Connect with us

india

ആഗ്രയിൽ മുസ്‌ലിം ഗൈഡിനെ ശിവജി പ്രതിമയുടെ കാൽച്ചുവട്ടിൽ മൂക്ക് ഉരതാൻ നിർബന്ധിച്ച് ടൂറിസ്റ്റുകൾ

പതിനേഴാം നൂറ്റാണ്ടില്‍ ഭരിച്ചിരുന്ന മറാത്ത സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഛത്രപതി ശിവാജിയെക്കുറിച്ച് സംസാരിക്കവെ തെറ്റായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ടുറിസ്റ്റുകള്‍ ഗൈഡിനെക്കൊണ്ട് ശിവജി പ്രതിമയുടെ കാല്‍ച്ചുവട്ടില്‍ മൂക്ക് ഉരക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.

Published

on

ശിവാജിയെക്കുറിച്ചുള്ള ചരിത്ര പരാമര്‍ശത്തില്‍ തെറ്റ് വരുത്തിയെന്ന് ആരോപിച്ച് മുസ്ലിം ഗൈഡിനെ അപമാനിച്ച് ടൂറിസ്റ്റുകള്‍. യു.പിയിലെ ആഗ്ര കോട്ടയില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരു കൂട്ടം വിനോദസഞ്ചാരികളാണ് സഗീര്‍ ബെയ്ഗ് എന്ന പ്രാദേശിക ഗൈഡിനെ അപമാനിച്ചത്. പതിനേഴാം നൂറ്റാണ്ടില്‍ ഭരിച്ചിരുന്ന മറാത്ത സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഛത്രപതി ശിവാജിയെക്കുറിച്ച് സംസാരിക്കവെ തെറ്റായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ടുറിസ്റ്റുകള്‍ ഗൈഡിനെക്കൊണ്ട് ശിവജി പ്രതിമയുടെ കാല്‍ച്ചുവട്ടില്‍ മൂക്ക് ഉരക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.

ശിവജി ഒരിക്കല്‍ കോട്ടയില്‍ തടവിലായിരുന്നുവെന്നും, അത് രേഖപ്പെടുത്തപ്പെട്ട ചരിത്ര സംഭവമാണെന്നും ബെയ്ഗ് പറഞ്ഞതിനെ തുടര്‍ന്നാണ് സംഭവം നടന്നത്. ബെയ്ഗിന്റെ പരാമര്‍ശം വിനോദസഞ്ചാരികളെ രോഷാകുലരാക്കുകയും അവര്‍ അവര്‍ അദ്ദേഹത്തെ ആക്രമിക്കുകയുമായിരുന്നു . തന്റെ ‘തെറ്റ്’ അംഗീകരിക്കണമെന്ന് വിനോദ സഞ്ചാരികള്‍ അദ്ദേഹത്തോട് ആവശ്യപ്പെടുകയും മൂക്ക് ശിവജി പ്രതിമയുടെ കാല്‍ച്ചുവട്ടില്‍ ഉരക്കാന്‍ പറയുകയും ചെയ്തു.

ഫെബ്രുവരി 26 ബുധനാഴ്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയിലൂടെയാണ് സംഭവം പുറത്തറിയുന്നത്. മഹാരാഷ്ട്രയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ ബെയ്ഗിനെതിരെ ആക്രോശിക്കുന്നതും, അദ്ദേഹത്തെ ശക്തമായി തള്ളിയിടുന്നതും, ശിവാജിയുടെ പ്രതിമയ്ക്ക് മുന്നില്‍ മൂക്ക് ഉരക്കാന്‍ നിര്‍ബന്ധിക്കുന്നതും വീഡിയോയില്‍ കാണാം.

അവശനിലയില്‍ കണ്ട ബെയ്ഗ് ക്ഷമാപണം നടത്തുകയും വിനോദസഞ്ചാരികള്‍ പറഞ്ഞത് പോലെ മൂക്ക് പ്രതിമയുടെ കാല്‍ച്ചുവട്ടില്‍ ഉരക്കുകയും ചെയ്തതോടെയാണ് അദ്ദേഹത്തെ അവര്‍ വിട്ടയച്ചത്. ശിവജിയെ അപമാനിച്ചിട്ടില്ലെന്നും ചരിത്രപരമായ വസ്തുതകള്‍വിശദീകരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും എന്നാല്‍ ആള്‍ക്കൂട്ടം തന്നെ ആക്രമിക്കുകയായിരുന്നെന്നും ബെയ്ഗ് പറഞ്ഞു. വിഷയത്തില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

1681 മുതല്‍ 1689 വരെ മറാത്ത സാമ്രാജ്യത്തിന്റെ രണ്ടാമത്തെ രാജാവായി ഭരിച്ചിരുന്ന ശിവജിയുടെ മൂത്തമകന്‍ ഛത്രപതി സംഭാജി മഹാരാജിന്റെ ജീവിതം ചിത്രീകരിക്കുന്ന ആക്ഷന്‍ സിനിമയായ ഛാവ പുറത്തിറങ്ങിയതിനുശേഷം, മറാത്ത സാമ്രാജ്യത്തെക്കുറിച്ചും ഛത്രപതി ശിവജിയെക്കുറിച്ചുമുള്ള പൊതു ചര്‍ച്ചകള്‍ വര്‍ധിച്ചിരുന്നു. 1666-ല്‍ ആഗ്ര കോട്ടയിലെ ദിവാന്‍-ഇ-ആമില്‍ വെച്ച് മറാത്ത ഭരണാധികാരി ഛത്രപതി ശിവജിയെയും അദ്ദേഹത്തിന്റെ മകന്‍ സാംബാജിയെയും മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബ് തടവിലാക്കിയിരുന്നു.

Trending