Connect with us

kerala

ദർവേശിന്റെ സഞ്ചാരപഥങ്ങൾ; പി.എം ഹനീഫിന്റെ വേർപ്പാടിന് ഇന്നേക്ക് പത്ത് വർഷം

Published

on

ഷെരീഫ് സാഗർ

എന്റെ ഉള്ളിലും എനിക്കു ചുറ്റും
നീ നിറഞ്ഞു നിൽക്കുന്നു.
എങ്ങു തിരിഞ്ഞാലും
നിന്നെയല്ലാതെ മറ്റൊന്നും
ഞാൻ കാണുന്നില്ല.
കാരണം, പ്രണയത്തിന്റെ
ഈ പ്രപഞ്ചത്തിൽ
നീയും ഞാനുമല്ലാതെ മറ്റൊന്നുമില്ലല്ലോ ….

– ജലാലുദ്ദീൻ റൂമി

”പരിപാടികളെല്ലാം കഴിഞ്ഞ് രാത്രി വൈകി വരുന്ന നേരങ്ങളിൽ ആരെയും ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി അവൻ ചാക്ക് വിരിച്ച് പുറത്തുതന്നെ കിടക്കും. നല്ല മഴയുള്ള ദിവസങ്ങളിൽ പോലും എന്റെ കുട്ടി അങ്ങനെ കിടന്നിട്ടുണ്ട്. നേരം പുലർന്ന് നോക്കുമ്പോൾ ആ കിടപ്പ് കണ്ട് ഉള്ള് പിടഞ്ഞിട്ടുണ്ട്.”- ഹനീഫിന്റെ ഉമ്മ കരയുകയാണ്. ഉമ്മ തുടർന്നു. ”ഇങ്ങനെ നടന്നിട്ട് എന്തു കിട്ടാനാണെന്ന് ഞാൻ ഉപദേശിക്കാറുണ്ട്. അതൊക്കെ ചിരിച്ചുകൊണ്ട് കേൾക്കും. ഒരു വാക്ക് മറുത്ത് പറയില്ല. ഒരിക്കൽ പോലും എന്നോട് ദേഷ്യപ്പെട്ടില്ല”. -ദുഃഖഭാരത്താൽ ഉമ്മയുടെ വാക്കുകൾ ഇടക്കിടെ മുറിഞ്ഞു.

ഉമ്മയോട് മറുത്ത് പറയാൻ മാത്രം അല്പജ്ഞാനിയായിരുന്നില്ല അവൻ. അറിവിനേക്കാൾ ജ്ഞാനത്തെ ഉൾക്കൊണ്ടവനായിരുന്നു. നശ്വരജീവിതത്തിന്റെ അർത്ഥമെന്തെന്ന ജ്ഞാനം. എങ്ങു തിരിഞ്ഞാലും ദൈവത്തെ കാണുന്ന അനുരാഗിയായ ദർവേശിന്റെ ജ്ഞാനം.

പി.എം ഹനീഫ് എന്ന വിദ്യാർത്ഥി, യുവജന നേതാവിന്റെ ഉമ്മയാണ് മകന്റെ ജീവിതത്തെ സാക്ഷ്യപ്പെടുത്തിയത്. അങ്ങനെ എത്രയെത്ര സാക്ഷ്യങ്ങൾ!. സാക്ഷി എന്നായിരുന്നു മണ്ണാർക്കാട് എം.ഇ.എസ് കോളേജിൽ ഹനീഫ് പുറത്തിറക്കിയ മാഗസിന്റെ പേര്. കൂട്ടുകാർ ഹനീഫിനെ ഓർക്കാനായി സംഘടിപ്പിച്ച കൂട്ടായ്മക്കും സാക്ഷി എന്ന് പേരിട്ടു. നേരോടെയും നിറവോടെയും ജീവിച്ച ഹനീഫിനെയാണ് അനുഭവിച്ചവരെല്ലാം ഓക്കുന്നത്. ആ ഓർമകൾക്ക് പോലും എന്തു മധുരം!

