മുംബൈ: ടി.ആര്‍.പി (ടെലിവിഷന്‍ റേറ്റിങ് പോയിന്റ്) തട്ടിപ്പ് കേസില്‍ റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരെ മുംബൈ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അര്‍ണബിനെ കൂടാതെ റിപ്പബ്ലിക് ടി.വി ഉടമസ്ഥരായ എ.ആര്‍.ജി ഔട്ട്‌ലയര്‍ മീഡിയയുടെ ഭാഗമായ നാല് പേര്‍ കൂടി കേസിലെ പ്രതികളാണ്. 1800 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്.

ഒമ്പത് മാസം മുമ്പാണ് കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വി ടി.ആര്‍.പി കൃത്രിമമായി പെരുപ്പിച്ചുവെന്ന് കാട്ടിയായിരുന്നു കേസ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടി കങ്കണ റണാവതിന്റെ ഓഫീസിലെ അനധികൃത നിര്‍മാണം നഗരസഭ പൊളിച്ചുനീക്കുന്നതിനിടെ വാര്‍ത്ത പൊലിപ്പിക്കാന്‍ കൃത്രിമമായി ശ്രമിച്ചുവെന്നതിനാണ് കേസ്.

റിപ്പബ്ലിക് ടി.വി, ഫക്ത് മറാത്തി, ബോക്‌സ് സിനിമ എന്നീ ചാനലുകള്‍ ടി.ആര്‍.പി റേറ്റ് കൃത്രിമമായി വര്‍ധിപ്പിക്കാന്‍ ചാനല്‍ ഉപഭോക്താക്കള്‍ക്ക് കൈക്കൂലി നല്‍കിയെന്നായിരുന്നു പൊലീസിന്റെ ആരോപണം.

കേസ് അന്വേഷണം മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. അന്വേഷണം മരവിപ്പിക്കണമെന്ന അര്‍ണബിന്റെ ആവശ്യം കോടതി തള്ളിയിരുന്നു.