Connect with us

kerala

കരുവന്നൂരിലെ കൊള്ളയിലും കള്ളപ്പണം വെളുപ്പിക്കലിലും സമഗ്ര അന്വേഷണം വേണം: വി.ഡി സതീശന്‍

സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ കൊള്ളയാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

Published

on

സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ കൊള്ളയാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കരുവന്നൂരിനെ കൂടാതെ തൃശൂര്‍ ജില്ലയിലെ നിരവധി സഹകരണ ബാങ്കുകളില്‍ 500 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാടുകള്‍ കൂടി നടന്നിട്ടുണ്ടെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. സി.പി.എം പ്രദേശിക നേതൃത്വത്തിന് മാത്രമാണ് പങ്കുണ്ടായിരുന്നതെന്നത് മാറി ജില്ലാ- സംസ്ഥാന നേതൃത്വത്തിനും കള്ളപ്പണ ഇടപാടിലും കൊള്ളയിലും പങ്കുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. കൊള്ള സംബന്ധിച്ച് 2011-ല്‍ പാര്‍ട്ടി ഏരിയാ കമ്മിറ്റി അംഗം പരാതി നല്‍കിയിരുന്നതാണ്. ജില്ലാ, സംസ്ഥാന കമ്മിറ്റികള്‍ അന്വേഷണം നടത്തി കാര്യങ്ങള്‍ ബോധ്യമായിട്ടും കള്ളപ്പണക്കാരെയും അഴിമതിക്കാരെയും സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചത്. നിരപരാധികളെ കള്ളക്കേസില്‍ കുടുക്കി പ്രധാനപ്പെട്ട നേതാക്കള്‍ രക്ഷപ്പെടുന്ന കാഴ്ചയാണ് കരുവന്നൂരില്‍ കണ്ടത്. കരുവന്നൂരിലെയും സമീപ പ്രദേശങ്ങളിലെയും ബാങ്കുകളില്‍ നടന്ന കൊള്ള സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയാണ്. തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ്, യു.ഡി.എഫ് കമ്മിറ്റികള്‍ നിരവധി സമര പരിപാടികള്‍ നടത്തിയിട്ടുണ്ട്. സമരം കൂടുതല്‍ ശക്തിപ്പെടുത്തും അദ്ദേഹം പറഞ്ഞു.

നോട്ട് പിന്‍വിക്കല്‍ കാലത്ത് കോടികളുടെ കള്ളപ്പണ ഇടപാടാണ് കരുവന്നൂരിലും സമീപത്തെ ബാങ്കുകളിലും നടന്നത്. സഹകരണ ബാങ്കുകള്‍ക്ക് മേല്‍ അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള അവസരമാണ് സി.പി.എം ഒരുക്കിക്കൊടുത്തിരിക്കുന്നത്. തിരുവനന്തപുരത്തെ കണ്ടല ബാങ്കില്‍ 100 കോടിയിലധികം രൂപയാണ് ഇടപാടുകാര്‍ക്ക് നല്‍കാനുള്ളത്. 250 കോടിയുടെ തട്ടിപ്പാണ് ബി.എസ്.എന്‍.എല്‍ സഹകരണ സംഘത്തില്‍ നടന്നത്. ജനങ്ങളുടെ കോടിക്കണക്കിന് രൂപയാണ് നഷ്ടമാകുന്നത്. കരുവന്നൂരിലെ തട്ടിപ്പ് 2011-ല്‍ സി.പി.എമ്മിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടും ഒതുക്കിത്തീര്‍ക്കുകയായിരുന്നു. പാര്‍ട്ടി പിന്തുണയിലാണ് കരവന്നൂരിലെ കൊള്ള നടന്നത്.

