മലപ്പുറം: തെലങ്കാനയില്‍ കോ ണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള വിശാല പ്രതിപക്ഷ സഖ്യത്തിലേക്ക് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഒന്നിച്ച് നിന്ന് സഖ്യത്തെ ശക്തിപ്പെടുത്താന്‍ ഇരുപാര്‍ട്ടികളും തീരുമാനമായി. ടി ഡി പി, ടി.ജെ.എസ്, സി. പി. ഐ എന്നീ പാര്‍ട്ടികളാണ് പ്രതിപക്ഷ ഐക്യത്തിലെ മറ്റ് സഖ്യകക്ഷികള്‍.
കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വവും, എഐസിസി സെക്രട്ടറി കെ ശ്രീനിവാസന്‍ അടക്കമുള്ളവരുമായി പി.കെ കുഞ്ഞാലിക്കുട്ടി നടത്തിയ ചര്‍ച്ചകളാണ് സഖ്യ രൂപീകരണത്തിലെത്തിച്ചതെന്ന് തെലങ്കാന സംസ്ഥാന മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഗനി പറഞ്ഞു. തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉത്തം കുമാര്‍, സംസ്ഥാന കോണ്‍ഗ്രസിന്റെ ചുമതലയുള്ള കുന്തയ്യ എന്നിവരുമായി പി.കെ കുഞ്ഞാലിക്കുട്ടി നടത്തിയ ചര്‍ച്ചയിലാണ് സഖ്യ സാധ്യത രൂപപ്പെട്ടത്. വര്‍ഗീയ-ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി ജനാധിപത്യ-മതനിരപേക്ഷ കക്ഷികളെ അണിനിരത്തി പോരാടുക എന്ന മുസ്‌ലിം ലീഗ് നയത്തിന്റെ ഭാഗമായാണ് തെലങ്കാനയിലെ സഖ്യമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 2019 ലോക്‌സഭ തെരഞ്ഞെടുപ്പോടെ പ്രതിപക്ഷ കക്ഷികള്‍ കൂടുതല്‍ കരുത്താര്‍ജിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ടിആര്‍എസ് സര്‍ക്കാര്‍ ന്യൂനപക്ഷ സമുദായത്തെ വഞ്ചിക്കുകയാണ് മുസ്‌ലിം ലീഗ് തെലങ്കാന അധ്യക്ഷന്‍ മുഹമ്മദ് ഇംതിയാസ് ഹുസൈന്‍ പറഞ്ഞു. വിദ്യാഭ്യാസ-സര്‍ക്കാര്‍ ജോലികളിലെ സംവരണം, വഖഫ് ബോര്‍ഡ് നിയമാധികാരം എന്നിവ ഇതുവരെ നടപ്പാക്കിയില്ല. ഇതിനു പുറമേ പല ന്യൂനപക്ഷ വിരുദ്ധ നയങ്ങളിലും എന്‍ഡിഎ സര്‍ക്കാരിന് പിന്തുണ നല്‍കുന്ന നിലപാടാണ് ടിആര്‍എസ് സ്വീകരിച്ചതെന്ന് ഇംതിഹാസ് ഹുസൈന്‍ ആരോപിച്ചു. സംസ്ഥാന ത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷന്‍ പ്രൊഫ കെ.എം ഖാദര്‍ മൊയ്തീന്‍, പി കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ ടി മുഹമ്മദ് ബഷീര്‍ എം.പി എന്നിവര്‍ പങ്കെടുക്കും.