ഡല്‍ഹി: ഗുജറാത്ത് മോഡല്‍ എന്നത് വാക്കുകള്‍ ഉപയോഗിച്ചുള്ള വെറും ചെപ്പടിവിദ്യയാണെന്ന് ബിജെപി മുന്‍ നേതാവും ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയുമായ സുരേഷ് മെഹ്ത. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഗുജറാത്ത് മോഡല്‍ വികസനം എന്ന ചെപ്പടിവിദ്യ ജനങ്ങള്‍ക്ക് മുമ്പില്‍ ചെലവാകില്ലെന്നും സുരേഷ് മെഹ്ത. ഗുജറാത്ത് മോഡല്‍ എന്നത് വാക്കുകള്‍ ഉപയോഗിച്ചുള്ള വെറും ചെപ്പടിവിദ്യയാണ്. അതില്‍ ഒരു കാര്യവുമില്ല. ഗുജറാത്തിന് പറയാനുള്ള യാഥാര്‍ഥ്യം ദുരിതമാണെന്നും മോദിയുടെ കീഴില്‍ മന്ത്രിയായി പ്രവര്‍ത്തിച്ചിരുന്ന സുരേഷ് പറഞ്ഞു

സാധാരണക്കാരായ ജനങ്ങള്‍ക്ക് വേണ്ടിയല്ല ബിജെപി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍. കോര്‍പ്പറേറ്റുകള്‍ക്ക് വിധേയരാണവര്‍. ഭാരം ചുമക്കുന്ന കര്‍ഷകന് ഒരു പിടിവള്ളിയായിരുന്ന സബ്‌സിഡികള്‍ സര്‍ക്കാര്‍ കുറച്ച് വിരികയാണ്. എന്നാല്‍ ഊര്‍ജ, പെട്രോളിയം മേഖലകളിലെ ബിജെപിയുടെ മാനസപുത്രന്‍മാരായ അദാനിക്കും അംബാനിമാര്‍ക്കും സര്‍ക്കാര്‍ വാരിക്കോരിയാണ് കൊടുക്കുന്നതെന്നും സുരേഷ് പറഞ്ഞു.

006-07 ല്‍ ഈ മേഖലകളിലേക്ക് നല്‍കിയിരുന്നത് 1873 കോടി രൂപയുടെ സബ്‌സിഡിയായിരുന്നെങ്കില്‍ ഇന്നത് 4471 കോടി രൂപയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. സാധാരണക്കാരായ ജനങ്ങള്‍ക്കുള്ള ഭക്ഷ്യ, സിവല്‍ സപ്ലൈസ് സബ്‌സിഡി 130 കോടിയില്‍ നിന്ന് 52 കോടി രൂപയായി സര്‍ക്കാര്‍ വെട്ടിക്കുറച്ചിട്ടുണ്ട്. ഈ കണക്കുകള്‍ മതി, സര്‍ക്കാരിന് ജനങ്ങളാണോ, വിരലില്‍ എണ്ണാവുന്നത്ര വരുന്ന കോര്‍പ്പറേറ്റ് ഭീമന്‍മാരാണോ പ്രിയപ്പെട്ടവരെന്ന് മനസിലാക്കാന്‍.’- സുരേഷ് പറഞ്ഞു. ഇനിയും വാക്കുകളുടെ അതിസാരം പോലെ പുറത്തേക്കു വമിപ്പിക്കുന്ന ഗുജറാത്ത് മോഡല്‍ പ്രചരണത്തെ ഇത്തവണയും ആശ്രയിക്കാന്‍ കഴിയുമെന്ന് ബിജെപി കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘2004 ല്‍ സിഎജി, ഗുജറാത്തിന്റെ സാമ്പത്തിക നില പരിശോധിച്ചിരുന്നു. അന്ന് സംസ്ഥാനത്തിന്റെ കടബാധ്യത 4000 മുതല്‍ 6000 കോടി രൂപ വരെയായിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ കുറച്ച് സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നും ചെലവുകളില്‍ മിതത്വം വേണമെന്നും മുന്നറിയിപ്പ് നല്‍കി. അല്ലെങ്കില്‍ സംസ്ഥാനം എന്നന്നേക്കുമായി കടബാധ്യത പേറുന്ന സ്ഥിതിയിലേക്ക് കൂപ്പുകുത്തും എന്നായിരുന്നു സിഎജിയുടെ വിലയിരുത്തല്‍. എന്നാല്‍ പതിവ് പോലെ സിഎജിയുടെ മുന്നറിയിപ്പ് ഗുജറാത്ത് സര്‍ക്കാര്‍ അവഗണിച്ചു. ഇന്ന്, അതായത് 2017 ല്‍ ഗുജറാത്ത് ചുമക്കുന്ന കടബാധ്യത 1,98,000 കോടി രൂപയാണ്. ഇത് ഞാന്‍ പറയുന്നതല്ല. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും പുതിയ ബജറ്റ് രേഖകളില്‍ വ്യക്തമാക്കുന്നതാണ്. ഈ കണക്കുകള്‍ പരിശോധിച്ചാല്‍ മതിയാകും, സര്‍ക്കാരിന്റെ കള്ളത്തരങ്ങള്‍ മനസിലാകാന്‍’
കണക്കുകള്‍ നിരത്തികൊണ്ട് സുരേഷ് പറഞ്ഞു.