കൊച്ചി: കേരളത്തിലേക്ക് ആദ്യമായി സന്തോഷ് ട്രോഫി കിരീടം എത്തിച്ച ടി.കെ.എസ് മണി (ക്യാപ്റ്റന്‍ മണി) 77 അന്തരിച്ചു.
കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ 17നാണ് മണിയെ ചികിത്സക്കായി പ്രവേശിപ്പിച്ചത്. രോഗം മൂര്‍ഛിച്ചതോടെ വ്യാഴാഴ്ച രാത്രി ഒമ്പതരയോടെ അന്തരിക്കുകയായിരുന്നു.
1973ല്‍ എറണാകുളം മഹാരാജാസ് കോളജ് മൈതാനത്ത് റെയില്‍വേസിനെതിരെ നടന്ന സന്തോഷ് ട്രോഫി ഫൈനലിലാണ് മണി കേരളത്തിന് കന്നി കിരീടം സമ്മാനിച്ചത്. ഹാട്രിക് ഗോള്‍ നേടിയ മണിയുടെ മാജിക് പ്രകടനമാണ് കിരീട നേട്ടത്തിനായി കേരളത്തിന് തുണയായത്.
ക്യാപ്റ്റന്‍ മണി എന്ന പേരിലാണ് ടി.കെ.എസ്. മണി അറിയപ്പെടുന്നത്. അന്നത്തെ മന്ത്രിയായിരുന്ന കെ. കരുണാകരനാണ് മണിയെ ക്യാപ്റ്റന്‍ മണിയെന്ന് സംബോധന ചെയ്തത്.
പരേതയായ രാജമ്മയാണ് മണിയുടെ ഭാര്യ. ആനന്ദ്, ജ്യോതി, ഗീത, അരുണ്‍ എന്നിവര്‍ മക്കളാണ്. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിലെ വീട്ടിലാണ് മണി താമസിച്ചിരുന്നത്.