ലോകത്തിന് സുപരിചിതനാണ് കൈസുകേ ഹോണ്ട എന്ന ജപ്പാന്‍ താരം. ലോക ഫുട്‌ബോളിലും ഏഷ്യന്‍ ഫുട്‌ബോളിലും ഒരു കാലത്ത് നിറഞ്ഞ താരം. മെക്‌സിക്കന്‍ ചാമ്പ്യന്‍ ക്ലബായ പച്ചൂക്കക്കായി ഇപ്പോള്‍ പന്ത് തട്ടുന്ന ജപ്പാന്‍കാരന്‍ പ്രായം മറന്ന് പൊരുതിയിട്ടും ഫിഫ ക്ലബ് ലോകകപ്പിന്റെ ആദ്യ സെമി ബ്രസീല്‍ ചാമ്പ്യന്‍മാരായ ഗ്രീമിയോ സ്വന്തമാക്കി.
അധികസമയത്തേക്ക് ദീര്‍ഘിച്ച ആവേശ പോരാട്ടത്തിനൊടുവില്‍ എവര്‍ട്ടണ്‍ പായിച്ച ലോംഗ് റേഞ്ചര്‍ പച്ചൂക്കാ ഗോള്‍ക്കീപ്പറെ നിസ്സഹായനാക്കിയപ്പോള്‍ തലയില്‍ കൈവച്ചത് ഹോണ്ട. നന്നായി കളിച്ചിരുന്നു മെക്‌സിക്കന്‍ സംഘവും ഹോണ്ടയും. പന്തിന്റെ നിന്ത്രണം അവര്‍ക്കായിിരുന്നു. ആദ്യ പകുതയില്‍ ലഭിച്ച രണ്ട്് സുവര്‍ണാവസരങ്ങള്‍ അവര്‍ പാഴാക്കിയപ്പോള്‍ ബ്രസീലുകാര്‍ സ്വന്തം ശൈലി കൈവിട്ടില്ല. കുറിയ പാസുകളുമായി സുന്ദരമായ ഗെയിം. ലിയോ മോറെ എന്ന് ഇന്ത്യക്ക് പരിചയമുള്ള താരം അവരുടെ മധ്യനിരയിലുണ്ടായിരുന്നു. കഴിഞ്ഞ സീസണില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്്‌ബോളില്‍ എഫ്.സി ഗോവക്കായി പന്ത് തട്ടിയ മോറെ ഇന്നലെ പൂര്‍ണ സമയം കളിച്ചു.യു.എ.ഇയില്‍ എത്തിയ ശേഷം പരാജയം രുചിച്ചിട്ടില്ല ലിബര്‍ട്ടഡോറസ് ജേതാക്കള്‍. നാട്ടിലെ കാലാവസ്ഥക്കൊപ്പമുള്ള ഇവിടുത്തെ കാലാവസ്ഥ ഉപയോഗപ്പെടുത്തി തന്നെയാണ് അവര്‍ കളിച്ചത്. ബ്രസീല്‍ സംഘത്തില്‍ കളം നിറഞ്ഞത് രണ്ട് പേരായിരുന്നു-ഓസ്‌ക്കാര്‍ മുറില്ലോയും എഡില്‍സണും. പരമ്പരാഗത ഫുട്‌ബോളിന്റെ ശക്തരായ വക്താക്കള്‍. ഇവരുടെ ശ്രമങ്ങള്‍ പക്ഷേ പച്ചുക്കയുടെ ഗോള്‍ക്കീപ്പര്‍ ഓസ്‌ക്കാര്‍ പെരസിനെ കാര്യമായി ബാധിച്ചില്ല. അധികസമയത്തെ ആ നിമിഷത്തില്‍ മാത്രമാണ് വെറ്ററന്‍ കാവല്‍ക്കാരന് പിഴച്ചത്.ശനിയാഴ്ച്ച നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ഗ്രീമിയോ റയല്‍ മാഡ്രിഡ് അല്‍ജസറ മത്സര വിജയികളെ നേരിടും.