തിരുവനന്തപുരം: എറണാകുളം, തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വരാനിരിക്കെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനുള്ള നടപടികള്‍ തുടങ്ങി. ഈ ജില്ലകളില്‍ ബാങ്കുകളുടെ പ്രവൃത്തി സമയത്തില്‍ നേരത്തെ തീരുമാനിച്ചതില്‍ നിന്ന് ചെറിയ മാറ്റം വരുത്തി.

ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളിലും ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും. നിശ്ചിത സമയപരിധിയില്‍ മിനിമം ജീവനക്കാരെ വെച്ച് ഇത് നടപ്പാക്കണം.
മറ്റു ജില്ലകളില്‍ എല്ലാ ബാങ്കുകളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ബാങ്കിംഗ് ഇടപാടുകള്‍ സുഗമമാക്കാന്‍ എല്ലാ ജില്ലകളിലും ബാങ്കുകള്‍ ഒരു പോലെ പ്രവര്‍ത്തിക്കേണ്ടിവരുന്നതിനാലാണ് പുതിയ തീരുമാനം.

ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള ജില്ലകളിലും പാല്‍, പത്രം വിതരണം രാവിലെ 8 മണി വരെ അനുവദിക്കും. മത്സ്യവിതരണംകൂടി ഈ സമയത്തിനുള്ളില്‍ അനുവദിക്കും. നേരത്തെ ആറുമണിക്ക് മുമ്പായി പത്രം, പാല്‍ വിതരണം അവസാനിപ്പിക്കണമെന്നായിരുന്നു നിര്‍ദേശം.