കിഴക്കമ്പലം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ട്വന്റി 20 ജയിച്ച നാലു പഞ്ചായത്തുകളിലും അധ്യക്ഷ പദങ്ങളില്‍ വനിതകള്‍. എല്ലാ അംഗങ്ങളും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കിഴക്കമ്പലം, ഐക്കരനാട്, കുന്നത്തുനാട്, മഴുവന്നൂര്‍ പഞ്ചായത്തുകളിലാണ് ഇത്തവണ ട്വന്റി 20 പിടിച്ചടക്കിയിരുന്നത്.

കിഴക്കമ്പലത്ത് മിനി രതീഷ് ആണ് പഞ്ചായത്ത് പ്രസിഡണ്ട്. വൈസ് പ്രസിഡണ്ട് ജിന്‍സി അജി. ഐക്കരനാടില്‍ ഡീനാ ദീപകാണ് പ്രസിഡണ്ട്. ലൗലി ലൂയിസ് വൈസ് പ്രസിഡണ്ട്. നിതമോള്‍ എവിയാണ് കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡണ്ട്. റോയ് ഔസേപ്പ് വൈസ് പ്രസിഡണ്ട്. മഴുവന്നൂര്‍ പഞ്ചായത്ത് അധ്യക്ഷയായി ബിന്‍സി ബൈജുവാണ് അധികാരമേറ്റത്. മേഘ മരിയ ബേബിയാണ് വൈസ് പ്രസിഡണ്ട്.

അധികാരം പിടിച്ച നാലു പഞ്ചായത്തുകളെ കൂടാതെ വേങ്ങോലയിലും ട്വന്റി 20 മത്സരിച്ചിരുന്നു. വാഴക്കുളം, വടവുകോട് ബ്ലോക്ക് പഞ്ചായത്തുകളിലേക്കും വെങ്ങോല, കോലഞ്ചേരി ജില്ലാ പഞ്ചായത്തുകളിലേക്കും ട്വന്റി20 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചു വിജയിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ട്വന്റി20 പ്രഖ്യാപിച്ചിട്ടുണ്ട്.