News
ക്ഷേമ പെന്ഷന് 3000 രൂപയാക്കും, സ്ത്രീകള്‍ക്ക് KSRTC ബസുകളില്‍ സൗജന്യ യാത്ര; യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി
പുതിയ സാങ്കേതിക വിദ്യകളും ക്ഷേമ പദ്ധതികളും ഉപയോഗപ്പെടുത്തി ”പുതുയുഗ കേരളം” സൃഷ്ടിക്കാനുള്ള ദിശയിലാണ് പ്രകടന പത്രിക രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും യുഡിഎഫ് അറിയിച്ചു.
കൊച്ചി: വരാനിരിക്കുന്ന കേരള നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. വികസനവും സാമൂഹ്യ ക്ഷേമവും മുന്‍നിര്‍ത്തിയ വാഗ്ദാനങ്ങളാണ് പത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര, കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രതിമാസം 1000രൂപ ധനസഹായം, ക്ഷേമ പെന്ഷന് 3000രൂപ ആയി ഉയര്‍ത്തല്‍ എന്നിവയാണ് പ്രധാന വാഗ്ദാനങ്ങള്‍. കൂടാതെ ഓരോ കുടുംബത്തിനും 25രൂപ ലക്ഷം വരെ ആരോഗ്യ ഇന്‍ഷുറന്‍സ് നല്കുന്ന പുതിയ ആരോഗ്യ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
യുവാക്കള്‍ക്ക് തൊഴില്‍ സൃഷ്ടിക്കായി 5രൂപ ലക്ഷം വരെ പലിശരഹിത വായ്പ നല്‍കും, മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കും എന്നതും യുഡിഎഫ് ഉറപ്പ് നല്കി.
സംസ്ഥാനത്തിന്റെ സമഗ്ര വികസനവും സാധാരണക്കാരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുമാണ് ലക്ഷ്യമെന്ന് നേതാക്കള്‍ വ്യക്തമാക്കി. പുതിയ സാങ്കേതിക വിദ്യകളും ക്ഷേമ പദ്ധതികളും ഉപയോഗപ്പെടുത്തി ”പുതുയുഗ കേരളം” സൃഷ്ടിക്കാനുള്ള ദിശയിലാണ് പ്രകടന പത്രിക രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും യുഡിഎഫ് അറിയിച്ചു.
Health
മാതാപിതാക്കൾ ശ്രദ്ധിച്ചാൽ ഓട്ടിസം നേരത്തെ തിരിച്ചറിയാം
ശ്രിനില.പി.
പീഡിയാട്രിക് സൈക്കോളജിസ്റ്റ്
ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റൽ അരീക്കോട്
ശ്രിനില.പി.
പീഡിയാട്രിക് സൈക്കോളജിസ്റ്റ്
ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റൽ അരീക്കോട്
“ഡോക്ടറേ…ഞാൻ എന്റെ കുഞ്ഞിനെ മാറോടു ചേർത്തുപിടിച്ച് എത്ര ലാളിച്ചാലും അവൻ ഒന്ന് ചിരിക്കുകയോ സ്നേഹത്തോടെ എന്റെ മുഖത്ത് തലോടുകയോ.. ഒന്നുമില്ല. എത്ര സ്നേഹത്തോടെ വിളിച്ചാലും വിളി കേൾക്കാൻ പോലും കുഞ്ഞ് തയാറല്ല”. കഴിഞ്ഞ ദിവസം ആശുപത്രിയിൽ വച്ച് നിറകണ്ണുകളോടെ സംസാരിച്ച ഒരമ്മയുടെ വാക്കുകൾ എന്റെ മനസ്സിൽ ഇപ്പോഴുമുണ്ട്. കുഞ്ഞിന്റെ അച്ഛൻ ഒന്നും മിണ്ടാനാകാതെ തങ്ങളുടെ രണ്ടര വയസ്സുകാരനായ മകനെ നോക്കി നിസ്സഹായനായി നിൽക്കുകയായിരുന്നു. ആ കുരുന്നാകട്ടെ അവിടെ നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ നിലത്തിരുന്ന് അവന് കൊടുത്ത കളിപ്പാട്ടങ്ങൾ വരിവരിയായി അടുക്കിവെക്കുന്ന തിരക്കിലും. സ്വന്തം കുഞ്ഞിന്റെ കൊച്ചു ലോകത്തേക്ക് കടന്നുചെല്ലാനാകാതെ, അവനൊരുമ്മ നൽകാൻ പോലും കഴിയാതെ ആ ലോകത്തിന് പുറത്തുനിൽക്കേണ്ടി വരുന്ന മാതാപിതാക്കളുടെ നെഞ്ചുരുകുന്ന വേദന ഒരു ഡോക്ടർക്ക് എളുപ്പം മനസിലാക്കാൻ കഴിയും.
