ലഖ്‌നൗ: രാജ്യം ഉറ്റുനോക്കിയ ഉത്തര്‍പ്രദേശിലെ കൈറാന മണ്ഡലത്തില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തി ബീഗം തബസും ഹസന് പാര്‍ലമെന്റിലേക്ക്. ഇതോടെ 2014ന് ശേഷം ഉത്തര്‍പ്രദേശില്‍ നിന്നും പാര്‍ലമെന്റിലെത്തുന്ന ആദ്യ മുസ്‌ലിം എം.പിയായി തബസും. 2014ല്‍ ബി.ജെ.പിയുടെ ഹുക്കും സിങ് 2,36,000ത്തിലധികം വോട്ടുകള്‍ നേടി വിജയിച്ച മണ്ഡലത്തിലാണ് ബി.ജെ.പിയുടെ തോല്‍വി. ആര്‍.എല്‍.ഡി-എസ്.പി സ്ഥാനാര്‍ത്ഥിയായ ബീഗം തബസും ഹസന് ബി.എസ്.പിയും കോണ്‍ഗ്രസ് പിന്തുണ നല്‍കിയതോടെ അമ്പതിനായിരത്തിലധികം വോട്ടുകള്‍ക്ക് ജയിച്ചു കയറുകയായിരുന്നു. മൃഗാങ്ക സിങായിരുന്നു ബിജെപിയുടെ സ്ഥാനാര്‍ത്ഥി.

ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ പരിചിത മുഖമായ തബസും ആര്‍.എല്‍.ഡിയില്‍ ചേരുന്നതിന് മുമ്പ് ബി.എസ്.പി ടിക്കറ്റില്‍ തബസും 2009ല്‍ ലോക്‌സഭയിലെത്തിയിരുന്നു. 1996 മുതല്‍ 1998 വരെ എംപിയായിരുന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ് മുനവ്വിര്‍ ഹസന്റെ ഭാര്യയാണ് തബസും. 2009ല്‍ ഹരിയാനയില്‍ ഒരു കാറപകടത്തില്‍ മരിക്കുകയായിരുന്നു മുനവ്വര്‍.

ബി.ജെ.പി എം.പിയായിരുന്ന ഹുക്കും സിങ് കഴിഞ്ഞ ഫെബ്രുവരിയില്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും മണ്ഡലങ്ങളായ ഗോരഖ്പുര്‍, ഫുല്‍പുര്‍ മുമ്പ് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെട്ടിരുന്നു. ഇതിന്റെ ക്ഷീണം മറികടക്കാന്‍ ബി.ജെ.പിക്ക് കൈരാനയില്‍ വിജയം അനിവാര്യമായിരുന്നു.എന്നാല്‍ മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന ഇവിടേയും പ്രതിപക്ഷ ഐക്യത്തിനോടു തോല്‍വി പിണഞ്ഞ ബി.ജ.പി അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ കടുത്ത വെല്ലുവിളിയാണ് പാര്‍ട്ടിക്കും അമിത് ഷാക്കും മുന്നില്‍.