ഇ.ഡി തെറ്റായ എന്തെങ്കിലും ചെയ്താല്‍ നമുക്ക് ഒന്നിച്ച് ചോദ്യം ചെയ്യാം. മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ സുധാകരനെ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ സി.പി.എമ്മിന് വലിയ സന്തോഷമായിരുന്നല്ലോ? ഇ.ഡി അന്വേഷിക്കട്ടെ. രണ്ട് തവണ തെളിവെടുപ്പിന് വിളിച്ചപ്പോഴും സുധാകരന്‍ എല്ലാ രേഖകളും സമര്‍പ്പിച്ചു. ഇപ്പോള്‍ അവരുടെ വീട്ടില്‍ കയറിയപ്പോഴാണ് പ്രശ്നമായത്. സുധാകരന്‍ ഇ.ഡിയില്‍ കുടുങ്ങി എന്നായിരുന്നു ദേശാഭിമാനിയുടെ ഒന്നാം പേജിലെ വര്‍ത്ത. നിരപരാധികളായ ആരെയെങ്കിലും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചാല്‍ കൂടെ നില്‍ക്കാന്‍ ഞങ്ങളുണ്ടാകും.

നിയമസഭയില്‍ കൃഷിമന്ത്രി അടിയന്തിര പ്രമേയത്തിന് നല്‍കിയ മറുപടിക്ക് വിരുദ്ധമായ കാര്യങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നതിന് തെളിവാണ് അമ്പലപ്പുഴയിലെ കര്‍ഷകന്റെ ആത്മഹത്യ. നിരവധി കര്‍ഷകര്‍ക്ക് ഇപ്പോഴും നെല്ല് സംഭരണത്തിന്റെ പണം ലഭിക്കാനുണ്ട്. നെല്ല് സംഭരിച്ച് ഒരാഴ്ചയ്ക്കകം പണം നല്‍കുമെന്ന് പുരപ്പുറത്ത് കയറി പ്രഖ്യാപിച്ച സര്‍ക്കാര്‍ നാല് മാസമായിട്ടും പണം നല്‍കിയില്ല. രണ്ടാമത് കൃഷി ഇറക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. കൃഷി ചെയ്ത് കര്‍ഷകന്‍ ഔഡി കാര്‍ വാങ്ങിയെന്ന് നിയമസഭയില്‍ പറഞ്ഞ കൃഷിമന്ത്രിക്കുള്ള മറുപടി കൂടിയാണ് കര്‍ഷകന്റെ ആത്മഹത്യ. കര്‍ഷകന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി സര്‍ക്കാരും കൃഷി വകുപ്പും പൊതുവിതരണ വകുപ്പുമാണ്. മരിച്ച കര്‍ഷകന്റെ കുടുംബത്തിന്റെ മുഴുവന്‍ കടവും വീട്ടാന്‍ സര്‍ക്കാര്‍ തയാറാകണം. കര്‍ഷക ആത്മഹത്യ സംസ്ഥാനത്ത് ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളെടുക്കാനും തയാറാകണം അദ്ദേഹം തുറന്നടിച്ചു.

സര്‍ക്കാരിന്റെ മുന്‍ഗണനയില്‍ കര്‍ഷകരില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ സംഭരണത്തിനുള്ള പണം നല്‍കിയേനെ. മറ്റെല്ലാം കാര്യങ്ങള്‍ക്കും സര്‍ക്കാരിന് പണമുണ്ട്. അഖില കേരള ലോകമാഹാസഭയെന്ന് പറഞ്ഞ് മന്ത്രിമാരും ഉദ്യോഗസ്ഥരും സൗദി അറേബ്യയിലേക്ക് പോകുകയാണ്. ഇതൊക്കെയാണോ സര്‍ക്കാരിന്റെ മുന്‍ഗണന. സ്‌കൂള്‍ ഉച്ചഭക്ഷണത്തിന്റെ കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്ന അതേ അലംഭാവം തന്നെയാണ് കര്‍ഷകരോടും സര്‍ക്കാര്‍ കാട്ടുന്നത്. അതുകൊണ്ടാണ് നിയമസഭ സമ്മേളനത്തിന്റെ അവസാന ദിനത്തില്‍ പ്രതിപക്ഷം കര്‍ഷകരുടെ പ്രശ്നം അടിയന്തിര പ്രമേയമായി കൊണ്ടുവന്നത്.

