പെരിന്തല്‍മണ്ണ: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷററായിരുന്ന പി.എം ഹനീഫ് സ്വയം ത്യജിച്ച പരസ്‌നേഹിയായിരുന്നുവെന്ന് അനുസ്മരണ സമ്മേളനം വിലയിരുത്തി. നവീനവും കുലീനവുമായ ആശയങ്ങള്‍ മുറുകെ പിടിച്ചുള്ള അദ്ദേഹത്തിന്റെ പൊതു പ്രവര്‍ത്തനങ്ങള്‍ മറ്റു രാഷ്ടീയ പ്രവര്‍ത്തകര്‍ക്ക് മാതൃകയാണ്. മരണക്കിടക്കയിലും സമുദായത്തിനും താന്‍ നയിച്ച പ്രസ്ഥാനത്തിനും വേണ്ടി ജീവിതം അര്‍പ്പിച്ച പൊതു പ്രവര്‍ത്തകനായിരുന്നു ഹനീഫെന്നും യോഗം അനുസ്മരിച്ചു. പെരിന്തല്‍മണ്ണ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്തു. കലാലയങ്ങള്‍ അരാഷ്ട്രീയത്തിലേക്ക് നീങ്ങിയപ്പോള്‍ വിദ്യാര്‍ഥികളെ നേര്‍ മാര്‍ഗത്തിലേക്ക് നയിക്കാന്‍ ഹനീഫ് ഉണ്ടായിരുന്നു. ജനകീയ പ്രശ്‌നങ്ങള്‍ക്ക് നേരെ മുഖ്യരാഷ്ട്രീയ പാര്‍ട്ടികള്‍ മുഖം തിരിച്ചപ്പോള്‍ നന്മയുടെ രാഷ്ട്രീയത്തെ സൃഷ്ടിക്കാനും തന്റേതായ സംഭാവനകള്‍ നല്‍കുവാനും ഹനീഫിനായി. ഭാവനാ സമ്പന്നമായ ഹനീഫിന്റെ കാഴ്ചപ്പാടുകള്‍ യുവരാഷ്ട്രീയം പിന്തുടരേണ്ടതാണെന്നും മജീദ് പറഞ്ഞു.
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.ആര്യാടന്‍ ഷൗക്കത്ത് മുഖ്യ പ്രഭാഷണം നടത്തി. സി ഹംസ അനുസ്മരണ പ്രഭാഷണം നടത്തി. പി.എം ഹനീഫിന്റെ സ്മരണാര്‍ഥം ജന്മദേശമായ മേലാറ്റൂര്‍ കിഴക്കുംപാടം വാര്‍ഡ് മുസ്‌ലിം ലീഗ് കമ്മിറ്റി പുറത്തിറക്കുന്ന ആംബുലന്‍സിന്റെ ലോഗോ പ്രകാശനം മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ് പി.കെ അബൂബക്കര്‍ ഹാജിക്ക് നല്‍കി മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ എം.എ സമദ് സ്വാഗതവും സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി നന്ദിയും പറഞ്ഞു, പി.വി അബ്ദുല്‍ വഹാബ് എം.പി, നാലകത്ത് സൂപ്പി, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി, പെരിന്തല്‍മണ്ണ നഗരസഭാ ചെയര്‍മാന്‍ എം മുഹമ്മദ് സലീം, നജീബ് കാന്തപുരം, പി.എം സാദിഖലി, മുന്‍ സംസ്ഥാന സെക്രട്ടറി സി.കെ സുബൈര്‍, മുന്‍ സംസ്ഥാന ട്രഷറര്‍ കെ.എം അബ്ദുല്‍ ഗഫൂര്‍, സംസ്ഥാന ഭാരവാഹികളായ പി. ഇസ്മായീല്‍, പി.ജി മുഹമ്മദ്, കെ.എസ് സിയാദ്, ആശിഖ് ചെലവൂര്‍, പി.പി അന്‍വര്‍ സാദത്ത, സലീം കുരുവമ്പലം, അശ്‌റഫ് കോക്കൂര്‍, അന്‍വര്‍ മുള്ളമ്പാറ, അഡ്വ. ഫൈസല്‍ ബാബു, വി.കെ.എം ഷാഫി, എന്‍.എ കരീം, ഹാരിസ്, നൗഷാദ് മണ്ണിശ്ശേരി, മണ്ഡലം മുസ്‌ലിംലീഗ് സെക്രട്ടറി എ.കെ നാസര്‍, നഹാസ് പാറക്കല്‍, സി.ടി നൗഷാദലി പ്രസംഗിച്ചു.