പത്തു വർഷം കടന്നുപോയിരിക്കുന്നു! ഹനീഫ് ഇല്ലാത്ത പത്തു വർഷം. കേരളത്തിലെ മുസ്‌ലിം വിദ്യാർത്ഥി പ്രസ്ഥാനത്തിനും യുവജന പ്രസ്ഥാനത്തിനും വേണ്ടി ജീവിതത്തിന്റെ മുക്കാൽ പങ്കും നീക്കിവെച്ച നേതാവായിരുന്നു ഹനീഫ്. ഹൈസ്‌കൂൾ ക്ലാസ്സുകളിൽ പഠിക്കുമ്പോഴേ ഹനീഫ് എം.എസ്.എഫിൽ സജീവമായി. സ്‌കൂൾ പാർലമെന്റിന്റെ മലപ്പുറം ജില്ലാ ലീഡർ പദവിയായിരിക്കും ഹനീഫ് ആദ്യം വഹിച്ച പ്രധാന സ്ഥാനങ്ങളിലൊന്ന്. 1987ൽ. പിന്നീട് പെരിന്തൽമണ്ണ മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ്, ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന ജോ. സെക്രട്ടറി (1998), സംസ്ഥാന ട്രഷറർ (2001), സംസ്ഥാന ജനറൽ സെക്രട്ടറി (2004), മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജോ. സെക്രട്ടറി (2007), യൂത്ത്‌ലീഗ് സംസ്ഥാന ട്രഷറർ (2011) എന്നീ പദവികളാണ് പാർട്ടിതലത്തിൽ ഹനീഫിനെ തേടിയെത്തിയത്. കില റിസോഴ്‌സ് ഗ്രൂപ്പ് ചീഫ് കോർഡിനേറ്റർ, സംസ്ഥാന സാക്ഷരതാ മിഷൻ റിസോഴ്‌സ് പേഴ്‌സൺ, തൂലിക എഡിറ്റർ എന്നീ പദവികളും ഹനീഫ്‌ വഹിച്ചു.

കൊർദോവ സമ്മേളനം എം.എസ്.എഫുകാർക്ക് മറക്കാനാവാത്തതാണ്. എം.എസ്.എഫിന്റെ ചരിത്രത്തിലെ ഏറ്റവും ശോഭയേറിയ സമ്മേളനങ്ങളിലൊന്നായിരുന്നു ചങ്ങരംകുളത്ത് നടന്നത്. പി.എം. സാദിഖലിയുടെയും സി.കെ സുബൈറിന്റെയും കൂടെ ആ സമ്മേളനം വിജയിപ്പിക്കാൻ മുൻപന്തിയിലുണ്ടായിരുന്നത് ഹനീഫായിരുന്നു. എം.എസ്.എഫിൽനിന്ന് യൂത്ത്‌ലീഗിലേക്ക് ചേക്കേറിയപ്പോഴും ഹനീഫിന്റെ ചിന്തകളും വിചാരങ്ങളും സംഘടനക്ക് കരുത്തായി. യൂത്ത്‌ലീഗിന്റെ ബൗദ്ധികവും രാഷ്ട്രീയവുമായ ഇടപെടലുകളിലെല്ലാം അദ്ദേഹത്തിന്റെ കൈയും തലയും ഒരുപോലെ പ്രവർത്തിച്ചു.

ഓരോ ജോലിയിലും മുഴുകുക എന്ന ശീലമായിരുന്നു ഹനീഫിന്റേത്. ഇടിച്ചു കയറി നേതാവാകുന്നവരുടെ കൂട്ടത്തിൽ പി.എം ഹനീഫ് ഉണ്ടായിരുന്നില്ല. മാരകമായ വേദനകളെയെല്ലാം മാന്യമായ പുഞ്ചിരിയിൽ അടക്കാനുള്ള അസാമാന്യ വിരുത് അദ്ദേഹം പ്രകടിപ്പിച്ചു. സംഘടനാ പ്രവർത്തനം ഹനീഫിന് നേരമ്പോക്കായിരുന്നില്ല. സഹായത്തിന് അഭ്യർത്ഥിച്ച് വന്നവരെയൊന്നും അദ്ദേഹം മടക്കിയയച്ചില്ല. ചെയ്യാനാവുന്നതൊക്കെ ചെയ്തുകൊടുത്തു. പണമില്ലാതെ വിഷമിച്ച പലർക്കും കടം വാങ്ങി പൈസ കൊടുത്തു. ഹനീഫ് കൊടുത്ത പണത്തിന് തെളിവുണ്ടായിരുന്നില്ല. പക്ഷെ, വാങ്ങിയ പണത്തിന് തെളിവുമായി പലരുമെത്തി. കൂട്ടുകാർക്ക് ബിസിനസ്സ് തുടങ്ങാൻ സ്വന്തം പൈസ കടം കൊടുത്തു. ബാങ്കിൽ ജാമ്യം നിന്നു. ചുറ്റുമുള്ളവർക്ക് വേണ്ടി സ്വയം ഉരുകി.