പലപ്പോഴും കുട്ടികളുടെ കുറുമ്പാണെന്നോ സംസാരം തുടങ്ങാനുള്ള കാലതാമസമാണെന്നോ കരുതി നമ്മൾ നിസ്സാരവൽക്കരിക്കുന്ന ഈ അകൽച്ച ഒരുപക്ഷേ ഓട്ടിസത്തിന്റെ ആദ്യ ലക്ഷണങ്ങളിൽ ഒന്നാകാം. കുഞ്ഞിന്റെ ആശയവിനിമയ ശേഷിയെയും ചുറ്റുപാടുകളോടുള്ള ഇടപെടലുകളെയും ബാധിക്കുന്ന ഒരു സങ്കീർണ്ണമായ അവസ്ഥയാണിത്. മൂന്ന് വയസ്സിന് മുൻപ് തന്നെ ഇതിന്റെ സൂചനകൾ പ്രകടമാകാറുണ്ട്. ഈ അവസ്ഥയെ എത്രയും വേഗം തിരിച്ചറിയുക എന്നതാണ് ആ കുരുന്നുകൾക്ക് നമുക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ കരുതലും സ്നേഹവും. കാരണം, കൃത്യസമയത്തുള്ള ഇടപെടലുകളിലൂടെ ആ കുഞ്ഞുങ്ങളുടെ അടഞ്ഞുകിടക്കുന്ന ലോകത്തിന്റെ വാതിലുകൾ മെല്ലെ തുറക്കാനും അവരെ കൈപിടിച്ചുയർത്താനും നമുക്ക് സാധിക്കും.
രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട ആദ്യകാല ലക്ഷണങ്ങൾ
രോഗനിർണ്ണയത്തിനും തുടർചികിത്സയ്ക്കും ലക്ഷണങ്ങൾ നേരത്തെ തന്നെ തിരിച്ചറിയുക എന്നത് അത്യാവശ്യമാണ്. മാതാപിതാക്കൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് കുട്ടികളുടെ ആശയവിനിമയത്തിലും പെരുമാറ്റത്തിലുമുള്ള വ്യതിയാനങ്ങളാണ്. ഒൻപത് മുതൽ പന്ത്രണ്ട് മാസം വരെ പ്രായമായിട്ടും പേര് വിളിച്ചാൽ പ്രതികരിക്കാതിരിക്കുക, മറ്റുള്ളവരോട് പുഞ്ചിരിക്കാൻ മടികാണിക്കുക, കണ്ണുകളിൽ നോക്കാതിരിക്കുക, അങ്ങോട്ടുമിങ്ങോട്ടും ആശയവിനിമയം നടത്താൻ ബുദ്ധിമുട്ട് കാണിക്കുക എന്നിവയൊക്കെ സാമൂഹിക ഇടപെടലുകളിലെ പോരായ്മകളുടെ സൂചനകളാണ്.
ഇതിനൊപ്പം തന്നെ സംസാരത്തിലും ഭാഷാശേഷിയിലുമുള്ള കാലതാമസവും പ്രത്യേകം ശ്രദ്ധിക്കണം. പന്ത്രണ്ട് മാസമായിട്ടും ബബ്ലിങ് ശബ്ദങ്ങൾ പുറപ്പെടുവിക്കാതിരിക്കുക, പതിനാറ് മാസമായിട്ടും വാക്കുകൾ പറയാതിരിക്കുക, വിരൽ ചൂണ്ടുകയോ കൈവീശി കാണിക്കുകയോ പോലുള്ള ആംഗ്യങ്ങൾ ഉപയോഗിക്കാതിരിക്കുക എന്നിവ ഓട്ടിസത്തിന്റെ ലക്ഷണങ്ങളാകാം. ഇതിനെല്ലാം പുറമെ, കുട്ടി നേരത്തെ സംസാരിച്ചിരുന്ന വാക്കുകളോ നേടിയെടുത്ത കഴിവുകളോ പിന്നീട് നഷ്ടപ്പെട്ടുപോകുന്ന അവസ്ഥയും വളരെ ഗൗരവമായി തന്നെ കാണേണ്ടതുണ്ട്.
