കോഴിക്കോട്: വള്ളിപൊട്ടിയ ചെരിപ്പുകള്‍, നിരത്തിവെച്ച അത്തര്‍ കുപ്പികള്‍, തൂങ്ങിക്കിടക്കുന്ന പട്ടങ്ങള്‍…അതിജീവിച്ച സംസ്‌കാരങ്ങളെ കലാപരമായി അവതരിപ്പിക്കുകയാണ് ചിത്രകാരനും ആക്ടിവിസ്റ്റുമായ താജ് ബക്കറിന്റെ ചിത്രങ്ങളും ചിത്രീകരണങ്ങളും. അക്കാദമി ആര്‍ട് ഗ്യാലറിയില്‍ ആരംഭിച്ച കമിനോ എന്ന പേരിലുള്ള പ്രദര്‍ശനത്തില്‍ വൈവിധ്യവും സംവാദവും സാധ്യമാക്കുന്ന സൃഷ്ടികളാണ് ഒരുക്കിയത്. കലാജീവിതത്തില്‍ എല്ലാ അതിര്‍വരമ്പുകളും ഇല്ലാതാവുന്നതോടൊപ്പം നേരിന്റെയും നന്‍മയുടെയും പക്ഷത്ത് സജീവമായിരുക്കുക എന്ന ഉത്തരവാദിത്വംകൂടി കലാകാരനുണ്ടെന്ന് താജിന്റെ ചിത്രങ്ങള്‍ കാണിച്ചുതരുന്നു. കുട്ടികളുടെ ദൈന്യതയും ശവകുടീരങ്ങളുടെ സാമ്പത്തിക രാഷ്ട്രീയവും പ്രമേയമാവുന്ന ചിത്രങ്ങള്‍ ശ്രദ്ധേയമാണ്. ശവകുടീരങ്ങള്‍ക്കായി ചെലവഴിച്ച പണമുണ്ടെങ്കില്‍ ഒരു ജനതക്ക് പട്ടിണിയില്ലാതെ ജീവിക്കാമെന്ന് ചുണ്ടിക്കാട്ടുന്ന താജ് ജീവിക്കുന്നവരെ മരിപ്പിച്ച് മരിച്ചവരെ ജീവിപ്പിക്കുന്ന സംസ്‌കാരത്തെ ചോദ്യംചെയ്യുന്നു. ഇന്‍സ്റ്റലേഷന്‍ വിഭാഗത്തിലാണ് വള്ളിപൊട്ടിയ ചെരുപ്പുകളും ഒഴിഞ്ഞ അത്തര്‍കുപ്പികളും ഒരുക്കിയത്. കടന്നുപോയ ഒരു സംസ്‌കാരത്തിന്റെ ഓര്‍മപ്പെടുത്തലാണ് ഇത് രണ്ടും.

വീഡിയോ ആര്‍ട് വിഭാഗത്തില്‍ രണ്ടു വീഡിയോകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കാലുകള്‍ താണ്ടിയ മുഹൂര്‍ത്തങ്ങളാണ് ഇതില്‍ പ്രമേയമാവുന്നത്. പൊതുഇടങ്ങള്‍ സാധ്യമാക്കിയ ആശയവിനിമയത്തെ ചിത്രീകരിച്ച ടോയ്‌ലറ്റ് എന്ന ചിത്രവും മുത്തശ്ശിയുടെ നന്‍മകളെ അടയാളപ്പെടുത്തിയ ചിത്രവും ശ്രദ്ധേയമാണ്. വിവിധ ശൈലിയില്‍ വ്യത്യസ്ഥ ആശയങ്ങളടങ്ങിയ ചിത്രങ്ങളും ചിത്രീകരണങ്ങളുമടങ്ങിയ 30 ഓളം കലാസൃഷ്ടികള്‍ പ്രദര്‍ശനത്തിലുണ്ട്.
പ്രദര്‍ശനത്തോടനുബന്ധിച്ച് പുസ്തക ശേഖരണവും സംഘടിപ്പിച്ചിട്ടുണ്ട്. ശേഖരിക്കുന്ന പുസ്തകങ്ങള്‍ സമാപനദിവസം സുകൃതം ഗേള്‍സ് ഹോമിലെ കുട്ടികള്‍ക്ക് നല്‍കും. പൊന്നാനിക്കാരനായ താജ് ബക്കര്‍ നാടക പ്രവര്‍ത്തകന്‍ കൂടിയാണ്. പ്രദര്‍ശനം ഡിസം രണ്ടിന് സമാപിക്കും. പ്രദര്‍ശനത്തോടനുബന്ധിച്ച് മെഹ്ഫില്‍ എ സമാ ടീമിന്റെ സുഫി സംഗീതപരിപാടി അരങ്ങേറി.