Connect with us

More

അന്ന് പ്രതിപക്ഷത്തെ വെല്ലുവിളിച്ചു ഇന്ന് പറഞ്ഞതുപോലെ വീട്ടിലിരിക്കുന്നു

Published

on

തിരുവനന്തപുരം: നിയമവിരുദ്ധമായി ഒരു സെന്റ് ഭൂമി തരപ്പെടുത്തിയെന്ന് തെളിഞ്ഞാല്‍ മന്ത്രിസ്ഥാനമല്ല, എം.എല്‍.എ സ്ഥാനവും രാജിവെച്ചു വീട്ടില്‍ പോയിരിക്കും…. ആഗസ്റ്റ് 17ന് നിയമസഭയില്‍ തൊണ്ടയിടറി തോമസ് ചാണ്ടി പ്രതിപക്ഷത്തെ വെല്ലുവിളിച്ചത് ഇങ്ങനെയായിരുന്നു. വെല്ലുവിളി നടത്തിയിട്ട്  മൂന്നുമാസം തികയുമ്പോള്‍ തോമസ് ചാണ്ടി പറഞ്ഞതുപോലെ വീട്ടിലിരിക്കുന്നു. എന്നാല്‍ തെറ്റ് ചെയ്‌തെന്ന് സമ്മതിച്ചു തരുന്നില്ലെന്ന് മാത്രം. പ്രതിപക്ഷനേതാവ് സ്ഥലം സന്ദര്‍ശിച്ച് താന്‍ തെറ്റുകാരനെന്ന് പറഞ്ഞാല്‍ രാജിവെക്കുമെന്നും പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് എം.എല്‍.എമാര്‍ക്കൊപ്പം അവിടെ സന്ദര്‍ശിച്ചുവെന്ന് മാത്രമല്ല. ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തിട്ടും തോമസ് ചാണ്ടി കണ്ടഭാവം നടിച്ചില്ല.

എ.കെ ശശീന്ദ്രന്‍ രാജിവെച്ച ഒഴിവില്‍ ഏപ്രില്‍ ഒന്നിനായിരുന്നു തോമസ് ചാണ്ടിയുടെ സ്ഥാനാരോഹണം. കെ.എസ്.ആര്‍.ടി.സിയെ നഷ്ടത്തില്‍ നിന്ന് കരകയറ്റുമെന്നായിരുന്നു ആദ്യപ്രഖ്യാപനം. കരകയറിയില്ലെന്ന് മാത്രമല്ല, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കെ.എസ്.ആര്‍.ടി.സി നീങ്ങുകയും ചെയ്തു. ആദ്യ നാല് മാസത്തിന് ശേഷം പിന്നീട് വകുപ്പില്‍ ശ്രദ്ധിക്കാന്‍ പോലും ചാണ്ടിക്കായില്ല. അപ്പോഴേക്കും കയ്യേറ്റ വിവാദങ്ങള്‍ ഓരോന്നായി പുറത്ത് വന്നിരുന്നു. ഇവയെ പ്രതിരോധിക്കാനുള്ള തത്രപ്പാടിലായിരുന്നു ചാണ്ടി.

തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്കുള്ള റോഡ് നിര്‍മാണം സംബന്ധിച്ചും ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പും മാര്‍ത്താണ്ഡം കായല്‍ കയ്യേറിയെന്ന ആരോപണത്തെക്കുറിച്ചു റവന്യൂ വകുപ്പും ആഗസ്റ്റ് 16ന് അന്വേഷണം തുടങ്ങി. ലേക് പാലസ് റിസോര്‍ട്ട് നിര്‍മാണം ആലപ്പുഴ നഗരസഭയും അന്വോഷണം ആരംഭിച്ചു. അപ്പോഴും ആത്മവിശ്വാസം കൈവിടാതെ ചാണ്ടി നിന്നു. അടുത്ത ദിവസം നിയമസഭയില്‍ വിഷയം ചര്‍ച്ചക്ക് വന്നപ്പോള്‍ പ്രതിപക്ഷ സംഘം തന്റെ റിസോര്‍ട്ട് സന്ദര്‍ശിച്ച് ആരോപണം തെളിയിക്കാന്‍ വെല്ലുവിളിച്ചു.

