തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന്‍ തിരക്ക് വര്‍ധിച്ചതോടെ പലര്‍ക്കും സ്ലോട്ട് ലഭിക്കാത്ത അവസ്ഥയുണ്ട്. ഈ ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് കേരളാ പൊലീസ്. വളരെ എളുപ്പത്തില്‍ സ്ലോട്ട് ലഭിക്കുന്നതിനായി കേരളാ പൊലീസ് സൈബര്‍ ഡോമും മാഷപ്പ്സ്റ്റക്കും ചേര്‍ന്ന് vaccinefind.in എന്ന വെബ്‌സൈറ്റ് വികസിപ്പിച്ചിരിക്കുകയാണ്.

vaccinefind.in വെബ്‌സൈറ്റ് വഴി ലാപ്‌ടോപ്പിലും മൊബൈല്‍ ഫോണിലും വാക്‌സിന്‍ സ്ലോട്ട് തിരയാം. ഒട്ടുമിയ്ക്ക വെബ്‌സൈറ്റുകളും ആപ്പുകളും ഒരു ആഴ്ചത്തെ സ്ലോട്ടുകള്‍ കാണിക്കുമ്പോള്‍, ഈ വെബ്‌സൈറ്റില്‍ അടുത്ത രണ്ട് ആഴ്ചത്തെ വാക്‌സിന്‍ സ്ലോട്ടുകള്‍ നമുക്ക് കണ്ടെത്തിത്തരും എന്നതാണ് ഇതിന്റെ പ്രത്യേകത.

വാക്‌സിന്‍ ലഭ്യമായ ദിവസങ്ങള്‍ പച്ച നിറത്തില്‍ രേഖപ്പെടുത്തി കാണിക്കുന്നത് കാരണം വേഗത്തില്‍ ഒഴിവുള്ള തീയതി കണ്ടെത്തി ബുക്ക് ചെയ്യാനുമാകും. വാക്‌സിന്‍ സ്ലോട്ടുകളുടെ ലഭ്യത ഓരോ 30 സെക്കന്റിലും ചെക്ക് ചെയ്യുന്നതിലൂടെ ആളുകള്‍ക്ക് വാക്‌സിന്‍ വരുന്നത് പെട്ടെന്നു തന്നെ അറിയാന്‍ സാധിക്കുന്നു. അഥവാ സ്ലോട്ടുകള്‍ ലഭ്യമല്ലെങ്കില്‍, വെബ്‌സൈറ്റ് ഓട്ടോമാറ്റിക് ആയി അടുത്ത ലഭ്യമായ വാക്‌സിന്‍ സ്ലോട്ട് തിരയുകയും ആളുകളെ ബ്രൗസറില്‍ സൗണ്ട് വഴി അറിയിക്കുകയും ചെയ്യും

ഒരു തവണ സംസ്ഥാനവും ജില്ലയും തിരഞ്ഞെടുത്താല്‍, പിന്നീട് ബ്രൗസര്‍ തുറക്കുമ്പോള്‍ത്തന്നെ വാക്‌സിന്‍ സ്ലോട്ട് ലഭ്യമാണോ എന്നത് നമുക്ക് അറിയാന്‍ സാധിക്കും. നമ്മള്‍ തിരഞ്ഞെടുക്കുന്ന ഓപ്ഷനുകള്‍ ബ്രൗസറില്‍ സേവ് ചെയ്യുന്നതിലൂടെ വാക്‌സിന്‍ തിരയുന്ന പ്രക്രിയ വളരെ ആയാസരഹിതമാകുന്നു. പെട്ടെന്നു സ്ലോട്ടുകള്‍ കണ്ടെത്തുന്നതിന് 40 + ഫില്‍ട്ടറും, ഡോസ് 1, ഡോസ് 2 ഫില്‍ട്ടറും സൈറ്റില്‍ നല്‍കിയിട്ടുണ്ട്. മലയാളം ഉള്‍പ്പടെ 11 ഭാഷകളില്‍ ഈ വെബ്‌സൈറ്റ് ലഭ്യമാണ്.