ഒരു ദർവേശിനെ പോലെയായിരുന്നു ഹനീഫിന്റെ ജീവിതം. പ്രപഞ്ചത്തെയാകെ പ്രണയിക്കുന്നവരാണ് ദർവേശുകൾ. അതുതന്നെയാണ് ദൈവത്തോടുള്ള പ്രണയം. കാറ്റത്തും മഴയത്തും വെയിലത്തും മഞ്ഞത്തും ഹനീഫ്, ഒരു ദർവേശിനെ പോലെ അലഞ്ഞു. പരിഭവങ്ങളും പരാതികളുമില്ലാതെ ചുറ്റുപാടുകളെ ഹൃദയത്തോട് ചേർത്തുവെച്ചു. പരന്ന വായനയും നല്ല ചിന്തകളുമായിരുന്നു ഹനീഫിന്റെ മൂലധനം. ഓരോ വായനയും അന്വേഷണത്തിന്റെ ആത്മായനങ്ങളായിരുന്നു. വായിച്ചതെല്ലാം കുറിച്ചുവെച്ചു. യാത്രകളിൽ പുസ്തകങ്ങൾ കൂട്ടുകാരായി. അതിലെ ആശയങ്ങൾ കൂട്ടുകാരുമായി പങ്കുവെച്ചു. സർഗാത്മക രാഷ്ട്രീയത്തിന്റെ അകംപൊരുളിനെ ഹനീഫ് അറിയുകയും മറ്റുള്ളവരെ അറിയിക്കുകയും ചെയ്തു.

ഉമ്മയുടെ ‘മാനു’ വായിച്ച് വളർന്നു. വായനയുടെ ആകാശങ്ങളിൽനിന്ന് കിട്ടിയ അറിവുകളെ ഭൂമിയിലെ വിത്തുകളാക്കി. പുസ്തകങ്ങളുടെ കൂട്ടുകാരനായ ഹനീഫിനെക്കുറിച്ച് ഉമ്മ പറയുന്നതിങ്ങനെ: “വായനാ മുറിയിലാകെ ഒരിക്കൽ കോട്ടെരുമ കയറിക്കൂടി. മരുന്നടിക്കാതെ പോകാത്ത അവസ്ഥ. എന്നാൽ മാനു അതിനു സമ്മതിച്ചില്ല. പുസ്തകങ്ങളുടെ ഉള്ളിലേക്ക് മരുന്ന് കയറുമെന്നും അത് ശരീരത്തിന് കേടാണെന്നും പറഞ്ഞു. അവൻ പറഞ്ഞതാണ് ശരിയെന്ന് എനിക്കും തോന്നി. പുസ്തകങ്ങൾ കുന്നുകൂടി വായനാ മുറിയിലെ കട്ടിലിന്റെ കാല് പൊട്ടാറായിരുന്നു. പുസ്തകം ഒഴിവാക്കാൻ നോക്കണമെന്ന് പറഞ്ഞപ്പോൾ കട്ടിലിന് നടുവിൽ മരത്തിന്റെ മുട്ട് കൊടുത്താൽ മതിയെന്നായിരുന്നു മറുപടി. എന്നാലും പുസ്തകത്തിൽ തൊടുന്നത് അവൻ ഇഷ്ടപ്പെട്ടില്ല”.

എല്ലാവരും ഉറങ്ങുമ്പോൾ അവൻ ഉണർന്നിരുന്ന് സമുദായത്തിന്റെ ഭാവിയെക്കുറിച്ച് സ്വപ്‌നങ്ങൾ നെയ്തു. അനുരാഗത്തിന്റെ പാനപാത്രവുമായിട്ടായിരുന്നു ആ ദർവേശിന്റെ സഞ്ചാരപഥങ്ങൾ. പ്രപഞ്ചം അതിൽനിന്ന് ആനന്ദത്തിന്റെ മധുരം നുകർന്നു. ഹനീഫിനെ ഇഷ്ടപ്പെടുന്നവരെല്ലാം അവൻ പകർന്ന സ്‌നേഹത്തിന്റെ ആനന്ദം അറിഞ്ഞു. അതിൽ കളങ്കമുണ്ടായിരുന്നില്ല. ആരെയും കാത്തുനിൽക്കാതെ അവൻ ചെയ്യാനുള്ള കർമങ്ങളിൽ മുഴുകി. മുസ്‌ലിംലീഗ് രാഷ്ട്രീയത്തിന്റെ ധൈഷണിക മാധുര്യത്തെ അറിയുകയും അതിനുവേണ്ടി ജീവിക്കുകയും ചെയ്തു. അകന്നുനിൽക്കുന്നവരെ തോളിൽ കൈയിട്ട് അരികിലേക്ക് ചേർത്തുനിർത്തി. നല്ല സൗഹൃദങ്ങളായിരുന്നു ഹനീഫിന്റെ സമ്പാദ്യം. വലിയ പ്രയാസങ്ങൾക്കിടയിലും, രോഗം ശരീരത്തെ തളർത്തുമ്പോഴും, ചെറുചിരിയുടെ തിരിനാളം ഹനീഫിന്റെ ചുണ്ടിലുണ്ടായിരുന്നു. എത്രകാലം ജീവിച്ചു എന്നതല്ല, ജീവിച്ച കാലത്ത് ആത്മാഭിമാനത്തോടെ എങ്ങനെ പ്രവർത്തിച്ചു എന്നതാണ് ഹനീഫിന്റെ ആ ചിരിയുടെ രഹസ്യം.

