kerala

എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ആശംസ നേര്‍ന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

By webdesk14

May 08, 2024

മലപ്പുറം: മുഴുവന്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥിക്കും ആശംസ നേര്‍ന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. തുടര്‍പഠനമാഗ്രഹിക്കുന്ന അര്‍ഹരായ വിദ്യാര്‍ഥികള്‍ ആവശ്യമായ സൗകര്യമൊരുക്കി നല്‍കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും തങ്ങള്‍ പറഞ്ഞു.

പ്രതീക്ഷിച്ച ഫലത്തില്‍ സന്തോഷിക്കുന്നവരും അപ്രതീക്ഷിതമായ ഫലത്തില്‍ മനപ്രയാസമനുഭവിക്കുന്നവരുമുണ്ടാകും. വിദ്യാര്‍ത്ഥി കാലഘട്ടത്തിലെ ഒരു നാഴികകല്ലാണിത്. പക്ഷെ ഇനിയുമേറെ ദൂരം പോകാനുണ്ട്. ആത്മവിശ്വാസത്തോടെ, സമര്‍പ്പണത്തോടെ ഇനിയും പഠനം തുടരണമെന്നും നല്ലൊരു ലോകം നിങ്ങള്‍ക്കായി കാത്തിരിക്കുന്നുണ്ടെന്നും തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തുടര്‍പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെല്ലാമുള്ള അവസരം ബന്ധപ്പെട്ടവര്‍ ഒരുക്കിനല്‍കണം. കഴിഞ്ഞ വര്‍ഷം ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുപോലും ഇഷ്ടപ്പെട്ട സ്‌കൂളില്‍, ഇഷ്ടപ്പെട്ട കോഴ്‌സ് പഠിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. അതാവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.