സി.പി.എം കേരള ഘടകത്തിന്റെ അനാവശ്യ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഇന്ത്യ മുന്നണിയിലേക്ക് പാര്‍ട്ടി പ്രതിനിധിയെ അയയ്ക്കേണ്ടെന്ന് ദേശീയ നേതൃത്വം തീരുമാനിച്ചിത്. ബി.ജെ.പിക്ക് എതിരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ദേശീയതലത്തിലുള്ള വര്‍ഗീയ ഫാസിസ്റ്റ് വിരുദ്ധ മുന്നണിയുമായി സഹകരിക്കേണ്ടെന്നാണ് കേരളത്തിലെ സി.പി.എമ്മിന്റെ തീരുമാനം. കള്ളക്കടത്ത്, ലൈഫ് മിഷന്‍, ലാവലിന്‍, മാസപ്പടി കേസുകളില്‍ ബി.ജെ.പി നേതൃത്വത്തെ ഭയന്നും അവരുടെ സമ്മര്‍ദ്ദത്തിലുമാണ് സി.പി.എം കേരള ഘടകം ഇത്തരമൊരു തീരുമാനം എടുത്തത്. ബി.ജെ.പിയെ നേരിടാന്‍ രാജ്യവ്യാപകമായി കോണ്‍ഗ്രസ് നടത്തുന്ന ശ്രമങ്ങളെ അട്ടിമറിക്കാനാണ് സി.പി.എം കേരള നേതൃത്വം ശ്രമിക്കുന്നത്.

കേരളത്തിലെ നികുതി ഭരണ സംവിധാനം പരിതാപകരമാക്കിയതിന്റെ ഒന്നാം പ്രതി മുന്‍ ധനമന്ത്രി തോമസ് ഐസക്കാണ്. പ്രതിപക്ഷ നേതാവിനെ ചാരി നിലവിലെ ധനമന്ത്രി ബാലഗോപാലിനെ കുറ്റപ്പെടുത്താനാണ് ഐസക് ശ്രമിക്കുന്നത്. രണ്ടര വര്‍ഷം ധനകാര്യ മന്ത്രിയായി ഇരുന്നിട്ടും കെ.എന്‍ ബാലഗോപാലിനും ഒരു മാറ്റവും ഉണ്ടാക്കാന്‍ സാധിച്ചില്ല. ഇത്രയും വലിയ ധനപ്രതിസന്ധിയും ദുരന്തവും ഉണ്ടാക്കിവച്ചത് ഒന്നാം പിണറായി സര്‍ക്കാരാണ്. നികുതി പിരിവില്‍ പരാജയപ്പെട്ടതും വാറ്റില്‍ നിന്നും ജി.എസ്.ടിയിലേക്ക് മാറിയപ്പോള്‍ ജി.എസ്.ടിക്ക് അനുകൂലമായ തരത്തില്‍ നികുതി ഭരണ സംവിധാനം പുനസംഘടിപ്പിക്കാത്തതുമാണ് ഇപ്പോഴത്തെ ധനപ്രതിസന്ധിക്ക് കാരണം. നികുതി ഭരണ സംവിധാനം പുനസംഘടിപ്പിക്കാത്തതിലൂടെ ഐ.ജി.എസ്.ടിയില്‍ മാത്രം അഞ്ച് വര്‍ഷം കൊണ്ട് 25000 കോടിയുടെ നഷ്ടമുണ്ടായി. ഇക്കാര്യം പ്രതിപക്ഷം മാത്രമല്ല ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടും എക്സ്പെന്‍ഡിച്ചര്‍ കമ്മിറ്റിയും നല്‍കിയ റിപ്പോര്‍ട്ടുകളിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രണ്ട് പിണറായി സര്‍ക്കാരുകളും തോമസ് ഐസക്കും ബാലഗോപാലുമാണ് ഐ.ജി.എസ്.ടിയിലൂടെ 25000 കോടി നഷ്ടപ്പെടുത്തിയതിന് ഉത്തരവാദികള്‍. കോമ്പന്‍സേഷന്‍ കിട്ടുമെന്നാണ് ഐസക് അന്ന് പറഞ്ഞിരുന്നത്. പരിമിതമായ കാലത്തേക്ക് മാത്രമെ കോമ്പന്‍സേഷന്‍ കിട്ടുകയുള്ളെന്നും അത് കിട്ടാതാകുമ്പോള്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്നും പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. വിലക്കയറ്റം വര്‍ധിച്ചിട്ടും നികുതി വരുമാനം ഉയര്‍ന്നില്ല. അഞ്ച് വര്‍ഷത്തിനിടെ സ്വര്‍ണത്തില്‍ നിന്നും 25000 കോടി രൂപയേുടെ നഷ്ടമാണ് സര്‍ക്കാരിനുണ്ടായത്. നികുതി വെട്ടിപ്പുകാരുടെ പറുദീസയാക്കി കേരളത്തെ മാറ്റുന്നതില്‍ ഐസക് വഹിച്ച പങ്ക് ചെറുതല്ല.

