വാഷിങ്ടണ്‍: ഇസ്രാഈല്‍ തലസ്ഥാനമായി ജറൂസലമിനെ അംഗീകരിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ ആഗോളരോഷം അലയടിക്കുന്നു. ഏഷ്യയിലും യൂറോപ്പിലും ആഫ്രിക്കയിലും ലക്ഷക്കണക്കിന് ആളുകള്‍ കഴിഞ്ഞ ദിവസവും പ്രതിഷേധവുമായി തെരുവിലിറങ്ങി. ലോകത്തെ പ്രധാന നഗരങ്ങളും ചത്വരങ്ങളുമെല്ലാം യുദ്ധ വിരുദ്ധ പ്രതിഷേധക്കാരെക്കൊണ്ട് നിറഞ്ഞിരുന്നു.
ജറൂസലമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച ട്രംപിനോടുള്ള അരിശം അമേരിക്കന്‍ വിരുദ്ധ റാലികളില്‍ പതഞ്ഞുപൊങ്ങി.
ഫലസ്തീന്‍ പതാകയുമായെത്തിയ പ്രതിഷേധക്കാര്‍ ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അധിനിവിഷ്ട വെസ്റ്റ്ബാങ്കിലും ജറൂസലമിലും ഗസ്സയിലും ഇസ്രാഈല്‍ സേനയും ഫലസ്തീനികളും ഏറ്റുമുട്ടി.
സംഘര്‍ഷത്തില്‍ 157 പേര്‍ക്ക് പരിക്കേറ്റതായി ഫലസ്തീന്‍ റെഡ് ക്രസന്റ് പറയുന്നു.
യു.എസ് പ്രഖ്യാപനത്തിനുശേഷം ഗസ്സയില്‍ നാലു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. അറബ് ലോകത്തിന്റെയും യൂറോപ്പിന്റെയും പ്രതിഷേധത്തിനു മുന്നില്‍ അമേരിക്ക പ്രതിരോധത്തിലായിരിക്കുകയാണ്. ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും യു.എസ് എംബസിക്കുമുന്നില്‍ പ്രതിഷേധ റാലി നടന്നു. ട്രംപിന്റെ ധിക്കാരത്തിന് കനത്ത മറുപടി നല്‍കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിഡോഡോ യു.എസ് നടപടിയെ അപലപിച്ചിട്ടുണ്ട്. ജക്കാര്‍ത്തയിലെ യു.എസ് അംബാസഡറോട് അദ്ദേഹം വിശദീകരണം തേടിയിരുന്നു.
ഇസ്തംബൂളിലെ യെനികാപ്പി ചത്വരം തുര്‍ക്കി, ഫലസ്തീന്‍ പതാകകളുടെ കടലായി മാറി. പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് ഇസ്്‌ലാമിക് രാജ്യങ്ങളുടെ അടിയന്തര ഉച്ചകോടി ചേരണമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടു. മൊറോക്കന്‍ തലസ്ഥാനമായ റബാത്തില്‍ ട്രംപിനെതിരെ ഇന്നലെയും പ്രതിഷേധ റാലി തുടര്‍ന്നു.
ജീവിതത്തിന്റെ വിവിധ തുറകളില്‍ പെട്ട പതിനായിരങ്ങള്‍ റാലിയില്‍ അണിനിരന്നു. ഈജിപ്തിലെ വിവിധ നഗരങ്ങളില്‍ നടന്ന പ്രതിഷേധ റാലികളില്‍ അല്‍അസ്ഹര്‍ സര്‍വകലാശാല വിദ്യാര്‍ത്ഥികളും പ്രൊഫസര്‍മാരും പങ്കെടുത്തു.
പാകിസ്താനിലെ കറാച്ചിയില്‍ യു.എസ് കോണ്‍സുലേറ്റിലേക്ക് നടന്ന മാര്‍ച്ച് പൊലീസ് തടഞ്ഞു.