കൊല്‍ക്കത്ത: ഇടക്കാലത്തിന് ശേഷം ഇന്ന് സാള്‍ട്ട്‌ലെക്ക് സ്‌റ്റേഡിയം നിറയും. ഇന്ത്യ-കംബോഡിയ ഏഷ്യാ കപ്പ് യോഗ്യതാ മല്‍സരം ഇന്ന് രാത്രി നടക്കുമ്പോള്‍ കാല്‍പ്പന്താവേശത്തിന്റെ കരുത്തായി ടിക്കറ്റ് വിതരണം മാറുകയാണ്.

ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി സാമുഹ്യ മാധ്യമങ്ങളിലുടെ കാണികളെ ക്ഷണിച്ചപ്പോള്‍ കൂടുതല്‍ പേര്‍ കളിയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതാണ് ടിക്കറ്റ് വില്‍പ്പനയില്‍ കാണുന്നത്. ആദ്യം 12,000 ടിക്കറ്റ് മാത്രമായിരുന്നു മല്‍സര സംഘാടകരായ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ വിതരണം ചെയ്തത്. എന്നാല്‍ ഛേത്രിയുടെ അഭ്യര്‍ത്ഥനയോടെ കൂടുതല്‍ ആവശ്യകാരെത്തിയതോടെ 70,000 പേര്‍ക്ക്് ഇരിപ്പിടമുള്ള സ്‌റ്റേഡിയം നിറയാനാണ് സാധ്യത.

കംബോഡിയ ശക്തരാണ്. നാല് തവണ ഇന്ത്യയും കംബോഡിയയും മുഖാമുഖം വന്നപ്പോള്‍ ഒരു തവണ അവര്‍ ജയിച്ചിട്ടുണ്ട്. ഛേത്രിയുടെ ഇന്ത്യന്‍ സംഘത്തില്‍ സമ്മര്‍ദ്ദം ക്രോട്ടുകാരനായ കോച്ച് ഇഗോര്‍ സ്റ്റിമോക്കിനാണ്. അദ്ദഹം പരിശീലകനായ ശേഷം വലിയ വിജയങ്ങളൊന്നുും സമ്പാദിക്കാന്‍ ടീമിനായിട്ടില്ല. ഇന്ന് ആദ്യ ഇലവനില്‍ മലയാളികളായ ആഷിഖ് കുരുണിയന്‍, സഹല്‍ അബ്ദുള്‍ സമദ് എന്നിവര്‍ കളിക്കും. മുന്‍നിരയില്‍ ഛേത്രിക്കൊപ്പം ഏ.ടി.കെ മോഹന്‍ ബഗാന്‍ താരം മന്‍വീര്‍ സിംഗും കളിക്കുമെന്നുറപ്പായിട്ടുണ്ട്. 8-30 നാണ് മല്‍സരം.