കേന്ദ്രത്തിന്റെ ഡിവിസീവ് പൂളില്‍ നിന്നുള്ള വിഹിതം 1.92 ശതമാനമാക്കി കുറച്ചതിനെ കോണ്‍ഗ്രസ് ദേശീയ സംസ്ഥാന തലങ്ങളില്‍ എതിര്‍ത്തിട്ടുണ്ട്. ഇക്കാര്യം പാര്‍ലമെന്റിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേന്ദ്രത്തിന്റെ വിഷയം നില്‍ക്കുമ്പോള്‍ തന്നെ സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണ് പ്രധാന പ്രശ്നം. നികുതി വകുപ്പില്‍ ഒരു പണിയുമില്ലാതെ ഇരുന്നൂറോളം പേരാണ് ഇരിക്കുന്നത്. വരുമാനം കുറയുമ്പോഴും ധൂര്‍ത്ത് കൂടുന്നു. സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട ധനകാര്യ വകുപ്പിന് ഒരു റോളുമില്ല. കെ ഫോണ്‍, എ.ഐ ക്യാമറ പദ്ധതികളില്‍ ധനകാര്യ വകുപ്പിന്റെ എതിര്‍പ്പിനെ മറികടന്നാണ് തീരുമാനം എടുത്തത്. ഇതിലൂടെ കോടികളാണ് സംസ്ഥാനത്തിന് നഷ്ടമായത്. 1000 കോടിയുടെ പദ്ധതി 1500 കോടിയായി വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശിവശങ്കറാണ് കത്ത് നല്‍കിയത്. ധനകാര്യ വകുപ്പിനെ നോക്കുകുത്തിയാക്കി നടത്തുന്ന ഭരണമാണ് കേരളത്തിലെ ഈ ധനപ്രതിസന്ധിയില്‍ എത്തിച്ചത്.

പെന്‍ഷന്‍ ഫണ്ടിനും കിഫ്ബിക്കും വേണ്ടി ബജറ്റിന് പുറത്ത് കടമെടുത്താല്‍ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയെ ബാധിക്കുമെന്ന് പ്രതിപക്ഷം നിയമസഭയിലും പുറത്തും നിരവധി തവണ ചൂണ്ടിക്കാട്ടി. പക്ഷെ എല്ലാം ഓകെ ആണെന്നാണ് അന്ന് ഐസക് പറഞ്ഞത്. പ്രതിപക്ഷം പറഞ്ഞ അതേ കാര്യം രണ്ട് തവണ സി.എ.ജി റപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടിയിരുന്നു. ഇതൊക്കെ ഐസക്കുണ്ടാക്കിയ പുലിവാലാണ്. ഭരണമാറ്റം ഉണ്ടാകുമെന്നും ബാധ്യതയെല്ലാം യു.ഡി.എഫിന്റെ തലയില്‍ വരുമെന്നുമാണ് ഐസക് കരുതിയത്. നിര്‍ഭാഗ്യവശാല്‍ ഭരണത്തുടര്‍ച്ച ലഭിക്കുകയും ബാധ്യതയെല്ലാം ഇപ്പോള്‍ ബാലഗോപാലിന്റെ തലയില്‍ വന്നു ചേരുകയും ചെയ്തു.

