ന്യൂഡല്‍ഹി: മുത്തലാഖ് സംബന്ധമായ കേസില്‍ അമിക്കസ് ക്യൂറിയാവാന്‍ മുന്‍ നിയമ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന് സുപ്രീം കോടതിയുടെ അനുമതി. മെയ് 19നുള്ളില്‍ വാദം കേട്ട് തീര്‍ക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. മുത്തലാഖ് വിഷയത്തില്‍ സ്വീകാര്യമായ പരിഹാരം നിര്‍ദ്ദേശിക്കുന്നതിന് അമിക്കസ് ക്യൂറിയാവാന്‍ അനുവദിക്കണമെന്ന് സല്‍മാന്‍ ഖുര്‍ഷിദ് സുപ്രീം കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. പ്രസ്തുത അപേക്ഷയിന്മേലാണ് സുപ്രീം കോടതി അനുമതി പ്രഖ്യാപിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍, ജസ്റ്റിസുമാരായ ഡി. വൈ ചന്ദ്രചൂഡ്, എസ്. കെ കൗള്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് അമിക്കസ് ക്യൂറിയാവാന്‍ സല്‍മാന്‍ ഖുര്‍ഷിദിന് അനുമതി നല്‍കിയത്. മെയ് 11 മുതല്‍ മെയ് 19 വരെയുള്ള ദിവസങ്ങളില്‍ വാദം കേട്ട് തീരുമാനം അറിയിക്കാനാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

നേരത്തെ, മുത്തലാഖുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനെ നിയമിച്ചിരുന്നു. പ്രസ്തുത ഹര്‍ജികളില്‍ വേനലവധിക്ക് വാദം കേള്‍ക്കാനിരിക്കെയാണ് അപ്രതീക്ഷിതമായ നീക്കം ഇപ്പോളുണ്ടായിരിക്കുന്നത്. ഏകസിവില്‍കോഡ് പോലുള്ള മറ്റു വിഷയങ്ങളിലേക്കൊന്നും പോകാതെ മുത്തലാഖ് കേസില്‍ മാത്രമാണ് അമിക്കസ് ക്യൂറിക്ക് ചുമതല നല്‍കിയിട്ടുള്ളത്.

മുത്തലാഖ് മുസ്‌ലിം സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ക്കെതിരാണെന്ന് കാണിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പോയവാരം നടന്ന പൊതു ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുത്തലാഖിനെ രാഷ്ട്രീയ വിഷയമായി കാണരുതെന്ന്് പറഞ്ഞിരുന്നു.

സഹായകരമായ വിവരങ്ങള്‍ നല്‍ക് കേസില്‍ തീരുമാനമെടുക്കാന്‍ കോടതിയെ സഹായിക്കുക എന്നതാണ് അമിക്കസ് ക്യൂറിയുടെ ചുമതല. അമിക്കസ് ക്യൂറിയുടെ കണ്ടെത്തലുകള്‍ കൂടി മുഖവിലക്കെടുത്തു കൊണ്ടായിരിക്കും കേസില്‍ അന്തിമ വിധി പുറപ്പെടുവിക്കുക.