തിരുവനന്തപുരം: പത്ത് മാസത്തെ ശമ്പളം നല്‍കാതെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട മനോവിഷമത്തില്‍ കാസര്‍കോട് ആരോഗ്യവകുപ്പിലെ കരാര്‍ ജീവനക്കാരന്‍ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ചു.
മൃതദേഹവുമായി കരാര്‍ ജീവനക്കാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തി. അഞ്ചര വര്‍ഷമായി ആരോഗ്യവകുപ്പില്‍ താല്‍കാലിക അടിസ്ഥാനത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി ജോലി ചെയ്തിരുന്ന കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി ജഗദീഷി(42) നെ ബുധനാഴ്ച രാത്രി ഏഴ് മണിയോടെയാണ് അരിസ്റ്റോ ജംഗ്ഷനിലെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
പത്ത് മാസത്തെ ശമ്പളക്കുടിശ്ശിക നല്‍കാതെ പിരിച്ചുവിട്ടതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്യുന്നതെന്ന് കുറിപ്പില്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് ബന്ധുക്കളും മറ്റ് കരാര്‍ ജീവനക്കാരും മൃതദേഹവുമായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തിയത്. കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസിലെ താത്കാലിക ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായിരുന്ന ജഗദീഷിനെ ഒക്‌ടോബറില്‍ പുറത്താക്കിയിരുന്നു. രണ്ട് ലക്ഷത്തോളമുള്ള ശമ്പള കുടിശ്ശിക തീര്‍ത്ത് നല്‍കണമെന്നാവശ്യപ്പെട്ട് സുഹൃത്തുമായി ബുധനാഴ്ച സെക്രട്ടറിയേറ്റിലെത്തിയതായിരുന്നു ജഗദീഷ്. സുഹൃത്ത് പുറത്തുപോയ സമയത്താണ് മുറി പൂട്ടി ആത്മഹത്യ ചെയ്തത്. രണ്ടോ മൂന്നോ മാസത്തില്‍ ശമ്പളം പുതുക്കിയും മൂന്ന് മാസത്തിലൊരിക്കല്‍ നിയമനോത്തരവ് പുതുക്കിയുമാണ് ഇവരുടെ ജോലി തുടര്‍ന്നിരുന്നത്. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം കഴിഞ്ഞ സെപ്തംബറില്‍ കരാര്‍ അവസാനിപ്പിച്ചു. മാത്രമല്ല 2015 ഡിസംബര്‍ മുതലുള്ള ശമ്പളവും നല്‍കിയില്ല. 2015 ഡിസംബര്‍ മുതല്‍ 2016 സെപ്തംബര്‍ വരെയുള്ള പത്ത് മാസത്തെ ശമ്പളം ജഗദീഷ് അടക്കമുള്ള ഓരോ ജില്ലാ മെഡിക്കല്‍ ഓഫീസിലെയും 500 ഓളം വരുന്ന കരാര്‍ ജീവനക്കാര്‍ക്ക് ലഭിക്കാനുണ്ട്.
ഒക്‌ടോബറില്‍ ശമ്പളം നല്‍കാതെ ഇവരെയെല്ലാം പിരിച്ചുവിടുകയും ചെയ്തു. 2012ലെ യു. ഡി.എഫ് സര്‍ക്കാരാണ് 1900 പേരെ കരാര്‍ അടിസ്ഥാനത്തില്‍ ഓരോ ജില്ലകളിലും സ്റ്റാഫ് നേഴ്‌സ്, ഫാര്‍മസിസ്റ്റ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, സ്‌പ്രേമാന്‍, ലാബ് അറ്റന്‍ഡര്‍ എന്നീ തസ്തികകളില്‍ നിയമിക്കുന്നത്.
ശമ്പളം മുടങ്ങിയതോടെ 1400 പേര്‍ ജോലിയില്‍ നിന്ന് സ്വയം ഒഴിവായി. ശമ്പളം തീര്‍ത്ത് നല്‍കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ പല തവണ ജീവനക്കാര്‍ ധര്‍ണ നടത്തിയിട്ടുണ്ട്. ശമ്പളക്കുടിശ്ശികയുടെ കാര്യം ധനമന്ത്രിയുമായി ചര്‍ച്ച ചെയ്ത് ഉടന്‍ തീരുമാനമെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ഷൈലജ അറിയിച്ചു.