kerala

പിആര്‍ഡി അഴിമതിയും മുഖ്യമന്ത്രിയുടെ ഓഫീസിലെ പങ്കും ഉടന്‍ അന്വേഷണം വേണം: കെ സുധാകരന്‍ എംപി

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖംമിനുക്കാനായി കോടികള്‍ ചെലവിട്ട് സംഘടിപ്പിച്ച നവകേരള സദസ്, എന്റെ കേരളം പദ്ധതികളുടെ നടത്തിപ്പില്‍ വലിയ തട്ടിപ്പ് നടന്നതായും അതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനി മുഖ്യപങ്കുവഹിച്ചുവെന്നുമുള്ള മാധ്യമ റിപ്പോര്‍ട്ടിന്മേല്‍ അടിയന്തര അന്വേഷണം നടത്തണമെന്ന്  കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ 23 കോടി രൂപ നല്കിയ എന്റെ കേരളം പദ്ധതി, കണക്കുകള്‍ വെളിപ്പെടുത്താതെ നടത്തിയ നവകേരള സദസ് എന്നീ പരിപാടികള്‍ സജീവ സംപ്രേഷണം ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ മകന്റെ സ്ഥാപനത്തിന് നല്കിയതിലെ ക്രമക്കേടാണ് പുറത്തുവന്നത്. ക്വട്ടേഷനോ ടെണ്ടറോ ഇല്ലാതെയാണ് ഈ ജോലികള്‍ ഇവര്‍ക്ക് നല്കിയത്. പിണറായി സര്‍ക്കാരിന്റെ നിരവധി പിആര്‍ ജോലികള്‍ ഈ സ്ഥാപനത്തിനാണ് നല്കിയതെന്ന് പരസ്യ ഏജന്‍സികള്‍ പരാതിപ്പെട്ടിട്ടുണ്ട്.

100 കോടിയിലധികം രൂപ മാധ്യമങ്ങള്‍ക്ക് കുടിശികയുള്ളപ്പോള്‍ ഈ സ്ഥാപനത്തിന് കുടിശികയില്ലെന്നും പറയപ്പെടുന്നു. സര്‍ക്കാരിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ചാണ് നേട്ടങ്ങള്‍ അവതരിപ്പിക്കാന്‍ എല്ലാ വര്‍ഷവും എന്റെ കേരളം പരിപാടി നടത്തുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് വന്‍വിവാദമായ നവകേരള സദസ് നടത്തിയത്. നിരവധി ആരോപണങ്ങളാണ് ഈ പരിപാടികളെക്കുറിച്ച് ഉയര്‍ന്നത്.

നവകേരള സദസിനോട് അനുബന്ധിച്ചു നടത്തിയ പരിപാടികള്‍ക്ക് പൊതുജനങ്ങളില്‍നിന്നു സമാഹരിച്ച ഫണ്ട് പിആര്‍ഡി ഡയറക്ടറുടെ അക്കൗണ്ടിലാണ് വന്നത്. ഈ തുക എത്രയാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഡയറക്ടറെ മാറ്റാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ നേതൃത്വത്തില്‍ ചരടുവലി നടന്നെങ്കിലും കണ്ണൂര്‍ ലോബിയുമായി ഊഷ്മള ബന്ധമുള്ള അദ്ദേഹം അതിനെ അതിജീവിച്ചു. പിആര്‍ഡി ഇപ്പോള്‍ ഉന്നതന്റെ നേതൃത്വത്തിലും ഡയറക്ടറുടെ നേതൃത്വത്തിലും  ചേരിതിരിഞ്ഞാണ് പ്രവര്‍ത്തിക്കുന്നത്. സാമ്പത്തിക ഇടപാടുകളാണ് ഈ ചേരിതിരിവിന്റെയെല്ലാം അടിസ്ഥാനം.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുതല്‍ പൊളിറ്റിക്കല്‍ സെക്രട്ടറി വരെ ആരോപണങ്ങള്‍ നേരിട്ടു. പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയില്‍വാസവും അനുഭവിച്ചു. പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരേ  ഭരണകക്ഷി എംഎല്‍എ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളാണ് ഉയര്‍ത്തിയത്. അതോടൊപ്പമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്നാമനെതിരേ ആരോപണം ഉയരുന്നത്. മുഖ്യമന്ത്രിയുടെ മൂക്കിനു താഴെ നടക്കുന്ന അഴിമതികളില്‍ അന്വേഷണം നടത്തി നിജസ്ഥിതി ജനങ്ങളെ അറിയിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