ചില പ്രത്യേകതരം പെരുമാറ്റങ്ങളും വിനോദങ്ങളോടുള്ള അമിതമായ താല്പര്യവും ഈ കുട്ടികളിൽ കാണാം. കൈകൾ പ്രത്യേക രീതിയിൽ ചലിപ്പിക്കുക, വട്ടം കറങ്ങുക, മുന്നോട്ടും പിന്നോട്ടും ആടുക, ഒരേ പ്രവൃത്തികളോ ശബ്ദങ്ങളോ തന്നെ ആവർത്തിച്ച് ചെയ്യുക തുടങ്ങിയവ ഇതിൽപ്പെടും. ഇവർക്ക് കൃത്യമായ ദിനചര്യകളോട് വലിയ താല്പര്യമായിരിക്കും. എന്നാൽ അതിൽ ചെറിയ മാറ്റങ്ങൾ വന്നാൽ പോലും അവർ വലിയ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്യും. ചില പ്രത്യേക വസ്തുക്കളോടോ വിഷയങ്ങളോടോ ഇവർക്ക് അമിതമായ ആകർഷണവും ഉണ്ടാകാം.
അനുഭവങ്ങളോടുള്ള ഇവരുടെ പ്രതികരണവും തികച്ചും വ്യത്യസ്തമായിരിക്കും. ഉച്ചത്തിലുള്ള ശബ്ദം, തീവ്രമായ വെളിച്ചം, ചില പ്രത്യേകതരം സ്പർശനങ്ങൾ എന്നിവയോട് ഇവർ അമിതമായി പ്രതികരിച്ചേക്കാം. എന്നാൽ, വേദനയോട് ഇവർ വളരെ കുറഞ്ഞ രീതിയിലാകും പ്രതികരിക്കുക. കുട്ടികളുടെ കളികളിലും ഈ വ്യത്യാസം പ്രകടമാണ്. സാങ്കൽപ്പിക കഥാപാത്രങ്ങളായുള്ള കളികളിൽ ഇവർക്ക് താല്പര്യമുണ്ടാകില്ല. മറ്റുള്ളവരുമായി ചേർന്ന് കളിക്കുന്നതിന് പകരം ഒറ്റയ്ക്ക് കളിക്കാനാകും ഇവർക്കിഷ്ടം. കളിപ്പാട്ടങ്ങൾ വെറുതെ വരിവരിയായി അടുക്കിവെക്കുന്നത് പോലുള്ള ആവർത്തന സ്വഭാവമുള്ള കളികളിലാകും ഇവർ എപ്പോഴും ഏർപ്പെടുക.
ആദ്യകാല ഇടപെടലുകൾ അനിവാര്യം
വികാസത്തിൽ കാലതാമസം നേരിടുന്നതോ അല്ലെങ്കിൽ ഡെവലപ്മെന്റൽ ഡിസോർഡറുകൾ വരാൻ സാധ്യതയുള്ളതോ ആയ കുട്ടികൾക്ക് ജനനം മുതൽ ഏകദേശം ആറ് വയസ്സ് വരെ നൽകുന്ന ചിട്ടയായ തെറാപ്പികളും വിദ്യാഭ്യാസപരമായ പിന്തുണയുമാണ് ഏർളി ഇന്റർവെൻഷൻ എന്ന് അറിയപ്പെടുന്നത്. ഈ ഇടപെടലുകൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കുട്ടിയുടെ ആശയവിനിമയ ശേഷിയും ഭാഷാ നൈപുണ്യവും വളർത്തിയെടുക്കുന്നതിലാണ്. ഇതിനൊപ്പം സാമൂഹിക ഇടപെടലുകൾ മെച്ചപ്പെടുത്താനും, വാശിയും ദേഷ്യവും പോലുള്ള സങ്കീർണ്ണമായ പെരുമാറ്റങ്ങളെ നിയന്ത്രിക്കാനും ഇത്തരം തെറാപ്പികൾ സഹായിക്കും. മറ്റുള്ളവരെ ആശ്രയിക്കാതെ ദൈനംദിന കാര്യങ്ങൾ സ്വയം ചെയ്യാനും സാഹചര്യങ്ങളോട് ഇണങ്ങിച്ചേരാനുള്ള കഴിവ് വളർത്താനും കുട്ടിയെ പ്രാപ്തനാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഓട്ടിസത്തിന് തെറാപ്പി അനിവാര്യം
