കൊച്ചി: എറണാകുളം ടൗണ്‍ (നോര്‍ത്ത്)-ഇടപ്പള്ളി സ്റ്റേഷനുകള്‍ക്കിടിയില്‍ ട്രാക്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ നാളെയും (ശനി) 12, 14 തീയതികളിലും ട്രെയിനുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി അടക്കമുള്ള സര്‍വീസുകള്‍ ഈ ദിവസങ്ങളില്‍ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. പ്രളയം കാരണം സംസ്ഥാനത്തെ ഗതാഗത രംഗം താറുമാറായി കിടക്കുന്ന സാഹചര്യത്തില്‍ ട്രെയിനുകള്‍ക്കുള്ള നിയന്ത്രണം യാത്രക്കാരെ ഏറെ ദുരിതത്തിലാക്കും.

രാവിലെ 6.45ന് എറണാകുളം ജങ്ഷന്‍ (സൗത്ത്) സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (16305), കണ്ണൂരില്‍ നിന്ന് ഉച്ചക്ക് 2.35ന് പുറപ്പെടുന്ന കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി (16306), രാവിലെ ആറു മണിക്കുള്ള എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ (56370), ഉച്ചക്ക് 1.05നുള്ള ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ (56375), രാവിലെ 9.05നുള്ള ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ (56373), 10.55നുള്ള തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ (56374), രാവിലെ 7.25നുള്ള എറണാകുളം-നിലമ്പൂര്‍ പാസഞ്ചര്‍ (56362), ഉച്ചക്ക് 2.55നുള്ള നിലമ്പൂര്‍-എറണാകുളം പാസഞ്ചര്‍ (56363) എന്നീ ട്രെയിനുകളുടെ സര്‍വീസുകളാണ് മൂന്ന് ദിവസം പൂര്‍ണമായും റദ്ദാക്കിയത്.

നാളെയും 13നും തിരുവനന്തപുരം-മധുരൈ അമൃത എക്‌സ്പ്രസ് (16343) ഒരു മണിക്കൂര്‍ വൈകി രാത്രി 11.30നാണ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക. തിരുവനന്തപുരത്തിനും എറണാകുളത്തിനുമിടയില്‍ ഈ ട്രെയിന്‍ രണ്ടു മണിക്കൂര്‍ അമ്പത് മിനുറ്റോളം പിടിച്ചിടും. ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് (16127) തിരുവനന്തപുരത്ത് അരമണിക്കൂറും എറണാകുളം ജങ്ഷനില്‍ രണ്ടര മണിക്കൂറും പിടിച്ചിടും. നാളെ (ശനിയാഴ്ച്ച) അര്‍ധരാത്രി 12.30ന് പുറപ്പെടേണ്ട തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീന്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22653) ഒരു മണിക്കൂര്‍ വൈകി പുലര്‍ച്ചെ 1.30നാണ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക. യാത്രക്കിടയില്‍ 45 മിനുറ്റ് ട്രെയിന്‍ പിടിച്ചിടും. 14നുള്ള എറണാകുളം-പൂനെ ദൈ്വവാര സൂപ്പര്‍ഫാസ്റ്റ് (22149) ഒരു മണിക്കൂര്‍ വൈകി രാവിലെ 6.15നാണ് എറണാകുളം ജങ്ഷനില്‍ നിന്ന് സര്‍വീസ് തുടങ്ങുക.

ട്രെയിന്‍ റദ്ദാക്കിയത് മൂലമുള്ള സ്ഥിര യാത്രക്കാരുടെ അസൗകര്യം കണക്കിലെടുത്ത് നാളെയും 12,14 തീയതികളിലും ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് (16127) എറണാകുളം ജങ്ഷനും ഗുരുവായൂരിനുമിടയിലുള്ള എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തും. നാഗര്‍കോവില്‍-മംഗളൂരു ഏറനാട് എക്‌സ്പ്രസിന് (16606) അങ്കമാലി, ഇരിങ്ങാലക്കുട സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാവുമെന്നും റെയില്‍വേ അറിയിച്ചു.