തൃശൂര്‍: ബി.ജെ.പിയില്‍ ചേരുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് കോണ്‍ഗ്രസ് മുന്‍
എം.എല്‍.എ തേറമ്പില്‍ രാമകൃഷ്ണന്‍. അത്തരത്തിലൊരു സംഭവമേ ഇല്ലെന്ന് തേറമ്പില്‍ രാമകൃഷ്ണന്‍ പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചരണമാണെന്നും തേറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിയില്‍ ചേരുന്നുവെന്ന പ്രചാരണം തെറ്റാണ്. ആരുടേയോ ഭാവനയില്‍ നിന്ന് വീണുപോയതാണ് അത്. അങ്ങനെയൊരു ചൂണ്ടയിലൊന്നും താന്‍ വീണുപോകില്ലെന്നും തേറമ്പില്‍ പറഞ്ഞു.

കോണ്‍ഗ്രസിലെ പ്രമുഖരെ ബി.ജെ.പി പാളയത്തില്‍ എത്തിക്കാനുള്ള അമിത് ഷായുടെ നീക്കങ്ങളുടെ ഭാഗമായി തേറമ്പിലിനെ അമിത് ഷായുടെ ദൂതന്‍മാര്‍ സന്ദര്‍ശിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. തൃശൂര്‍ കേന്ദ്രീകരിച്ചുള്ള ഒരു ഓണ്‍ലൈന്‍ വെബ്‌പോര്‍ട്ടലിലാണ് വാര്‍ത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ ഇത് പ്രചരിക്കുകയായിരുന്നു.

തൃശൂര്‍ ലോക്‌സഭ സീറ്റിലെ സ്ഥാനാര്‍ഥിത്വം, ജയിച്ചാല്‍ കേന്ദ്രമന്ത്രി പദം, പരാജയപ്പെട്ടാല്‍ ഗവര്‍ണര്‍ പദവിയുമാണ് വാഗ്ദാനം നല്‍കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബി.ജെ.പി ജില്ല നേതൃത്വത്തിലെ പ്രമുഖ നേതാക്കള്‍ തേറമ്പിലിനെ പാര്‍ട്ടിയിലെത്തിക്കാന്‍ ചരടുവലി തുടങ്ങിയതെന്നും കേരളത്തിലെ ഒരു പ്രമുഖ വ്യവസായിയും നേതാക്കളെ റാഞ്ചാനുള്ള അമിത്ഷാ- നരേന്ദ്ര മോദി നീക്കത്തിന് എല്ലാ വിധ പിന്തുണയും നല്‍കി രംഗത്തുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

പത്തനംത്തിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളില്‍ നിന്നുള്ള പ്രാധാനനേതാക്കളെയും ഇവര്‍ ലക്ഷ്യമിടുന്നതായും കോണ്‍ഗ്രസിലെ ഏറ്റവും ശക്തനായ മധ്യകേരളത്തിലെ ഒരു നേതാവിനെ അദ്ദേഹത്തിന്റെ ഗുജറാത്ത് വ്യവസായം വഴി ബി.ജെ.പിയിലേക്ക് അടുപ്പിക്കാനുള്ള നീക്കവും തുടങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.