തിരുവനന്തപുരം: ലൈംഗിക പീഡന ശ്രമത്തിനിടെ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി കോടതിയില്‍ ഹര്‍ജി നല്‍കി. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നു കാണിച്ചാണ് പെണ്‍കുട്ടി തിരുവനന്തപുരം പോക്‌സോ കോടതിയെ സമീപിച്ചത്. അതേസമയം പെണ്‍കുട്ടിക്ക് ബ്രെയിന്‍ മാപ്പിങ്ങും പോളിഗ്രാഫ് ടെസ്‌ററും നടത്തണമെന്നാവശ്യപ്പെട്ട് പൊലീസും കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
താന്‍ പറഞ്ഞ കാര്യങ്ങള്‍ വരെ പൊലീസ് തിരുത്തിയെഴുതി എന്നും ഇതു കൊണ്ട് തന്നെ കേസ് മറ്റ് അന്വേഷണ ഏജന്‍സി ഏറ്റെടുത്ത് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പെണ്‍കുട്ടി അഭിഭാഷക മുഖേന കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിക്ക് ബ്രെയിന്‍ മാപ്പിങ്ങിനു പൊലീസ് അനുമതി തേടിയത്. പെണ്‍കുട്ടി മൊഴികള്‍ മാറ്റി പറയുന്നത് കാരണം നുണപരിശോധന വേണമെന്നും പെണ്‍കുട്ടിയുടെ വൈദ്യ പരിശോധനക്ക് വിധേയമാക്കണമെന്നും പൊലീസ് നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ രണ്ട് ഹര്‍ജികളും ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷയും കോടതി തിങ്കളാഴ്ച പരിഗണിക്കും. സ്വാമിയുടെ റിമാന്‍ഡ് കാലാവധി ജൂലൈ ഒന്നുവരെ നീട്ടിയിട്ടുണ്ട്. കേസില്‍ ഗൂഡാലോചന നടന്നുവെന്ന കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ഇന്നലെ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പെണ്‍കുട്ടി ആവര്‍ത്തിക്കുന്നു. അതെ സമയം, കത്തും ശബ്ദരേഖയും ഹര്‍ജിയുമെല്ലാം കേസ് വഴിതെറ്റിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് പൊലീസിന്റെ നിഗമനം.
തന്നെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയംമുറിച്ചുവെന്നായിരുന്നു യുവതി പൊലീസിന് ആദ്യം നല്‍കിയ മൊഴി. എന്നാല്‍ പിന്നീട് പെണ്‍കുട്ടിയുടേതെന്ന പേരില്‍ പുറത്തുവന്ന കത്തിലും പെണ്‍കുട്ടിയും സ്വാമിയുടെ അഭിഭാഷകനും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണത്തിലും പോലീസിന് കൊടുത്ത മൊഴിക്ക് വിരുദ്ധമായ കാര്യമായിരുന്നു യുവതി പറഞ്ഞത്.