kerala

മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിംഗിനുള്ള സമയ പരിധി വീണ്ടും നീട്ടി

By webdesk14

October 26, 2024

തിരുവനന്തപുരം: സംസ്ഥാനത്തെ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിം​ഗിനുള്ള സമയ പരിധി വീണ്ടും നീട്ടി. നവംബര്‍ അഞ്ച് വരെ സമയപരിധി നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആര്‍ അനിൽ അറിയിച്ചു. മുൻ​ഗണനാ റേഷൻ കാർഡുകളുള്ള 16ശതമാനത്തോളം പേര്‍ കൂടി സംസ്ഥാനത്ത് മസ്റ്ററിംഗ് പൂർ‍ത്തിയാക്കാനുള്ള സാഹചര്യത്തിലാണ് തീയതി നീട്ടിയത്. കിടപ്പ് രോഗികള്‍ക്കും കുട്ടികള്‍ക്കും വീട്ടിലെത്തി മസ്റ്ററിങ് സൗകര്യം ഒരുക്കും.

കേന്ദ്രം സംസ്ഥാനത്തിനു നൽകിയ നിർദേശ പ്രകാരം ഒക്ടോബർ 31നകം മസ്റ്ററിംഗ് പൂർത്തിയാക്കണം. ഇത് ചെയ്തില്ലെങ്കിൽ റേഷൻ വിഹിതം മുടങ്ങുമെന്നും കേന്ദ്രം അറിയിച്ചിരുന്നു. റേഷൻ കാർഡും ആധാർ കാർഡുമായി കടകളിൽ നേരിട്ടെത്തിയാണ് മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടത്. കാർഡ് ഉടമകൾ നേരിട്ടെത്തി ഇ പോസിൽ വിരൽ പതിപ്പിച്ച് ബയോ മെട്രിക് മസ്റ്ററിംഗ് പൂർത്തിയാക്കണം.