ലണ്ടന്‍: ബ്രിട്ടീഷ് ജനതയെ ഞെട്ടിച്ച ലണ്ടന്‍ നഗരത്തിലെ ഗ്രെന്‍ഫെല്‍ ടവര്‍ തീപിടിത്തവുമായി ബന്ധപ്പെട്ട് ഭരണകൂടത്തിനെതിരെ ജനരോഷം ആളിക്കത്തുന്നു. മുപ്പതു പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവരെ ഉടന്‍ പുനരധിവസിപ്പിക്കണമെന്നും സഹായം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് നൂറുകണക്കിന് ആളുകള്‍ നഗരത്തില്‍ പ്രതിഷേധ റാലി നടത്തി. പ്രധാനമന്ത്രി തെരേസ മേയ് അപകടത്തിനിരയായവരെ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് പ്രതിഷേധക്കാര്‍ രംഗത്തെത്തിയത്. തീപിടിത്തത്തിന് ഇരയായവരെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് മറച്ചുവെച്ചതും ജനങ്ങളെ രോഷാകുലരാക്കി.
പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചുകൊണ്ട് മുദ്രാവാക്യങ്ങള്‍ മുഴക്കി. കെന്‍ങ്ടണ്‍ ആന്റ് ചെല്‍സിയ ടൗണ്‍ ഹാളിലേക്ക് അറുപതോളം പേര്‍ ഇരച്ചുകയറി. പ്രതിഷേധക്കാരെ ശാന്തരക്കാന്‍ സംഘാടകര്‍ നടത്തിയ ശ്രമം ഏറ്റുമുട്ടലില്‍ കലാശിച്ചു. തീപിടുത്തത്തില്‍ അധികൃതരില്‍നിന്ന് കുറ്റകരമായ അനാസ്ഥയാണ് ഉണ്ടായതെന്ന് പ്രക്ഷോഭകര്‍ ആരോപിച്ചു. എഴുപതോളം പേരെ കാണാതായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. 24 നിലകളുള്ള കെട്ടിടത്തിന് തീപിടിച്ചതിനെക്കുറിച്ച് സമ്പൂര്‍ണ അന്വേഷണം നടത്തുമെന്ന് മേയ് പ്രഖ്യാപിച്ചു. എലിസബത്ത് രാജ്ഞിയും വില്യം രാജകുമാരനും ദുരന്തത്തിനിരയായവരെ കാണാന്‍ ദുരിതാശ്വാസ ക്യാമ്പിലെത്തി.
ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ നിരവധി പേരുടെ നില അതീവ ഗുരുതരമാണ്. നിലവാരം കുറഞ്ഞ വസ്തുക്കള്‍ ഉപയോഗിച്ചാണ് കെട്ടിടം പണിതതെന്നും അഗ്നിശമന സംവിധാനത്തില്‍ ഗുരുതരമായ പാളിച്ചകള്‍ ഉണ്ടായിരുന്നുവെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കെട്ടിടത്തിന് തീപിടിച്ച് അതിവേഗം ആളിപ്പടര്‍ന്നിരുന്നു.
രണ്ടാമത്തേതു മുതല്‍ എല്ലാ നിലകളും അഗ്നിക്കിരയായി. മുകള്‍ നിലകളില്‍ താമസിച്ചിരുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും രക്ഷപ്പെടാന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. 120 ഫഌറ്റുകളുള്ള കെട്ടിടം പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. 100 കിലോമീറ്റര്‍ അകലെ വരെ ചാരം എത്തിയിരുന്നു.