ജാതീയ വിവേചനം ഉണ്ടായെന്ന മന്ത്രി കെ. രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. കേരളത്തില്‍ ഒരുകാരണവശാലും ഉണ്ടാകാന്‍ പാടില്ലാത്തതാണിത്. ക്ഷേത്രം ഏതാണെന്ന് കൂടി മന്ത്രി വ്യക്തമാക്കാനും നടപടി സ്വീകരിക്കാനും തയാറാകണം. ആര്‍ക്കും ഇത്തരമൊരു അനുഭവം ഉണ്ടാകാന്‍ പാടില്ല. വൈക്കം സത്യഗ്രഹത്തിന്റെ നൂറ് വര്‍ഷം ആഘോഷിക്കുന്നതിനിടെ ഇങ്ങനെയൊരു സംഭവം ഉണ്ടാകുന്നത് നാണക്കേടാണ്.

കലക്ടറേറ്റ് മാര്‍ച്ച് നടത്തണമെങ്കില്‍ പൊലീസ് അനുമതിക്ക് 10000 രൂപയും സ്റ്റേഷന്‍ പരിധിയില്‍ 2000 രൂപയും സബ്ഡിവിഷന്‍ പരിധിയില്‍ 4000 രൂപയും നല്‍കണമെന്നാണ് പറയുന്നത്. ജനകീയ സമരങ്ങളെ സര്‍ക്കാര്‍ ഭയപ്പെടുകയാണ്. സമരം ചെയ്യുന്നവരില്‍ നിന്നും കാശ് പിരിക്കുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഗംഭീരമാണ്. സമരങ്ങളിലൂടെ വളര്‍ന്ന് വന്ന് വിപ്ലവപാര്‍ട്ടിയാണെന്ന് പറയുന്നവര്‍ മുദ്രാവാക്യം വിളിച്ചതിന് പൊലീസിനെക്കൊണ്ട് 94 വയസുകാരനായ ഗ്രോ വാസുവിന്റെ വായ പൊത്തിപ്പിടിപ്പിച്ചു. മുഖം തൊപ്പി കൊണ്ട് മറച്ച് പിടിച്ചു. വലതുപക്ഷ സര്‍ക്കാര്‍ പോലും ചെയ്യാത്ത കാര്യമാണിത്. എല്ലാക്കാലവും അധികാരത്തില്‍ ഇരിക്കാമെന്ന അഹങ്കാരവും പ്രതിപക്ഷ പ്രക്ഷോഭത്തിലുള്ള ഭയവുമാണ് പോലീസ് പെര്‍മിഷന് ഫീസ് ഏര്‍പ്പെടുത്തിയത്. കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണെങ്കില്‍ ഇത് പിന്‍വലിക്കണം. പണം അടച്ച് സമരം ചെയ്യണമെന്ന് പറയാന്‍ നിങ്ങള്‍ക്ക് നാണമില്ലേ? യു.ഡി.എഫിനെ സാമ്പത്തികമായി ഞെരുക്കാനാണ് കോവിഡ് കാലത്ത് വ്യാപകമായി കേസുകളെടുത്തത്. കാശില്ലെങ്കില്‍ ബാങ്ക് കൊള്ളയടിക്കാനോ പിടിച്ചുപറിക്കാനോ പോകണം. പെര്‍മിഷന്‍ ഫീസ് പിരിക്കുന്നത് പിടിച്ചുപറിയാണ്. യു.ഡി.എഫിന്റെ ഒരു സമരത്തിനും പണം നല്‍കാന്‍ ഉദ്ദേശിക്കുന്നില്ല. സെക്രട്ടേറിയറ്റ് വളയല്‍ സമരത്തിനും പെര്‍മിഷന്‍ ഫീസ് നല്‍കില്ല. അവര്‍ കേസെടുത്ത് ഞങ്ങളുടെ വീടുകള്‍ ജപ്തി ചെയ്യട്ടേ.

