kerala

പൂണെയില്‍ നിന്ന് കണ്ടെത്തിയ പെണ്‍കുട്ടികളുമായി പൊലീസ് നാട്ടിലേക്ക് തിരിച്ചു

By webdesk17

March 07, 2025

പൂണെയില്‍ നിന്ന് കണ്ടെത്തിയ പെണ്‍കുട്ടികളുമായി താനൂര്‍ പൊലീസ് നാട്ടിലേക്ക് തിരിച്ചു. കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്ത യുവാവിന്റെയും വിശദ മൊഴി കേരളത്തില്‍ എത്തിയശേഷം രേഖപ്പെടുത്തും.

പുലര്‍ച്ചെ പൂണെയിലെ റെയില്‍വേ പൊലീസ് സ്റ്റേഷനിലെത്തിച്ച കുട്ടികളെ രാവിലെ സസ്സൂണ്‍ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തി. പിന്നീട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുകയായിരുന്നു. രാവിലെ എട്ടുമണിയോടെ മുംബൈയിലെത്തിയ താനൂര്‍ പൊലീസ് സംഘം ഉച്ചയ്ക്ക് ഒരു മണിയോടെ പൂണെയിലെത്തി. സ്റ്റേഷനിലെയും ഷെല്‍ട്ടര്‍ ഹോമിലെയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വൈകിട്ട് മൂന്നുമണിയോടെ കുട്ടികളെ ഏറ്റുവാങ്ങി. നാളെ ഉച്ചയോടെ കുട്ടികള്‍ നാട്ടില്‍ എത്തും. കോടതിയില്‍ ഹാജരാക്കിയ ശേഷം രക്ഷിതാക്കള്‍ക്ക് വിട്ടുനല്‍കും.

കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കൗണ്‍സിലിംഗ് നടത്താനാണ് തീരുമാനം. കുട്ടികളോടൊപ്പം യാത്ര ചെയ്ത യുവാവിന് ക്രിമിനല്‍ പശ്ചാത്തലം ഉള്ളതായി വിവരം ഇല്ല.

ബുധനാഴ്ച ഉച്ചയ്ക്കാണ് പെണ്‍കുട്ടികള്‍ സ്‌കൂള്‍ യൂണിഫോമില്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ യൂണിഫോം മാറ്റി മറ്റൊരു വസ്ത്രം ധരിച്ച് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇരുവരും ട്രെയിന്‍ കയറുകയായിരുന്നു. വീട്ടില്‍ നിന്നും പരീക്ഷയെഴുതാന്‍ പോകുന്നുവെന്ന് പറഞ്ഞായിരുന്നു പെണ്‍കുട്ടികള്‍ ഇറങ്ങിയത്.

അതേസമയം ഇരുവരുടെയും ഫോണിലേക്ക് അവസാനം വന്ന കോള്‍ ഒരേ നമ്പറില്‍ നിന്നായിരുന്നു. ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ മലപ്പുറം സ്വദേശിയുടെ പേരിലാണ് സിം എടുത്തിരിക്കുന്നതെന്നും ലൊക്കേഷന്‍ മഹാരാഷ്ട്രയാണെന്നും വിവരം ലഭിച്ചിരുന്നു. പെണ്‍കുട്ടികള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ സിസിടിവി ദൃശ്യം നേരത്തെ പുറത്ത് വന്നിരുന്നു.