിന്റെ വീട് സന്ദര്‍ശിച്ചതിന്റെ ഫോട്ടോകള്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ ചിന്ത സൈബറാക്രമണം നേരിട്ടിരുന്നു. വട്ടവടയിലെ അഭിമന്യുവിന്റെ വീട് സന്ദര്‍ശിച്ച് അമ്മയടക്കമുള്ളവരെ ആശ്വസിപ്പിക്കുന്നതിന്റെയും അഭിമന്യുവിന്റെ കുഴിമാടത്തിനരികെ നില്‍ക്കുന്നതിന്റെയും ചിത്രങ്ങളാണ് ചിന്ത ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നത്. എന്നാല്‍ ഇത് സെല്‍ഫ് മാര്‍ക്കറ്റിന്റെ തന്ത്രമാണെന്നായിരുന്നു സൈബര്‍ ആക്രമണത്തില്‍ ഉയര്‍ന്ന പ്രധാന ആരോപണം.