സെപ്തംബര്‍ ഒന്നിന് ലേക്ക് പാലസ് റിസോര്‍ട്ടില്‍ ജില്ലാ കലക്ടര്‍ അനുപമയും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും എത്തിയതോടെ സ്ഥിതി മാറി. പിന്നീടങ്ങോട്ട് ചാണ്ടിയുടെ മന്ത്രിക്കസേരക്ക് ഇളക്കം തുടങ്ങി. അതേമാസം 22ന് തോമസ് ചാണ്ടിയുടെ റിസോര്‍ട്ട് നിര്‍മാണത്തില്‍ കായല്‍ കയ്യേറ്റവും ചട്ടലംഘനവും ഉണ്ടായെന്ന് ടി.വി.അനുപമയുടെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്തു വന്നു. ഒരുമാസം കഴിഞ്ഞ് ഒക്‌ടോബര്‍ 22ന് കുട്ടനാട്ടില്‍ തോമസ് ചാണ്ടിയുടെയും ബന്ധുവിന്റെയും ഭൂമി ഇടപാടുകളില്‍ ഭൂസംരക്ഷണ നിയമവും നെല്‍വയല്‍, തണ്ണീര്‍ത്തട നിയമവും ലംഘിച്ചതായും കയ്യേറ്റം സ്ഥിരീകരിച്ചതായും കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. അതിനിടെ മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റത്തിന്റെ പേരില്‍ തോമസ് ചാണ്ടിക്കെതിരെ നടപടി ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹര്‍ജിയെത്തി. അപ്പോഴും രാജി ആവശ്യം നിരാകരിച്ച് ചാണ്ടി മുന്നോട്ടു തന്നെ പോയി.

കലക്ടറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തോമസ് ചാണ്ടിക്കെതിരെ ക്രിമിനല്‍ കേസിന് സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ അറിയിച്ചതോടെ നിയമയുദ്ധത്തിന് കളമൊരുങ്ങി. എ.ജിയും റവന്യൂ മന്ത്രിയും തമ്മിലുള്ള അഭിപ്രായ ഭിന്നത വിവാദമായി. പുതിയ വിവാദങ്ങള്‍ക്ക് തോമസ് ചാണ്ടി തന്നെ തുടക്കമിട്ടു. മാര്‍ത്താണ്ഡം കായലിലെ ഭൂമിയിലേക്കുള്ള വഴി ഇനിയും നികത്തുമെന്നു കാനത്തിന്റെ യാത്രക്കിടയില്‍ ചാണ്ടി വെല്ലുവിളിച്ചു.

നവംബര്‍ ആറിന് കലക്ടറുടെ അന്തിമ റിപ്പോര്‍ട്ട് വന്നിട്ടും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചില്ല. ചാണ്ടിയെ പിണറായി വിജയന്‍ സംരക്ഷിക്കുകയാണെന്ന ആരോപണത്തിന് ഇതോടെ മൂര്‍ച്ച കൂടി. നവംബര്‍ ഏഴിനു മുഖ്യമന്ത്രി തോമസ് ചാണ്ടിയുമായി ചര്‍ച്ച നടത്തിയെങ്കിലും രാജിക്കാര്യം അപ്പോഴും വന്നില്ല. 12ന് മന്ത്രി രാജിവെച്ചൊഴിയണമെന്ന് എല്‍.ഡി.എഫ് യോഗത്തില്‍ ആവശ്യമുണ്ടായി. അതിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ചാണ്ടിയുടെ പരിഹാസം നിറഞ്ഞ മറുപടി ഇങ്ങനെ – രാജിവെക്കാം, പക്ഷേ രണ്ടു വര്‍ഷം കഴിഞ്ഞ്. കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ ഹൈക്കോടതിയില്‍ പോയ തോമസ് ചാണ്ടിക്ക് മാത്രമല്ല, സര്‍ക്കാറിനാകെ അവിടെ നിന്ന് കണക്കിന് കിട്ടി. പിന്നീട് രണ്ട് വര്‍ഷം കാത്തിരിക്കാതെ തന്നെ രാജി നല്‍കി അദ്ദേഹത്തിന് കുട്ടനാട്ടിലേക്ക് മടങ്ങേണ്ടിയുംവന്നു.

