തിരുവനന്തപുരം: സിപിഐയുടെ കര്‍ക്കശ നിലപാടില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് രാജി സമ്മര്‍ദ്ദമേറുന്നു. മന്ത്രിയുടെ കായല്‍ കയ്യേറ്റ വിവാദത്തില്‍ തീരുമാനമെടുക്കുന്നതിന് നാളെ ഇടതുമുന്നണി നേതൃയോഗം കൂടി വിളിച്ചതോടെ രാജ്യക്കാര്യത്തില്‍ തീരുമാനം ഉടനുണ്ടായേക്കുമെന്നാണ് വിവരം. ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ടില്‍ അഡ്വ.ജനറലിന്റെ നിയമോപദേശവും മന്ത്രിക്ക് തിരിച്ചടിയാവുകയാണ്. സ്വയം ഒഴിഞ്ഞു പോകണമെന്നാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗങ്ങള്‍ ആവശ്യപ്പെടുന്നത്. ചാണ്ടിയുടെ രാജി അനിവാര്യമാണെന്ന് സിപിഐ നിലപാട് കടുപ്പിച്ചതാണ് അടിയന്തര യോഗം ചേരാന്‍ ഇടതു മുന്നണിയെ പ്രേരിപ്പിച്ചത്. യോഗത്തിനു മുമ്പായി സിപിഐ-സിപിഎം ഉഭയകക്ഷി ചര്‍ച്ചയും നടക്കും. കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ ഹൈക്കോടതിയില്‍ മന്ത്രി നല്‍കിയ ഹര്‍ജി ചൊവ്വാഴ്ചയാണു പരിഗണിക്കുന്നത്. അതുവരെ തീരുമാനം നീട്ടിവെക്കണമെന്ന നിലപാടായിരിക്കും നാളെ ചേരുന്ന മുന്നണി യോഗത്തില്‍ എന്‍സിപി സ്വീകരിക്കുക.
കായല്‍ കയ്യേറിയും നിലംനികത്തിയും നിയമലംഘനം നടത്തിയ തോമസ് ചാണ്ടി മന്ത്രിപദവിയില്‍ തുടരുന്ന ഓരോ നിമിഷവും മുന്നണിയുടെ പ്രതിച്ഛായ മോശമാകുമെന്നും അതിനാല്‍ രാജി അനിവാര്യമാണെന്നുമുള്ള വികാരമാണ് ഇന്നലെ സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയില്‍ ഉയര്‍ന്നത്.