തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാര്‍ പത്തു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍, കേരളം സമാനതകളില്ലാത്ത അഴിമതിയിലേക്കും സാമ്പത്തിക തകര്‍ച്ചയിലേക്കുമാണ് കൂപ്പുകുത്തിയിരിക്കുന്നത്. വികസനത്തിന്റെ തിളങ്ങുന്ന ചിത്രങ്ങള്‍ പരസ്യങ്ങളിലൂടെ അവതരിപ്പിക്കുമ്പോഴും, താഴെത്തട്ടില്‍ ജനങ്ങള്‍ അനുഭവിക്കുന്നത് കടുത്ത വിലക്കയറ്റവും നികുതിഭാരവുമാണ്. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് തുടക്കം കുറിച്ച പദ്ധതികളുടെ പൂര്‍ത്തീകരണത്തില്‍ അവകാശവാദം ഉന്നയിക്കുന്നതല്ലാതെ, ഈ സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന പദ്ധതികളെല്ലാം വിവാദങ്ങളുടെ നിഴലിലാണ്.
സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറസ്റ്റിലായത് സര്‍ക്കാരിന്റെ വിശ്വാസ്യത തകര്‍ത്തു. പാവപ്പെട്ടവര്‍ക്ക് വീട് നല്‍കാനുള്ള ലൈഫ് മിഷന്‍ പദ്ധതിയിലെ കോടികളുടെ കൈക്കൂലി ഇടപാടും വിദേശസഹായം സ്വീകരിച്ചതിലെ ചട്ടലംഘനവും വലിയ വിവാദമായി. സ്പ്രിംക്ലര്‍ ഡാറ്റാ വിവാദം, ആഴക്കടല്‍ മത്സ്യബന്ധനത്തിനായി അമേരിക്കന്‍ കമ്പനിയുമായി ഒപ്പിട്ട രഹസ്യ കരാര്‍ എന്നിവ ജനവിരുദ്ധ നയങ്ങളുടെ തെളിവായി. റോഡ് സുരക്ഷയുടെ പേരില്‍ എ.ഐ ക്യാമറകള്‍ സ്ഥാപിച്ചതിലും കെ-ഫോണ്‍ പദ്ധതിയുടെ ടെണ്ടര്‍ നടപടികളിലും ഭരണകക്ഷിക്ക് താല്പര്യമുള്ള കമ്പനികള്‍ക്ക് ഉപകരാറുകള്‍ നല്‍കി കോടികള്‍ തട്ടിയെടുത്തെന്ന ആരോപണവും ശക്തമാണ്.
സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം സാധാരണക്കാരന്റെ ചുമലിലേക്ക് മാറ്റുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പെട്രോള്‍-ഡീസല്‍ സെസ് വര്‍ധനവ്, വീട്ടുനികുതി, വൈദ്യുതി നിരക്ക്, വെള്ളക്കരം എന്നിവയിലുണ്ടായ അനിയന്ത്രിതമായ വര്‍ധന കുടുംബ ബജറ്റുകളെ തകര്‍ത്തു. പാവപ്പെട്ടവരുടെ ഏക ആശ്രയമായ ക്ഷേമ പെന്‍ഷനുകള്‍ മാസങ്ങളോളം മുടങ്ങിയത് വലിയ ജനരോഷത്തിന് കാരണമായി. വോട്ട് ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് കാലത്ത് മാത്രം നടത്തുന്ന പെന്‍ഷന്‍-കിറ്റ് വിതരണങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് പൊതുസമൂഹം തിരിച്ചറിഞ്ഞുകഴിഞ്ഞു.
കിഫ്ബി വഴി എടുത്ത ഭീമമായ കടബാധ്യത കേരളത്തെ വലിയൊരു കടക്കെണിയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്. പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍ അട്ടിമറിച്ചും പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയും ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുന്ന നയം യുവതലമുറയെ സര്‍ക്കാരിനെതിരെ തിരിച്ചിരിക്കുകയാണ്. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തി കല്ലിട്ടതും പിന്നീട് കേന്ദ്രാനുമതിയില്ലാതെ പദ്ധതി ഉപേക്ഷിച്ചതും വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കി. ആഭ്യന്തര വകുപ്പിന്റെ പരാജയവും പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ക്രിമിനല്‍ സംഘങ്ങളുമായുള്ള ബന്ധവും സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ത്തു. മലയോര മേഖലകളില്‍ വന്യജീവി ആക്രമണം രൂക്ഷമായപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ച നിസ്സംഗതയും, നവകേരള സദസ്സ് പോലുള്ള പരിപാടികള്‍ക്കായി നടത്തിയ ധൂര്‍ത്തും ഭരണകൂടത്തിന്റെ ധാര്‍ഷ്ട്യമായാണ് ജനങ്ങള്‍ കാണുന്നത്.
ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവം ഉള്‍പ്പെടെയുള്ള ചികിത്സാ പിഴവുകള്‍ ആരോഗ്യരംഗത്തെ വീഴ്ചകള്‍ തുറന്നുകാട്ടുന്നു. ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ആചാരലംഘനങ്ങളും ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളും സര്‍ക്കാരിന് വലിയ തിരിച്ചടിയായി. ആശാ വര്‍ക്കര്‍മാരെ അധിക്ഷേപിച്ചതും 226 ദിവസം അവര്‍ക്ക് തെരുവില്‍ സമരം ചെയ്യേണ്ടി വന്നതും മറക്കാനാവില്ല. വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാത്തതും അഴിമതിയില്‍ മുങ്ങിയതുമായ ഈ പത്തു വര്‍ഷങ്ങള്‍ കേരളത്തിന്റെ വികസനത്തെ പിന്നോട്ടടിപ്പിക്കുകയാണ് ചെയ്തത്. ശക്തമായ ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.