News

വണ്‍പ്ലസ് 15ആര്‍ ഇന്ത്യയില്‍ എത്താന്‍ ഒരുങ്ങുന്നു; ഡ്യുവല്‍ ക്യാമറ ഡിസൈന്‍ ശ്രദ്ധയാകര്‍ഷിക്കുന്നു

ലോഞ്ചിനോടനുബന്ധിച്ച് വണ്‍പ്ലസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രത്യേക മൈക്രോസൈറ്റ് ലൈവായിട്ടുണ്ടെന്നും ഇത് ഫോണിന്റെ പ്രധാന ഡിസൈന്‍ വിശദാംശങ്ങള്‍ പുറത്തുവിടുന്നുവെന്നും വ്യക്തമാക്കുന്നു.

Published

on

വണ്‍പ്ലസ് ഇന്ത്യയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലായ വണ്‍പ്ലസ് 15ആര്‍ ഉടന്‍ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സൂചന നല്‍കി. അടുത്തിടെ പുറത്തിറങ്ങിയ വണ്‍പ്ലസ് 15 സീരീസ് ലൈനപ്പിന്റെ ഭാഗമായിട്ടാണ് ഈ മോഡല്‍ എത്തുന്നത്. ലോഞ്ചിനോടനുബന്ധിച്ച് വണ്‍പ്ലസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രത്യേക മൈക്രോസൈറ്റ് ലൈവായിട്ടുണ്ടെന്നും ഇത് ഫോണിന്റെ പ്രധാന ഡിസൈന്‍ വിശദാംശങ്ങള്‍ പുറത്തുവിടുന്നുവെന്നും വ്യക്തമാക്കുന്നു. ടീസറനുസരിച്ച്, വണ്‍പ്ലസ് 15ആര്‍ കറുപ്പ് പച്ച എന്നീ രണ്ടു നിറങ്ങളിലാണ് ലഭ്യമാകുന്നത്. ഫോണിന്റെ പിന്‍ഭാഗത്തെ ക്യാമറ മൊഡ്യൂള്‍ പ്രത്യേക ശ്രദ്ധ നേടുന്ന ഭാഗമാണ് സ്‌ക്വയര്‍ ഡിസൈന്‍ ഡെക്കോയിനുള്ളില്‍ ലംബമായി സജ്ജീകരിച്ച ഡ്യുവല്‍ റിയര്‍ ക്യാമറ സിസ്റ്റം. ഇത് വണ്‍പ്ലസ് 15 ഫ്‌ളാഗ്ഷിപ്പിന്റെ ഡിസൈന്‍ ഭാഷയെ അനുസ്മരിപ്പിക്കുന്നു. വിലകുറഞ്ഞതും എന്നാല്‍ പ്രീമിയം ലുക്കും ഫീച്ചറുകളും ആഗ്രഹിക്കുന്ന ഉപയോക്താക്കളെയാണ് 15ആര്‍ ലക്ഷ്യമിടുന്നത്. ഫോണിന്റെ പൂര്‍ണ്ണ സവിശേഷതകളും ഇന്ത്യയിലെ ലോഞ്ച് തീയതിയും അടുത്ത ദിവസങ്ങളില്‍ വണ്‍പ്ലസ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Continue Reading

kerala

‘സര്‍ക്കാര്‍ പദ്ധതിയുടെ സഹായവിതരണത്തിനുള്ള അപേക്ഷ ഫോറം തെരഞ്ഞെടുപ്പ് സമയത്ത് സിപിഎം പ്രവര്‍ത്തകര്‍ വീടുകളില്‍ വിതരണം ചെയ്യുന്നത് പരസ്യമായ ചട്ടലംഘനം’:പി. അബ്ദുല്‍ഹമീദ് എംഎല്‍എ

