ന്യൂഡല്‍ഹി: ഉപയോക്താക്കളെ ലക്ഷ്യമിട്ട് റിലയന്‍സ് ജിയോ പ്രഖ്യാപിച്ച ഹാപ്പി ന്യൂ ഇയര്‍ സൗജന്യ ഓഫറിന് ട്രായിയുടെ പിടിവീഴുന്നു. സൗജന്യ ഓഫറിന്റെ കാലാവധി ദീര്‍ഘിപ്പിച്ചതിലെ കാരണം വ്യക്തമാക്കാന്‍ ട്രായ് ആവശ്യപ്പെട്ടതോടെയാണ് കമ്പനിക്ക് കനത്ത തിരിച്ചടിയായിരിക്കുന്നത്. സൗജന്യ ഓഫറുകള്‍ക്ക് 90 ദിവസത്തില്‍ കൂടുതല്‍ ദൈര്‍ഘ്യം അനുവദിക്കരുതെന്ന ട്രായിയുടെ നിബന്ധന ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജിയോ അധികൃതര്‍ക്ക് ട്രായ് കത്തയച്ചു. ഡിസംബര്‍ 20നാണ് ട്രായ് കത്തു നല്‍കിയത്.

jio-digital-life

ഡിസംബര്‍ ഒന്നു മുതലാണ് നിലവിലുള്ള ഉപയോക്താക്കള്‍ക്കും പുതിയ ഉപയോക്താക്കള്‍ക്കുമായി ഹാപ്പി ന്യൂ ഇയര്‍ എന്ന പേരില്‍ പരിധിയില്ലാത്ത സൗജന്യ ഡാറ്റയും കോളുകളും നല്‍കുന്ന പ്രത്യേക ഓഫര്‍ നിലവില്‍വന്നത്. എന്നാല്‍ പഴയ ഓഫറിന്റെ തുടര്‍ച്ചയാണ് രണ്ടാമത് പ്രഖ്യാപിച്ച ഹാപ്പി ന്യൂഇയര്‍ ഓഫറെന്ന് ട്രായ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ഡാറ്റ ഉപയോഗത്തിന്റെ ചെറിയ വ്യത്യാസം മാത്രമാണ് ഇരു ഓഫറുകളും തമ്മിലുള്ളതെന്ന് ട്രായ് പറയുന്നു.

main-qimg-a8090dc26644087ec439d1aed64f1f1f-c

മൊബൈല്‍ സേവനദാതാവായ ഭാരതി എയര്‍ടെല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജിയോക്കെതിരെ ട്രായ് നടപടി സ്വീകരിച്ചത്. ജിയോയുടെ മറുപടി തൃപ്തികരമല്ലെങ്കില്‍ ഹാപ്പി ന്യൂഇയര്‍ ഓഫറിന് പിടിവീഴുമെന്നതിന് തര്‍ക്കമില്ല. അതോടെ സൗജന്യ ഓഫര്‍ ഡിസംബര്‍ 31 വരെ വെട്ടികുറക്കപ്പെടുമെന്നാണ് വിലയിരുത്തല്‍.