ഓട്ടിസം എന്നത് മരുന്നുകൾ കൊണ്ട് പൂർണ്ണമായും ഭേദമാക്കാൻ കഴിയുന്ന ഒരു രോഗമല്ല എന്ന് മാതാപിതാക്കൾ ആദ്യം തന്നെ മനസ്സിലാക്കേണ്ടതുണ്ട്. മറിച്ച്, ഓരോ കുട്ടിയുടെയും വ്യക്തിപരമായ ബുദ്ധിമുട്ടുകൾ കണ്ടറിഞ്ഞുള്ള ഒരു കൂട്ടായ പരിശ്രമമാണ് ഇതിന്റെ ചികിത്സ. ഇതിൽ പ്രധാനമായും ഉൾപ്പെടുന്നത് വിവിധ തെറാപ്പികളാണ്. കുട്ടികളുടെ ആശയവിനിമയ ശേഷിയും ഭാഷാശേഷിയും മെച്ചപ്പെടുത്താൻ സ്പീച്ച് തെറാപ്പികൾ സഹായിക്കുമ്പോൾ, ദൈനംദിന കാര്യങ്ങൾ സ്വയം ചെയ്യാനും പഞ്ചേന്ദ്രിയങ്ങളിലൂടെയുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാനും ഒക്യുപ്പേഷണൽ തെറാപ്പിയാണ് നൽകുന്നത്. കൂടാതെ, കുട്ടികളുടെ പെരുമാറ്റത്തിലെ പ്രശ്നങ്ങൾ നിയന്ത്രിക്കാനും നല്ല ശീലങ്ങൾ വളർത്തിയെടുക്കാനും ബിഹേവിയറൽ തെറാപ്പികൾ വളരെ ഫലപ്രദമാണ്. കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ സ്പെഷ്യൽ എഡ്യൂക്കേഷന്റെ സഹായവും തേടാവുന്നതാണ്. ഓട്ടിസത്തിന് മാത്രമായി പ്രത്യേകിച്ച് മരുന്നുകൾ ഇല്ലെങ്കിലും, ഇതിനോടനുബന്ധിച്ച് കാണപ്പെടുന്ന അമിതമായ ദേഷ്യം, ഉറക്കമില്ലായ്മ, അമിത ശ്രദ്ധക്കുറവ് തുടങ്ങിയ അനുബന്ധ പ്രശ്നങ്ങൾക്ക് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മരുന്നുകൾ നൽകേണ്ടി വന്നേക്കാം.
എപ്പോഴാണ് വിദഗ്ദ്ധ സഹായം തേടേണ്ടത്?
കുട്ടിയുടെ വളർച്ചയുടെ നാഴികക്കല്ലുകളിൽ എന്തെങ്കിലും കാലതാമസം നേരിടുന്നുണ്ടെങ്കിലോ, ആർജ്ജിച്ചെടുത്ത കഴിവുകൾ നഷ്ടപ്പെടുന്നുണ്ടെങ്കിലോ ഉടൻ തന്നെ മാതാപിതാക്കൾ പ്രൊഫഷണൽ സഹായം തേടേണ്ടതാണ്. സാമൂഹികമായോ ആശയവിനിമയപരമായോ എന്തെങ്കിലും ആശങ്കകൾ തോന്നിയാലും ഒട്ടും വൈകരുത്. ആദ്യകാല സ്ക്രീനിംഗ് ടൂളുകളുടെ സഹായത്തോടെ പീഡിയാട്രീഷ്യൻമാർ, സൈക്കോളജിസ്റ്റുകൾ, അല്ലെങ്കിൽ ഡെവലപ്മെന്റൽ സ്പെഷ്യലിസ്റ്റുകൾ എന്നിവർക്ക് കുട്ടിയെ പരിശോധിച്ച് നിങ്ങളുടെ ആശങ്കകൾ സ്ഥിരീകരിക്കാനും ആവശ്യമായ തുടർനടപടികൾ കൃത്യമായി നിർദ്ദേശിക്കാനും കഴിയും.
