ഫസ്‌ന ഫാത്തിമ

വാഷിങ്ടണ്‍: തീവ്രവാദത്തെ ഏതെങ്കിലും മതവുമായോ കുടിയേറ്റക്കാരുമായോ ബന്ധപ്പെടുത്താനാവില്ലെന്ന് അമേരിക്കന്‍ പ്രതിനിധി സഭാംഗവും മലയാളിയുമായ പ്രമീള ജയപാല്‍. ആഗോളതലത്തില്‍ അത്തരമൊരു പ്രചാരണം വ്യാപകമായിട്ടുണ്ട്. എന്നാല്‍ അത് തീര്‍ത്തും അടിസ്ഥാനവിരുദ്ധമാണ്. കുടിയേറ്റ നയങ്ങള്‍ കര്‍ക്കശമാണെങ്കിലും യാഥാര്‍ത്ഥ്യബോധത്തോടെയാണ് യു.എസ് ഭരണകൂടം നീക്കം നടത്തുന്നത്. മുസ്‌ലിംകള്‍ ഉള്‍പ്പെടെ ഏതെങ്കിലുമൊരു മതവിഭാഗത്തെയോ കുടിയേറ്റക്കാരെയോ മാറ്റി നിര്‍ത്തി ഒരു രാജ്യത്തിനും മുന്നോട്ടുപോകാനാവില്ലെന്നും അവര്‍ പറഞ്ഞു. വാഷിങ്ടണിലെത്തിയ മലയാളി മാധ്യമ പ്രതിനിധി സംഘത്തോട് സംസാരിക്കുകയായിരുന്നു അവര്‍.
യു.എസ് സാമൂഹിക ഘടനയില്‍ എല്ലാവര്‍ക്കും തുല്യനീതിയാണ് ഉറപ്പുവരുത്തുന്നത്. രാജ്യത്തുണ്ടാകുന്ന അനിഷ്ടസംഭവങ്ങള്‍ക്കും ആക്രമണ പ്രവണതകള്‍ക്കും കുടിയേറ്റക്കാരാണ് കാരണമെന്ന തരത്തില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനവിരുദ്ധമാണ്. എല്ലാ വിഭാഗം ആളുകള്‍ക്കും തുല്യമായ അവസരമൊരുക്കുന്ന രാഷ്ട്രീയ സാമ്പത്തിക ഘടനയാണ് യു.എസിലുള്ളത്. അതിന് ഉത്തമ ഉദാഹരണം താന്‍ തന്നെയാണ്. കുടിയേറ്റക്കാരിയായ തനിക്ക് ഒരിക്കലും അത്തരം കാരണങ്ങള്‍ കൊണ്ട് എവിടെയും മാറി നില്‍ക്കേണ്ടി വന്നിട്ടില്ലെന്നും പ്രമീള പറഞ്ഞു. അതേസമയം, ഏഴു മുസ്‌ലിംകള്‍ രാജ്യങ്ങള്‍ക്കെതിരെ ട്രംപ് ഭരണകൂടം ചുമത്തിയ യാത്രാവിലക്കില്‍ പ്രമീള അതൃപ്തി രേഖപ്പെടുത്തി. ഭരണകൂടങ്ങള്‍ മാറി വരുന്നുണ്ടെങ്കിലും രാജ്യത്തിന്റെ നയങ്ങളില്‍ യാതൊരു മാറ്റവും സംഭവിക്കുന്നില്ല. രാജ്യ സുരക്ഷക്കാണ് അമേരിക്ക പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ കുടിയേറ്റ നയത്തിന്റെ ഭാഗമായി ഏഴു മുസ്‌ലിം രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് ദൗര്‍ഭാഗ്യകരമാണെന്നും ഡെമോക്രാറ്റ് നേതാവായ അവര്‍ പറഞ്ഞു.
കേരളത്തില്‍ ജനിച്ചു വളര്‍ന്ന പ്രമീള 16ാം വയസ്സിലാണ് അമേരിക്കയിലേക്ക് കുടിയേറുന്നത്. വാഷിങ്ടണ്‍ സ്‌റ്റേറ്റ് സെനറ്റില്‍ ഏഴാം ലെജിസ്ലേറ്റീവ് ജില്ലയെ പ്രതിനിധീകരിക്കുന്ന പ്രമീള അമേരിക്കന്‍ കോണ്‍ഗ്രസ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി വനിതയാണ്. വാഷിങ്ടണ്‍ സ്‌റ്റേറ്റ് സെനറ്ററായിരുന്ന ആദം ക്ലീനെയുടെ പിന്‍ഗാമിയായാണ് പ്രമീള യു.എസ് കോണ്‍ഗ്രസിലെത്തിയത്. പ്രമീള തുടക്കമിട്ട ഹേറ്റ് ഫ്രീ അമേരിക്ക (#Hate free America) പദ്ധതി ഇതിനോടകം ജനശ്രദ്ധ നേടിയിട്ടുണ്ട്. കുടിയേറ്റ അനുകൂല അഭിഭാഷക സംഘമായ വണ്‍ അമേരിക്കയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി പ്രവര്‍ത്തിച്ച അവര്‍ 2001ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ശേഷം വിദ്വേഷ വിരുദ്ധ മേഖല (Hate free Zone) എന്ന പേരില്‍ അഭിഭാഷക സംഘം രൂപീകരിച്ചിരുന്നു. ഇതാണ് പിന്നീട് ഹേറ്റ് ഫ്രീ അമേരിക്കയായി മാറ്റപ്പെട്ടത്.