ഇന്‍ഡോര്‍: ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്്റ്റേഡിയത്തില്‍ നിറഞ്ഞുകവിഞ്ഞ ഗാലറിയെ സാക്ഷിയാക്കി ഓസീസിനെതിരെ ഇന്ത്യയുടെ ഏകദിന പരമ്പ വിജയം. ചെന്നൈയിലും കൊല്‍ക്കത്തയിലുമായി നടന്ന ആദ്യ രണ്ടു മല്‍സരങ്ങളിലും വിജയമധുരം നുണഞ്ഞ ഇന്ത്യ തുടര്‍ച്ചയായ മൂന്നാം ജയത്തോടെയാണ് ഇന്‍ഡോറില്‍ കിരീടം ഉറപ്പിച്ചത്. വിജയം അഞ്ചു വിക്കറ്റിന്. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സെടുത്തപ്പോള്‍, 13 പന്തുകള്‍ ബാക്കി നില്‍ക്കെ അഞ്ചു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം കണ്ടു. .

ഓസീസ് മുന്നോട്ടുവെച്ച 294 റണ്‍സ് കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ ഒരു ഘട്ടത്തില്‍ പോലും പരാജയഭീതിയില്ലാതെയാണ് കടന്നുപോയത്. മികച്ച തുടക്കം ലഭിച്ച ഇന്ത്യക്കായി ഓപ്പണിങ് വിക്കറ്റില്‍ അജിങ്ക്യ രഹാനെയും രോഹിത് ശര്‍മ്മയും ചേര്‍ന്ന് 139 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. രഹാനെ 76 പന്തില്‍ 79 റണ്‍സ് അടിച്ചപ്പോള്‍ രോഹിത് 62 പന്തില്‍ 71 റണ്‍സ് നേടി. രോഹിതിനെ പുറത്താക്കി കോള്‍ട്ടര്‍ നെയ്‌ലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

വിരാട് കോലി 28 റണ്‍സിനും കേദര്‍ ജാദവ് രണ്ട് റണ്‍സിനും പുറത്തായി. അതേസമയം ഹാര്‍ദിക് പാണ്ഡ്യ ഒരിക്കല്‍ കൂടി തന്റെ ബാറ്റിങ് പാടവം പുറത്തെടുത്തു. 72 പന്തില്‍ അഞ്ചു ഫോറും നാല് സിക്‌സുമടക്കം 78 റണ്‍സാണ് പാണ്ഡ്യ നേടിയത്. പിന്നീട് മനീഷ് പാണ്ഡെക്കും എം.എസ് ധോനിക്കും കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഹാര്‍ദിക് പുറത്താവാതെ 36 റണ്‍സും ധോനി മൂന്ന് റണ്‍സും നേടി.