മാതാപിതാക്കളുടെ പങ്ക്
നേരത്തെയുള്ള ഇടപെടലുകൾ വിജയകരമാകണമെങ്കിൽ അതിൽ മാതാപിതാക്കളുടെയും പരിചരിക്കുന്നവരുടെയും പങ്ക് വളരെ വലുതാണ്. കുട്ടിയുടെ ഓരോ വികസന മാറ്റങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുക എന്നതാണ് ആദ്യപടി. അർത്ഥവത്തായ ആശയവിനിമയങ്ങളിലൂടെയും കളികളിലൂടെയും കുട്ടിയുമായി നിരന്തരം ഇടപഴകുകയും അവർക്കായി കൃത്യമായ ഒരു ദിനചര്യ ചിട്ടപ്പെടുത്തുകയും വേണം. ഇതിനെല്ലാം ഉപരിയായി, തെറാപ്പിസ്റ്റുകളുമായും മറ്റ് പ്രൊഫഷണലുകളുമായും ചേർന്ന് പ്രവർത്തിക്കാൻ മാതാപിതാക്കൾ തയ്യാറാകുമ്പോഴാണ് ഏറ്റവും മികച്ച ഫലം ലഭിക്കുന്നത്.
News
മുണ്ടക്കൈ ടൗണ്‍ഷിപ്പ്: ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു മാസം; പണികള്‍ ഇഴഞ്ഞ് നീങ്ങുന്നു
പുനരധിവാസ പദ്ധതിയുടെ വേഗത വര്‍ധിപ്പിക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ശക്തമാകുന്നത്.
വയനാട്: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും മന്ദഗതിയിലാണെന്ന് റിപ്പോര്‍ട്ട്.
മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തിട്ട് ഒരു മാസം കഴിഞ്ഞിട്ടും വീടുകള്‍ താമസയോഗ്യമാകാത്തത് ദുരന്തബാധിതരില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഏകദേശം 178 കുടുംബങ്ങള്‍ ഇപ്പോഴും വാടക വീടുകളില്‍ തുടരുകയാണ്. പുറത്തേക്ക് ”പണി പൂര്‍ത്തിയായി” എന്ന തെറ്റായ ധാരണ ഉണ്ടെങ്കിലും യാഥാര്‍ത്ഥ്യത്തില്‍ പല വീടുകളിലും നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. പ്ലമ്പിംഗ്, ടൈല്‍സ്, വൈദ്യുതി തുടങ്ങിയ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ പോലും പലിടങ്ങളിലും തുടരുകയാണ്.
നിര്‍മാണം മന്ദഗതിയിലാകാന്‍ തൊഴിലാളികളുടെ കുറവ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നു. ഉദ്ഘാടനം കഴിഞ്ഞതിന് ശേഷം തൊഴിലാളികളുടെ എണ്ണം കുറഞ്ഞതും തിരഞ്ഞെടുപ്പ് സാഹചര്യവും പ്രവൃത്തികളെ ബാധിച്ചു. വാടകവീടുകളില്‍ തുടരുന്നത് സാമ്പത്തികമായി വലിയ ഭാരം സൃഷ്ടിക്കുന്നതായി ദുരന്തബാധിതര്‍ പറയുന്നു. സര്‍ക്കാര്‍ സഹായം ലഭിച്ചാലും അധിക ചെലവ് കുടുംബങ്ങളെ ബാധിക്കുന്നുണ്ട്.
അതേസമയം, ഏപ്രില്‍ ആദ്യവാരത്തോടെ വീടുകള്‍ താമസയോഗ്യമാക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മഴക്കാലത്തിന് മുന്‍പ് പുനരധിവാസം പൂര്‍ത്തിയാക്കണമെന്നതാണ് ദുരന്തബാധിതരുടെ പ്രധാന ആവശ്യം. ചുരുക്കത്തില്‍ പുനരധിവാസ പദ്ധതിയുടെ വേഗത വര്‍ധിപ്പിക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ശക്തമാകുന്നത്.
News
ഇന്ത്യന്‍ ആഭ്യന്തര വ്യോമയാന മേഖല കീഴടക്കി ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും; 91 ശതമാനവും രണ്ട് കമ്പനികള്‍ക്ക്
തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സാഗരിക ഘോഷ് ഉന്നയിച്ച ചോദ്യത്തിന് രാജ്യസഭയില്‍ സിവില്‍ ഏവിയേഷന്‍ സഹമന്ത്രി മുരളീധര്‍ മൊഹോള്‍ നല്കിയ രേഖാമൂലമുള്ള മറുപടിയിലാണ് ഈ കണക്കുകള്‍ പ്രസ്താവിച്ചത്.