ചട്ടലംഘനം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടിയെടുക്കണമെന്ന് അദ്ദേഹം മലപ്പുറം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു

Published

on

മലപ്പുറം: ‘സ്ത്രീ സുരക്ഷാ പദ്ധതി’ എന്ന സംസ്ഥാന സര്‍ക്കാറിന്റെ പുതിയൊരു പരിപാടിയുടെ സഹായം ലഭിക്കുന്നതിനു വേണ്ടിയുള്ള അപേക്ഷ ഫോറം പഞ്ചായത്ത് ഓഫീസുകളിലോ മുനിസിപ്പല്‍ ഓഫീസുകളിലോ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ കയ്യില്‍ പോലും ഔദ്യോഗികമായി ലഭിക്കുന്നതിനു മുമ്പ് സിപിഎം പ്രവര്‍ത്തകന്മാര്‍ മുഴുവന്‍ വീടുകളിലും വിതരണം ചെയ്യുന്ന പരസ്യമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ് മലപ്പുറം ജില്ലയില്‍ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നത് എന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ഹമീദ് എംഎല്‍എ പ്രസ്താവിച്ചു.

പഞ്ചായത്ത്, മുന്‍സിപ്പല്‍ സെക്രട്ടറിമാരാണ് ഈ പദ്ധതിയുടെ അര്‍ഹതപ്പെട്ടവരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള അപേക്ഷകള്‍ ക്ഷണിക്കേണ്ടത് എന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്. പക്ഷേ ഒരു പഞ്ചായത്തും മുന്‍സിപ്പാലിറ്റിയും ഇതുവരെ അപേക്ഷ ക്ഷണിച്ചിട്ടില്ല. അവരൊന്നും ഈ വിവരം അറിഞ്ഞിട്ടു പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് മുഴുവന്‍ വീടുകളിലും നോട്ടീസ് വിതരണം ചെയ്യുന്നതുപോലെ അപേക്ഷ ഫോറങ്ങള്‍ വിതരണം ചെയ്യുകയും പൂരിപ്പിച്ച് വാങ്ങിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് വോട്ട് തട്ടാനുള്ള തന്ത്രമാണ് വളരെ അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെട്ട് നഗ്‌നമായ തെരഞ്ഞെടുപ്പ് ചട്ടലംഘനം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടിയെടുക്കണമെന്ന് അദ്ദേഹം മലപ്പുറം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.

Continue Reading

kerala

പൂര്‍ണചന്ദ്രന്റെയുള്ളിലെ വിമാനം

ലോകത്തിലെ അപൂര്‍വ ദൃശ്യം കാമറയിലാക്കി കവിയൂര്‍ സന്തോഷ്

Published

on

തിരുവനന്തപുരം: ഒന്‍പത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലോകത്തിലെ അപൂര്‍വ ദുശ്യങ്ങളിലൊന്ന് കാമറയിലാക്കിയതിന്റെ സംതൃപ്തിയിലാണ് ന്യൂസ് ഫോട്ടോഗ്രാഫറായ കവിയൂര്‍ സന്തോഷ്. പൗര്‍ണമി ദിനത്തില്‍ ചന്ദ്രന്റെ വെള്ളിവെളിച്ചത്തിലുള്ള യാത്രാ വിമാനത്തിന്റെ ഛായാരൂപം. ഒരര്‍ത്ഥത്തില്‍ പൂര്‍ണചന്ദ്രന്റെയുള്ളിലെ വിമാനം.

