മോസ്‌കോ: സിറിയയില്‍ ആഭ്യന്തര യുദ്ധത്തിന് തടയിടുന്നതിന് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ സജീവ നീക്കങ്ങള്‍ ആരംഭക്കുന്നതിന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനും ധാരണയിലെത്തി. കഴിഞ്ഞ ദിവസം ഫോണ്‍ സംഭാഷണത്തിലാണ് ഇരു രാഷ്ട്രത്തലവന്മാരും വെടിനിര്‍ത്തല്‍ സാധ്യത ചര്‍ച്ച ചെയ്തത്. ഒരു മാസം മുമ്പ് സിറിയയില്‍ യു.എസ് മിസൈലാക്രമണം നടത്തിയതിനുശേഷം ട്രംപും പുടിനും നടത്തുന്ന ആദ്യ ഫോണ്‍ സംഭാഷണം ക്രിയാത്മകമായിരുന്നുവെന്ന് വൈറ്റ്ഹൗസും ക്രെംലിനും ഒരുപോലെ സമ്മതിച്ചു.

ഉത്തര കൊറിയയില്‍നിന്നുള്ള ഭീഷണിയും ഭാവിയില്‍ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയും അടക്കം നിരവധി വിഷയങ്ങളെക്കുറിച്ച് അവര്‍ സംസാരിച്ചു. ദീര്‍ഘകാലമായി സിറിയ അനുഭവിക്കുന്ന ദുരിതങ്ങളില്‍ ആശങ്കപ്രകടിപ്പിച്ച ട്രംപും പുടിനും അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിന് ബന്ധപ്പെട്ട എല്ലാ കക്ഷികളും ആവുന്നതെല്ലാം ചെയ്യണമെന്ന് നിര്‍ദേശിച്ചതായി വൈറ്റ്ഹൗസ് പറയുന്നു. സംഭാഷണം വളരെ മികച്ചതായിരുന്നു. മനുഷ്യസമൂഹത്തിന് ശാശ്വത സമാധാനം യാഥാര്‍ത്ഥ്യമാക്കുന്നതിന് ലോകം സുരക്ഷിതവും അക്രമരഹിതവുമാക്കേണ്ടതിന്റെ ആവശ്യകത നേതാക്കള്‍ ചര്‍ച്ചയില്‍ എടുത്തുപറഞ്ഞതായും വൈറ്റ്ഹൗസ് വെളിപ്പെടുത്തി. സിറിയയില്‍ വെടിനിര്‍ത്തല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായുന്നതിന് ശ്രമങ്ങള്‍ ആരംഭിക്കാന്‍ ട്രംപും പുടിനും തീരുമാനിച്ചതായി ക്രെംലിനും പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ ഏപ്രില്‍ നാലിന് ഖാന്‍ ഷെയ്ഖൂനില്‍ രാസായുധം പ്രയോഗിച്ച് എണ്‍പതിലേറെ പേര്‍ കൊല്ലപ്പെട്ടതിന് മറുപടിയായി സിറിയന്‍ വ്യോമതാവളത്തില്‍ യു.എസ് മിസൈലാക്രമണം നടത്തിയത് ചര്‍ച്ചയില്‍ വിഷയമായോ എന്ന് വൈറ്റ്ഹൗസും ക്രെലിനും വ്യക്തമാക്കിയില്ല. ട്രംപാണ് ക്രൂയിസ് മിസൈല്‍ ആക്രമണത്തിന് ഉത്തരവിട്ടിരുന്നത്. സിറിയ രാസായുധം പ്രയോഗിച്ചിട്ടില്ലെന്ന് പ്രസിഡന്റ് ബഷാറുല്‍ അസദും റഷ്യയും വാദിക്കുന്നു. ഉത്തരകൊറിയയിലെ അപകടകരമായ സ്ഥിതിഗതികള്‍ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ച് ട്രംപും പുടിനും ആലോചിച്ചതായി ക്രെംലിന്‍ അറിയിച്ചു. പ്രശ്‌നത്തില്‍ പരമാവധി സംയമനം പാലിക്കാനും സംഘര്‍ഷം ലഘൂകരിക്കാനും പുടിന്‍ നിര്‍ദേശിച്ചുവെന്നാണ് വിവരം. ജൂലൈ ആദ്യത്തില്‍ ഹംബര്‍ഗില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ കൂടിക്കാഴ്ചക്ക് വേദിയൊരുക്കാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്.