ന്യൂഡല്‍ഹി: രാജ്യത്തെ ആഭ്യന്തര വ്യോമയാന വിപണിയുടെ 91 ശതമാനവും കീഴടക്കി ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും. ഇന്‍ഡിഗോ 64 ശതമാനവും ബാക്കിയുള്ള 27 ശതമാനം എയര്‍ ഇന്ത്യ ഗ്രൂപ്പും സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സാഗരിക ഘോഷ് ഉന്നയിച്ച ചോദ്യത്തിന് രാജ്യസഭയില്‍ സിവില്‍ ഏവിയേഷന്‍ സഹമന്ത്രി മുരളീധര്‍ മൊഹോള്‍ നല്കിയ രേഖാമൂലമുള്ള മറുപടിയിലാണ് ഈ കണക്കുകള്‍ പ്രസ്താവിച്ചത്. ഇന്ത്യന്‍ ആഭ്യന്തര വ്യോമയാന മേഖല ഫലത്തില്‍ രണ്ട് കമ്പനികളുടെ നിയന്ത്രണത്തിലായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം നിരീക്ഷിച്ചു.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) നല്കുന്ന 2025-26 കാലയളവിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റു വിമാനക്കമ്പനികള്‍ ബഹുദൂരം പിന്നിലാണ്. ആകാശ എയര്‍ 4.8 ശതമാനം, സ്പൈസ് ജെറ്റ് 3.9 ശതമാനം എന്നിങ്ങനെയാണ് വിപണി വിഹിതം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അലയന്‍സ് എയറിന് കേവലം 0.4 ശതമാനം മാത്രമാണ് പങ്കാളിത്തം. പ്രാദേശിക വിമാനക്കമ്പനികളായ ഫ്ലൈ91, ഇന്ത്യവണ്‍ എയര്‍, സ്റ്റാര്‍ എയര്‍ എന്നിവക്ക് യഥാക്രമം 0.2 ശതമാനം, 0.01 ശതമാനം, 0.6 ശതമാനം എന്നിങ്ങനെയാണ് ഓഹരി പങ്കാളിത്തം.
അതേസമയം, ഇന്‍ഡിഗോയുടെ മാതൃസ്ഥാപനമായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ 2023ല്‍ 36 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയതിനെക്കുറിച്ചുള്ള വിമര്‍ശനങ്ങളു പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തി. വന്‍കിട കമ്പനികള്‍ വിപണി കുത്തകയാക്കി മാറ്റുന്നതും സേവനങ്ങളില്‍ വീഴ്ച വരുത്തുന്നതും യാത്രക്കാര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.
-
News3 days agoപ്രകാശ് രാജിന്റെ മാതാവ് സുവര്‍ണലത അന്തരിച്ചു; വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം
-
kerala2 days agoരാഹുല്‍ ഗാന്ധി ഇന്ന് മലബാറില്‍; കോഴിക്കോടും കണ്ണൂരും പര്യടനം നടത്തും
-
editorial2 days agoഅഴിഞ്ഞുവീഴുന്ന പി.ആര് മൂടുപടം
-
kerala2 days agoമുഖാമുഖ ചര്‍ച്ചയ്ക്കില്ല; വി.ഡി. സതീശനെ ഞാന്‍ ക്ഷണിച്ചത് ഫെയ്സ്ബുക്ക് സംവാദത്തിനെന്ന് മുഖ്യമന്ത്രി
-
News2 days agoഇന്ത്യന്‍ ആഭ്യന്തര വ്യോമയാന മേഖല കീഴടക്കി ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും; 91 ശതമാനവും രണ്ട് കമ്പനികള്‍ക്ക്
-
editorial1 day agoന്യൂനപക്ഷ വേട്ടക്ക് മറ്റൊരു നിയമം കൂടി
-
News1 day agoമുണ്ടക്കൈ ടൗണ്‍ഷിപ്പ്: ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു മാസം; പണികള്‍ ഇഴഞ്ഞ് നീങ്ങുന്നു
-
Health49 mins agoമാതാപിതാക്കൾ ശ്രദ്ധിച്ചാൽ ഓട്ടിസം നേരത്തെ തിരിച്ചറിയാം