Continue Reading

kerala

ഇതരസംസ്ഥാനങ്ങളിൽ നിന്ന് ആനകളെ കൊണ്ടുവരുന്നത് തടഞ്ഞ് ഹൈക്കോടതി

മൃഗ സംരക്ഷണ സംഘടന നൽകിയ ഹർജിയിലാണ് നടപടി

Published

on

ഇതര സംസ്ഥാനങ്ങളിൽ നിന്നു ആനകളെ കേരളത്തിലേക്ക് കൊണ്ടു വരുന്നത് തടഞ്ഞ് ഹൈക്കോടതി. ഡിവിഷൻ ബഞ്ചാണ് താത്കാലികമായി തടഞ്ഞത്. പിടികൂടിയ ആനകളുടെ കൈമാറ്റം സംബന്ധിച്ച ചട്ടങ്ങൾ പ്രകാരമാണ് ഇടക്കാല ഉത്തരവ്.

മൃഗ സംരക്ഷണ സംഘടന നൽകിയ ഹർജിയിലാണ് നടപടി. ഇതര സംസ്ഥാന ആനകളുടെ കൈമാറ്റത്തിന് സർക്കാരും ചീഫ് വൈൽഡ് ലൈഫ് വാർഡനും അനുമതി നൽകുന്നതാണ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞത്.

കേരളത്തിൽ പിടികൂടിയ ആനകളുടെ സ്ഥിതി പരിതാപകരമാണെന്നും കോടതിയുടെ നിരീക്ഷണം. കഴിഞ്ഞ 6 വർഷത്തിനുള്ളിൽ ഇത്തരത്തിൽ ചെരിഞ്ഞ ആനകളുടെ എണ്ണം 154 ആണെന്നും കോടതി വ്യക്തമാക്കി.

 

Continue Reading

kerala

‘ആര്‍എസ്എസ് നിരോധനം നേരിട്ട സംഘടന’; സ്പീക്കറെ തള്ളി മന്ത്രി എം.ബി രാജേഷ്

എഡിജിപി എം.ആർ അജിത് കുമാറും ആർഎസ്എസ് നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ അപാകതയില്ലെന്ന് എ.എൻ ഷംസീർ പ്രതികരിച്ചിരുന്നു

Published

on

അജിത്കുമാര്‍- ആര്‍എസ്എസ്‌ കൂടിക്കാഴ്ചയിൽ സ്പീക്കർ എ.എൻ ഷംസീറിനെ തള്ളി മന്ത്രി എം.ബി രാജേഷ്. മഹാത്മാ ഗാന്ധി വധത്തിൽ സര്‍ദാര്‍ പട്ടേൽ നിരോധിച്ച സംഘടനയാണ് ആർഎസ്എസ്സെന്ന് അദ്ദേഹം പറഞ്ഞു. ഈ നിലപാട് തന്നെയാണ് ഇപ്പോഴും സിപിഎമ്മിനുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

ആര്‍എസ്എസ് നിരോധനം നേരിട്ട സംഘടനയാണെന്നും ആര്‍എസ്എസിനെക്കുറിച്ച് തങ്ങള്‍ക്ക് നല്ല ധാരണയുണ്ടെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. ആര്‍എസ്എസ് വര്‍ഗീയത കൈകാര്യം ചെയ്യുന്ന സംഘടനയാണെന്ന് മന്ത്രി കെ എന്‍ ബാലഗോപാലും പ്രതികരിച്ചു.

നേരത്തെ, എഡിജിപി എം.ആർ അജിത് കുമാറും ആർഎസ്എസ് നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ അപാകതയില്ലെന്ന് എ.എൻ ഷംസീർ പ്രതികരിച്ചിരുന്നു. ആർഎസ്എസ് നിരോധനമുള്ള സംഘടനയല്ല എന്നു പറഞ്ഞായിരുന്നു സ്പീക്കർ ന്യായീകരിച്ചത്. എന്നാൽ, ഇതു തള്ളിയായിരുന്നു മന്ത്രി രാജേഷിന്റെ പ്രതികരണം.

 

Continue Reading

Trending