വിദേശരാജ്യങ്ങളില്‍ പൂര്‍ണചന്ദ്രന്റെ പശ്ചാത്തലത്തില്‍ വിമാനത്തിന്റെ ചിത്രമെടുക്കുന്നതു മാത്രം ലക്ഷ്യംവച്ചു ജോലിയെടുക്കുന്ന ഫോട്ടോഗ്രാഫര്‍മാരുണ്ടെന്ന് അറിയുമ്പോഴാണ് കവിയൂര്‍ സന്തോഷിന്റെ ചിത്രത്തിന്റെ പ്രസക്തി വര്‍ധിക്കുന്നത്. പൗര്‍ണമി ദിനം കണക്കുകൂട്ടി വിമാനത്തിന്റെ പാത മുന്‍കൂട്ടി കണ്ട് ഈ ഒരു ലക്ഷ്യത്തിനായി കവിയൂര്‍ സന്തോഷ് ചെലവഴിച്ചത് ഒന്‍പത് വര്‍ഷമാണ്. വിദേശരാജ്യങ്ങളില്‍ ഉപഗ്രഹ സഹായത്തോടെയാണ് ഇതൊക്കെ ചെയ്യുന്നതെങ്കില്‍ സന്തോഷ് ഇവിടെ ഉപയോഗിച്ചത് തന്റെ മനസും അര്‍പ്പണബോധവുമാണ്. പകരം ലഭിച്ചത് ചന്ദന്റെ മധ്യഭാഗത്തുകൂടി കടന്നുപോകുന്ന വിമാനത്തിന്റെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ചിത്രം. സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച ചിത്രം വൈറലായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഭിനന്ദന പ്രവാഹമാണ് സന്തോഷിന് ലഭിക്കുന്നത്.

വ്യത്യസ്തമായ ഒരു ഫ്രെയിം തന്റെ കരിയറില്‍ വേണമെന്ന ചിന്തയാണ് കവിയൂര്‍ സന്തോഷിനെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് പ്രേരിപ്പിച്ചത്. പല തവണ ചുണ്ടിനും കപ്പിനും ഇടയില്‍ ചിത്രം വഴുതിപ്പോയി. പലപ്പോഴും മനോഹരങ്ങളായ നിരവധി ചിത്രങ്ങളുടെ പിറവിക്കും ഇതിടയാക്കി. ഒരു പൗര്‍ണമി ദിവസം പോലും ഒഴിവാക്കാതെ തന്റെ കാത്തിരിപ്പ് തുടര്‍ന്നുവെന്നും നവംബര്‍ ആറിനാണ് ഇതിനുള്ള അവസരം ലഭിച്ചതെന്നും കവിയൂര്‍ സന്തോഷ് പറയുന്നു. മൂന്നു ഫ്രെയിമുകളാണ് ലഭിച്ചത്. ചന്ദ്ര പശ്ചാത്തലത്തിലുള്ള വിമാനത്തിന്റെ മുന്‍ഭാഗവും വിമാനത്തിന്റെ വാലുമായിരുന്നു മറ്റുള്ളവ.

ഫോട്ടോഗ്രാഫിയില്‍ ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന കവിയൂര്‍ സന്തോഷ് നിരവധി മാധ്യമസ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ബിബിസി ന്യൂസിനു് വേണ്ടി പ്രളയവും കോഴിക്കോട് വിമാന ദുരന്തവും ശബരിമല സ്ത്രീപ്രവേശനവും കാമറയില്‍ പകര്‍ത്തി. ഇതിലെ വ്യത്യസ്തമായ ഫ്രെയിമുകളാണ് സന്തോഷിനെ ശ്രദ്ധേയനാക്കിയത്. ഹിന്ദുസ്ഥാന്‍ ടൈംസ് ഉള്‍പ്പെടെ നിരവധി മാധ്യമ സ്ഥാപനങ്ങളിലും ന്യൂസ് ഏജന്‍സികളിലും ഫ്രീലാന്‍സറായി. പത്തനംതിട്ട ജില്ലയിലെ കവിയൂര്‍ സ്വദേശിയായ സന്തോഷിന് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ വിവിധ പ്രോജക്ടുകളുടെ ഡോക്യൂമെന്‍േഷന്‍ മേഖലയിലാണ് സന്തോഷ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

Continue Reading

Trending