ന്യൂഡല്‍ഹി: ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തിയുള്ള ഇന്ത്യ-ദക്ഷിണാഫ്രിക്ക പഞ്ചമല്‍സര ടി-20 പരമ്പരക്ക് നാളെ ഇവിടെ തുടക്കമാവുമ്പോള്‍ കോച്ച് രാഹുല്‍ ദ്രാവിഡ് ആദ്യ ഇലവനില്‍ ആര്‍ക്കെല്ലാം അവസരം നല്‍കും. നായകന്‍ രോഹിത് ശര്‍മ, സീനിയര്‍ ബാറ്റര്‍ വിരാത് കോലി, സീനിയര്‍ സീമര്‍ ജസ്പ്രീത് ബുംറ എന്നിവരില്ലാതെ കളിക്കുന്ന സംഘത്തിന്റെ നായകന്‍ കെ.എല്‍ രാഹുലാണ്.

പുത്തന്‍ അതിവേഗക്കാരന്‍ ഉംറാന്‍ മാലിക്, ഐ.പി.എല്ലില്‍ അടിപൊളി ഫിനിഷറായി മാറിയ ദിനേശ് കാര്‍ത്തിക് എന്നിവരെല്ലാം ടീമിലുള്ളപ്പോള്‍ ആദ്യ ഇലവനെ തീരുമാനിക്കുക എളുപ്പമുള്ള കാര്യമല്ല. രാഹുലും ഇഷാന്‍ കിഷനും ഇന്നിംഗ്‌സിന് തുടക്കമിടുമ്പോള്‍ കോലി ഇല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ മൂന്നാം നമ്പറില്‍ ശ്രേയാംസ് അയ്യര്‍ വരും.

ലങ്കക്കെതിരായ പരമ്പരയില്‍ അപാര ഫോമിലായിരുന്നു അയ്യര്‍. നാലാം നമ്പറിലാണ് പ്രശ്‌നം. ദീപക് ഹുദ ഐ.പി.എല്ലില്‍ മിന്നും മികവിലായിരുന്നു. മൂന്ന് മുതല്‍ ആര് വരെയുള്ള സ്ഥാനങ്ങളില്‍ അദ്ദഹം അനുയോജ്യന്‍. സുര്യകുമാര്‍ യാദവോ, ഹാര്‍ദിക് പാണ്ഡ്യയോ അടുത്ത സ്ഥാനത്ത് വരും. ഹാര്‍ദിക് അപാര ഫോമിലാണ്. ഗുജറാത്ത് ടൈറ്റന്‍സിന് ഐ.പി.എല്‍ കിരീടം സമ്മാനിച്ച നായകന്‍. ബാറ്റിംഗിന് പുറമെ നാലോവര്‍ പന്തെറിയാനുമാവും. പിറകെ റിഷാഭ് പന്തും. രാജസ്ഥാന്‍ റോല്‍യസിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തി ഐ.പി.എല്‍ സീസണില്‍ 27 ഇരകളെ കണ്ടെത്തിയ യൂസവേന്ദ്ര ചാഹല്‍ തന്നെ ടീമിലെ നമ്പര്‍ വണ്‍ സ്പിന്നര്‍. രണ്ടാം സ്പിന്നറായി അക്‌സര്‍ പട്ടേലിനായിരിക്കും അവസരം. ബുംറ, ഷമി, ദീപക് ചാഹര്‍ എന്നിവരൊന്നുമില്ലാത്ത സാഹചര്യത്തില്‍ പ്രധാന സീമര്‍ ഭുവനേശ്വര്‍ കുമാര്‍ തന്നെ. അദ്ദേഹത്തിനൊപ്പം ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി 22 വിക്കറ്റുമായി അരങ്ങ് തകര്‍ത്ത കശ്മീരുകാരന്‍ ഉംറാന്‍ മാലിക് വരാനാണ് സാധ്യത.

നാളെയുടെ ഇന്ത്യന്‍ സീമര്‍ എന്നാണ് ഐ.പി.എല്‍ വേളയില്‍ ഉംറാനെ ക്രിക്കറ്റ് നിരീക്ഷകര്‍ വിലയിരുത്തിയത്. വേഗമാണ് യുവതാരത്തിന്റെ കരുത്ത്. മധ്യ ഓവറുകളില്‍ പ്രതിയോഗികളെ വിറപ്പിക്കാന്‍ ഈ വേഗതയില്‍ ഉംറാനാവുമെന്നാണ് കരുതപ്പെടുന്നത്. ജസ്പ്രീത് ബുംറക്കൊപ്പം ഭാവിയില്‍ ഇന്ത്യന്‍ ടെസ്റ്റ് സംഘത്തില്‍ പോലും ഉംറാന്‍ കരുത്തനായി മാറുമെന്നാണ് രവിശാസ്ത്രി അഭിപ്രയപ്പെട്ടത്. അര്‍ഷദിപിന് കോച്ച് അവസരം നല്‍കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ദക്ഷിണാഫ്രിക്കന്‍ താരങ്ങളും ടെംപോ ബവുമയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ശക്തമായ പരിശീലനത്തിലാണ്. ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സിനായി മിന്നിയ ഡേവിഡ് മില്ലറിലാണ് അവരുടെ പ്രതീക്ഷ.