വാഷിങ്ടണ്‍: യുഎസിലെ ഒറിഗോണ്‍ അലോഹയില്‍ വീട്ടിലെ തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിയുതിര്‍ത്ത ബാലന് ദാരുണാന്ത്യം. ജെയിംസ് കെന്നീത്ത് എന്ന മൂന്ന് വയസ്സുകാരനാണ് മരിച്ചത്.

വീട്ടിലെ മേശവലിപ്പില്‍ ലോഡ് ചെയ്ത് സൂക്ഷിച്ചിരുന്ന തോക്ക് ജെയിംസിന്റെ കണ്ണില്‍പ്പെട്ടിരുന്നു. പിന്നാലെ ഇത് കൈയിലെടുത്ത മൂന്നുവയസ്സുകാരന്‍ തലയ്ക്ക് നേരേ ചൂണ്ടി സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ വീട്ടുകാര്‍ ഉടന്‍തന്നെ ആംബുലന്‍സ് വിളിച്ച് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ ആര്‍ക്കെതിരെയും ഇതുവരെ കേസെടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. അതേസമയം, തോക്ക് അടക്കമുള്ള ആയുധങ്ങള്‍ അലക്ഷ്യമായി സൂക്ഷിക്കുന്നവര്‍ക്കെതിരേ നടപടിവേണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. ലോഡ് ചെയ്തനിലയില്‍ തോക്കുകള്‍ വീട്ടില്‍ സൂക്ഷിന്നതിനെതിരെയും കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.