പട്‌ന: കര്‍ണാടകയില്‍ വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയെ ഗവര്‍ണര്‍ സര്‍ക്കാര്‍ ക്ഷണിച്ച സാഹചര്യത്തില്‍, ബിഹാറില്‍ സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) രംഗത്ത്. 243 അംഗ അസംബ്ലിയില്‍ 80 സീറ്റുമായി വലിയ ഒറ്റക്കക്ഷിയാണ് ആര്‍.ജെ.ഡി. ബിഹാര്‍ പ്രതിപക്ഷ നേതാവും ആര്‍.ജെ.ഡി പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ തേജശ്വി യാദവ്, സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എല്‍.എമാരുമായി ഗവര്‍ണറെ കാണുമെന്ന് വ്യക്തമാക്കി.

2015-ലെ തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡിയും നിതീഷ് കുമാറിന്റെ ഐക്യ ജനതാദളും (ജെ.ഡി.യു) കോണ്‍ഗ്രസും ചേര്‍ന്ന ‘മഹാസഖ്യ’മാണ് അധികാരത്തിലെത്തിയിരുന്നത്. എന്നാല്‍, 2017 ജൂലൈയില്‍ ആര്‍.ജെ.ഡിയും കോണ്‍ഗ്രസുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ജെ.ഡി.യു ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി ഭരണം തുടരുകയായിരുന്നു. 243 അംഗ അസംബ്ലിയില്‍ ഭരണകക്ഷിക്ക് 131 സീറ്റുണ്ട്. കേവലഭൂരിപക്ഷത്തിന് ഇവിടെ 122 സീറ്റുകളാണ് ആവശ്യം.

എന്നാല്‍, കര്‍ണാടകയില്‍ ഭൂരിപക്ഷമുള്ള സഖ്യത്തെ ക്ഷണിക്കാതെ ഗവര്‍ണര്‍ വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച സാഹചര്യത്തില്‍, തങ്ങളെയും സര്‍ക്കാറുണ്ടാക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് തേജശ്വി യാദവ് ഗവര്‍ണര്‍ സത്യപാല്‍ മാലികിനെ കാണാനിരിക്കുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടി ബിഹാറില്‍ 70 സീറ്റോടെ രണ്ടാം സ്ഥാനത്താണ്. ബി.ജെ.പി (53), കോണ്‍ഗ്രസ് (27) എന്നിവര്‍ മൂന്നും നാലും സ്ഥാനങ്ങളിലാണ്.

നിലവില്‍ ആര്‍.ജെ.ഡി-കോണ്‍ഗ്രസ്-സി.പി.ഐ(എം.എല്‍)-ഹാംസെ സഖ്യത്തിന് 111 സീറ്റുകളുണ്ട്. നിതീഷ് കുമാറിന്റെ ജെ.ഡി.യുവില്‍ നിന്നോ ബി.ജെ.പിയില്‍ നിന്നോ 11 പേരെ അടര്‍ത്തിയെടുക്കാന്‍ കഴിഞ്ഞാല്‍ ബിഹാറില്‍ അധികാര മാറ്റമുണ്ടാകും. എന്നാല്‍, രാഷ്ട്രീയ നീക്കം എന്നതിനേക്കാള്‍ കര്‍ണാടക ഗവര്‍ണറുടെ വിചിത്ര നിലപാടിനോടുള്ള പ്രതിഷേധമറിയിക്കാന്‍ വേണ്ടിയാണ് തേജശ്വിയുടെ നീക്കം എന്നാണ് സൂചന.