മുംബൈ: മതവര്‍ഗ്ഗീയവാദികളുടെ ആക്രമണത്തെ തുടര്‍ന്ന് പരസ്യം പിന്‍വലിച്ച തനിഷ്‌ക് ഉടമകളെ വിമര്‍ശിച്ച് നടിമാരായ സ്വരഭാസ്‌ക്കറും സോണി റസ്ദാനും. പ്രിയ തനിഷ്‌ക്, കുറച്ച് അധിക്ഷേപങ്ങള്‍ ഒരു രാജ്യത്തെ സൃഷ്ടിക്കുന്നില്ലെന്ന് സോണി റസ്ദാന്‍ പറഞ്ഞു. എന്നാല്‍ നട്ടെല്ലില്ലാത്തതില്‍ നിരാശ തോന്നുന്നുവെന്ന് സ്വരഭാസ്‌ക്കറും വിമര്‍ശിച്ചു. ഹിന്ദുത്വ ശക്തികളുടെ തനിഷ്‌ക് ജ്വല്ലറികള്‍ക്ക് നേരെ വ്യാപകമായ ആക്രമണത്തെ തുടര്‍ന്നാണ് മിശ്രവിവാഹിതരുടെ പരസ്യം പിന്‍വലിച്ചത്.

‘നട്ടെല്ലില്ലാത്തതില്‍ സങ്കടം. ഒപ്പം ബോധ്യവും. നിരവധി സ്ത്രീകള്‍ക്ക് ദിനംപ്രതി സോഷ്യല്‍ മീഡിയയില്‍ വധഭീഷണി നേരിടുന്നു. അവര്‍ അതിനെ നേരിടുന്നു. എന്നാല്‍ ഏതാനും ദിവസത്തെ ട്രോളിനെ നേരിടാനുള്ള ധൈര്യം പോലും ഒരു വലിയ കോര്‍പ്പറേറ്റ് സ്ഥാപനത്തിന് ഇല്ലാത്തത് നിര്‍ഭാഗ്യകരമാണ്.’- സ്വരഭാസ്‌ക്കര്‍ പറഞ്ഞു. നിങ്ങളുടെ ഉപദേശകരെ മാറ്റുക. പ്രിയ തനിഷ്‌ക്, കുറച്ച് അധിക്ഷേപങ്ങള്‍ ഒരു രാജ്യത്തെ സൃഷ്ടിക്കുന്നില്ലെന്ന് സോണി റസ്ദാനും പറഞ്ഞു.

ലൗ ജിഹാദിനു പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ഒരു വിഭാഗം ഹിന്ദുത്വര്‍ സാമുഹിക മാധ്യമങ്ങളിലൂടെ ആദ്യം പരസ്യത്തിനെതിരേ രംഗത്തെത്തിയത്. പരസ്യത്തിനെതിരായ നീക്കങ്ങളെ കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂര്‍, എഴുത്തുകാരന്‍ ചേതന്‍ ഭഗത് തുടങ്ങിയവര്‍ അപലപിക്കുകയും ഇത് ഇന്ത്യയുടെ ആശയത്തിന് എതിരാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, വിവാദവും ഭീഷണിയും ഭയന്ന് പരസ്യം ചൊവ്വാഴ്ച തന്നെ തനിഷ്‌ക് ജ്വല്ലറി അധികൃതര്‍ പിന്‍വലിച്ചിരുന്നു.

വികാരം വ്രണപ്പെടുത്താന്‍ കാരണമായതില്‍ അതിയായ ദുഖമുണ്ടെന്നും വീഡിയോ പിന്‍വലിക്കുകയാണെന്നുമായിരുന്നു തനിഷ്‌ക് വാര്‍ത്താകുറിപ്പില്‍ അറിയിച്ചത്. ‘അശ്രദ്ധമായി വികാരം വ്രണപ്പെട്ടതില്‍ ഞങ്ങള്‍ അതീവ ദുഖിതരാണെന്നും ജീവനക്കാരുടെയും പങ്കാളികളുടെയും സ്റ്റോര്‍ ജീവനക്കാരുടെയും വേദനയും വികാരങ്ങളും ക്ഷേമവും കണക്കിലെടുത്ത് വീഡിയോ പിന്‍വലിക്കുന്നുവെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.