ന്യൂഡല്‍ഹി: പൂല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനും ജയ്‌ഷെ മുഹമ്മദ് മേധാവിയുമായ മൗലാനാ മസൂദ് അസ്ഹറിനെയും ലഷ്‌കര്‍ നേതാക്കളായ ഹാഫിസ് സഈദ്, സക്കീഉറഹ്മാന്‍ എന്നിവരെയും അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെയും കേന്ദ്രസര്‍ക്കാര്‍ ഭീകരരായി പ്രഖ്യാപിച്ചു. ഭീകരബന്ധമുള്ള വ്യക്തിയെ ഭീകരനായി പ്രഖ്യാപിക്കാന്‍ എന്‍.ഐ.എക്ക് അധികാരം നല്‍കുന്ന യു.എ.പി.എ ഭേദഗതി നിയമപ്രകാരമാണ് കേന്ദ്ര നടപടി. ഇതുവരെ സംഘടനകളെ മാത്രമേ ഭീകരരമായി പ്രഖ്യാപിച്ചിരുന്നുള്ളൂ. മസൂദ് അസ്ഹറും ഹാഫിസ് മുഹമ്മദ് സഈദും ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതുകൊണ്ട് ഇരുവരെയും ഭീകരന്മാരായി പ്രഖ്യാപിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പത്രക്കുറിപ്പില്‍ പറയുന്നു. 2008ലെ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയാണ് ഹാഫിസ് മുഹമ്മദ് സഈദ്. 1993ല്‍ 300ലേറെ പേര്‍ കൊല്ലപ്പെട്ട മുംബൈ സ്‌ഫോടനത്തില്‍ ദാവൂദ് ഇബ്രാഹീമിന് മുഖ്യപങ്കുണ്ട്. ഇയാളിപ്പോള്‍ പാകിസ്താനില്‍ ജീവിക്കുന്നത്. ലഷ്‌കറിന്റെ ചീഫ് ഓപ്പറേഷണല്‍ കമാന്‍ഡറാണ് സകീഉറഹ്മാന്‍.