വനിതാ സംവരണത്തെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തിട്ടുണ്ട്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് തന്നെ സംവരണ ബില്‍ കൊണ്ടുവരാന്‍ ശ്രമിച്ചതാണ്. തദ്ദേശ സ്ഥാപനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തിയതും രാജീവ് ഗാന്ധിയുടെ കാലത്താണ്. സ്ത്രീകള്‍ക്ക് അവസരങ്ങള്‍ ഉണ്ടാകണം. പകുതിയില്‍ കൂടുതല്‍ സ്ത്രീകളുള്ള സംസ്ഥാനത്ത് പത്തിലൊന്നു പേര്‍ പോലും നിയമസഭയിലേക്ക് എത്തുന്നില്ല. അവര്‍ ആവശ്യമായ സംവരണം ഏര്‍പ്പെടുത്തണം. കെ.പി.സി.സി, ഡി.സി.സി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളിലും സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കും അദ്ദേഹം കൂട്ടിചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കിര്‍ഗിസ്താനിലേക്ക് പോയ മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങി; ഷാര്‍ജ വിമാനത്താവളത്തില്‍ 28 പേര്‍ ദുരിതത്തില്‍

ബുധനാഴ്ച രാത്രി കേരളവും ബംഗളൂരും ഒഴിഞ്ഞ് എയര്‍ അറേബ്യയില്‍ പുറപ്പെട്ട യാത്രക്കാരെയാണ് യുഎഇയിലെ മോശം കാലാവസ്ഥയും കനത്ത മൂടല്‍മഞ്ഞും ദുരിതത്തിലാക്കിയത്.

Published

on

ഷാര്‍ജ : ഇന്ത്യയില്‍ നിന്ന് കിര്‍ഗിസ്താനിലേക്ക് യാത്രതിരിച്ച 28 പേര്‍ അതില്‍ 15 പേര്‍ മലയാളികളും, ഷാര്‍ജ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ബുധനാഴ്ച രാത്രി കേരളവും ബംഗളൂരും ഒഴിഞ്ഞ് എയര്‍ അറേബ്യയില്‍ പുറപ്പെട്ട യാത്രക്കാരെയാണ് യുഎഇയിലെ മോശം കാലാവസ്ഥയും കനത്ത മൂടല്‍മഞ്ഞും ദുരിതത്തിലാക്കിയത്. മൂടല്‍മഞ്ഞ് കാരണം വിമാനം ആദ്യം ദുബൈയില്‍ ഇറക്കിയതും 12 മണിക്കൂറിന് ശേഷം ഷാര്‍ജയിലേക്ക് മാറ്റിയതുമാണ്. എന്നാല്‍ 16 മണിക്കൂറിലേറെയായി വിമാനത്താവളത്തില്‍ കഴിയുന്ന യാത്രക്കാര്‍ക്ക് ഭക്ഷണം, താമസം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഒന്നും തന്നെ ലഭ്യമാക്കിയിട്ടില്ലെന്നാണ് പരാതി. വിമാനക്കമ്പനി ഇടപെടണമെന്നും, യാത്രക്കാരുടെ പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

Continue Reading

kerala

ഉച്ചയ്ക്ക് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

രാവിലെ വില വര്‍ധനവോടെ തുടങ്ങിയ വിപണി, ഉച്ചയോടെ തിരിച്ചു കയറി.

