എറണാകുളം:തൃശൂര്‍ എറണാകുളം റെയില്‍വേ പാതയില്‍ തകരാര്‍ സംഭവിച്ചതിനാല്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. റെയില്‍പാതയില്‍ വൈദ്യൂതി ലൈന്‍ പൊട്ടിവീണതിനെ തുടര്‍ന്ന് ട്രെയിനുകള്‍ പലയിടങ്ങളിലായി പിടിച്ചിട്ടിരിക്കുകയാണ്. ഇതോടെ കേരളത്തില്‍ ട്രെയിന്‍ ഗതാഗതം മണിക്കൂറുകളോളം നിശ്ചലമായേക്കും. എപ്പോഴാണ് പ്രശ്‌നം പരിഹരിക്കുക എന്നറിയാതെ ദുരിതത്തിലായിരിക്കുകയാണ് യാത്രക്കാര്‍. ഇതിനിടെ എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിന്‍ എഞ്ചിന്‍ തകരാര്‍ മൂലം ചൊവ്വരയില്‍ കുടുങ്ങിയത് യാത്രാദുരിതം ഇരട്ടിയാക്കി.

ഇന്ന് രാവിലെയാണ് തൃശൂര്‍ എറണാകുളം റെയില്‍വേ പാതയില്‍ തകരാര്‍ കണ്ടെത്തിയത്. ഇതോടെയാണ് ഇരുഭാഗത്തേക്കുമുളള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചത്. പാസഞ്ചര്‍ ട്രെയിനുകള്‍ അടക്കം വിവിധയിടങ്ങളിലായി പിടിച്ചിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി റെയില്‍വേ പാതയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിനുകള്‍ അനിശ്ചിതമായി വൈകിയാണ് ഓടുന്നത്. കോട്ടയം പാതയില്‍ കൊല്ലത്തിനും ആലുവക്കുമിടയില്‍ പലയിടങ്ങളിലാണ് പണി നടക്കുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.