Published

on

കൊച്ചി: അന്താരാഷ്ട്ര വിപണിയിലെ നിരക്കിടിവിനെ തുടര്‍ന്ന് ഇന്ന് (21/11/2025) ഉച്ചയ്ക്ക് ആഭ്യന്തര വിപണിയിലും സ്വര്‍ണവിലയില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്. രാവിലെ വില വര്‍ധനവോടെ തുടങ്ങിയ വിപണി, ഉച്ചയോടെ തിരിച്ചു കയറി. ഉച്ചയോടെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,365 രൂപ എന്ന നിരക്കിലും പവന്‍ 360 രൂപ ഇടിഞ്ഞ് 90,920 രൂപ എന്ന വിലയിലും വ്യാപാരം നടന്നു. 18 കാരറ്റിന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 9,350 രൂപ, പവന്‍ 260 രൂപ കുറഞ്ഞ് 74,800 രൂപ എന്ന നിലയിലുമാണ് നിരക്ക്. രാവിലെ ഒരു ഗ്രാം സ്വര്‍ണവിലയില്‍ 20 രൂപ വര്‍ധിച്ച് 11,410 രൂപ വരെ എത്തിയിരുന്നു. പവന്‍ 160 രൂപ ഉയര്‍ന്ന് 91,280 രൂപ ആയിരുന്നു രാവിലെ വില. ഇതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡിനും ഫ്യൂച്ചര്‍ നിരക്കുകള്‍ക്കും പതനമാണ് ഉണ്ടായത്. സ്‌പോട്ട് ഗോള്‍ഡ് 0.36% ഇടിഞ്ഞ് 4,045.94 ഡോളര്‍ ആയപ്പോള്‍, രാവിലെ ഇത് 4,072.87 ഡോളര്‍ ആയിരുന്നു. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.42% ഇടിഞ്ഞ് 4,043.11 ഡോളര്‍ ആയി താഴ്ന്നു. ഇതിനൊപ്പമാണ് വ്യാഴാഴ്ചയും രണ്ടുതവണയായി 55 രൂപ ഇടിവ് രേഖപ്പെടുത്തിയത്. പവന്‍ വിലയില്‍ മാത്രം 440 രൂപ കുറഞ്ഞ് 91,560 രൂപയില്‍ നിന്ന് 91,120 രൂപ എന്ന നിലയിലേക്കാണ് മാറ്റം വന്നത്.

Continue Reading

kerala

ഫോര്‍ട്ട് കൊച്ചിയില്‍ ചീനവലത്തട്ട് തകര്‍ന്നു വീണ് അപകടം; വിദേശ സഞ്ചാരികള്‍ക്ക് പരിക്ക്

വലത്തട്ട് അപ്രതീക്ഷിതമായി ഇടിഞ്ഞുവീണതോടെ സഞ്ചാരികള്‍ നേരിട്ട് വെള്ളത്തിലേക്ക് തെന്നിവീഴുകയായിരുന്നു.

Published

on

കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ പ്രശസ്തമായ ചീനവലത്തട്ട് തകര്‍ന്ന് കായലിലേക്ക് പതിച്ച് ഏഴ് വിദേശ സഞ്ചാരികള്‍ക്ക് പരിക്കേറ്റു. വലത്തട്ട് അപ്രതീക്ഷിതമായി ഇടിഞ്ഞുവീണതോടെ സഞ്ചാരികള്‍ നേരിട്ട് വെള്ളത്തിലേക്ക് തെന്നിവീഴുകയായിരുന്നു. സംഭവസമയത്ത് സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി സഞ്ചാരികളെ കരയ്‌ക്കെത്തിച്ചു. ഭാഗ്യവശാല്‍, പരിക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ലെന്ന് പ്രാഥമിക വിവരം. അപകടത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും, വലത്തട്ടിന്റെ പഴക്കം മൂലമായിരിക്കാമെന്ന സംശയം പ്രദേശവാസികള്‍ ഉയര്‍ത്തുന്നു. സംഭവം കൂടുതല്‍ പരിശോധനയ്ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

Trending